
ന്യൂഡല്‍ഹി: മുന്‍ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ നവജോത് സിങ്ങ് സിദ്ദു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിലാകും ഇദ്ദേഹം മത്സരിക്കുക.
റിപ്പോര്‍ട്ടുകള്‍ പ്രകാരം കിഴക്കന്‍ അമൃത്സര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. ഇന്നലെ അദ്ദേഹം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുപ്പത് മിനിട്ടാണ് ചര്‍ച്ച നടത്തിയത്. ഇതോടെ അടുത്ത് തന്നെ പാര്‍ട്ടി പ്രവേശനവും ഉണ്ടായിരിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ നവജോത് കൗര്‍ സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബിജെപിയുടെ രാജ്യസഭ എംപി സ്ഥാനം കുറച്ച് നാള് മുന്‍പ് അദ്ദേഹം രാജി വച്ചിരുന്നു. മുന്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ 26 സീറ്റില്‍ 20 സീറ്റും ബിജെപിക്ക് ലഭിച്ചിരുന്നു നാല് സീറ്റുമാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. നോട്ട് അസാധുവാക്കല്‍ അടക്കമുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച സ്ഥിതിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.






