
ഏതാനും ദിവസങ്ങൾക്കു മുൻപാണ് പുകവലി ഉപേക്ഷിക്കാൻ ഒരു വ്യത്യസ്തമായ മാർഗ്ഗം സ്വീകരിച്ച ആളുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നത്. പുകവലിയിൽ നിന്ന് രക്ഷപ്പെടാൻ റഷ്യക്കാരനായ ഒരു മനുഷ്യൻ സ്വന്തം തല കിളിക്കൂടിന് സമാനമായ ഒരു കൂട്ടിൽ പൂട്ടിയിട്ടിരിക്കുന്നു എന്നായിരുന്നു ചിത്രത്തോടൊപ്പം ഉണ്ടായിരുന്ന കുറിപ്പിൽ പറയുന്നത്. എന്നാൽ ഈ ചിത്രങ്ങൾ സത്യമാണോ അതോ വ്യാജമാണോ എന്ന രീതിയിലുള്ള സംശയം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാൽ, ഈ പോസ്റ്റ് സംബന്ധിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത് ഇത് യഥാർത്ഥ ചിത്രമാണെന്നാണ്. പക്ഷേ, ചിത്രത്തിൽ കാണുന്ന മനുഷ്യൻ റഷ്യക്കാരനല്ല മറിച്ച് തുർക്കിക്കാരനാണ് . മാത്രമല്ല ഈ സംഭവത്തിന് ഏതാനും വർഷത്തെ പഴക്കമുണ്ടെന്നും ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
ഇബ്രാഹിം യുസെൽ എന്ന തുർക്കിയിലെ കുതഹ്യ നഗരത്തിൽ നിന്നുള്ള വ്യക്തിയാണ് ഇത്തരത്തിൽ തല ലോഹ കൂട്ടിലടച്ച് പുകവലിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമം നടത്തിയത്. ഇദ്ദേഹത്തിന്റെ പിതാവ് ശ്വാസകോശ അർബുദം ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഇങ്ങനെ ഒരു ശ്രമത്തിലൂടെ തന്റെ പുകവലി ഉപേക്ഷിക്കാൻ ഇബ്രാഹിം ശ്രമം നടത്തിയത്.
ഇബ്രാഹിമിനെക്കുറിച്ചുള്ള വാർത്ത ആദ്യമായി പ്രസിദ്ധീകരിച്ചത് ഹുറിയറ്റ് ഡെയ്ലി ന്യൂസ് ആണ് . ഇരുപത് വർഷത്തിലേറെയായി പ്രതിദിനം രണ്ട് പാക്കറ്റ് സിഗരറ്റ് വലിച്ചുതീർക്കുമായിരുന്ന ഇബ്രാഹിം ഇതിൽനിന്നും രക്ഷപ്പെടാൻ മറ്റൊരു മാർഗ്ഗവും കാണാതായപ്പോഴാണ് സ്വന്തം തല കൂടിനുള്ളിലാക്കി പൂട്ടിയതന്നാണ് അന്ന് ഹുറിയറ്റ് ഡെയ്ലി ന്യൂസ് റിപ്പോർട്ട് ചെയ്തത്. മോട്ടോർ സൈക്കിൾ ഹെൽമറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഇദ്ദേഹം ഈ കൂട് നിർമ്മിച്ചത്. തുടർന്ന് കൂടിന്റെ കീ അദ്ദേഹം കുടുംബാംഗങ്ങളെയും ഏൽപ്പിച്ചു. എന്നാൽ പിന്നീട് ഇത് സംബന്ധിച്ച വാർത്തകൾ ഒന്നും പുറത്ത് വരാത്തത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ ശ്രമം വിജയിച്ചോ എന്നതിൽ വ്യക്തതയില്ല.






