
കൊച്ചി: സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന് ഈ മാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 17-നു തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോര്‍ട്ട് കൈമാറും. 350 പേജുകളാണു റിപ്പോര്‍ട്ടിനുള്ളത്.
2020 നവംബര്‍ അഞ്ചിനാണു ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായി മൂന്നംഗസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, റിട്ട. ഡി.ജി.പി: ജേക്കബ് പുന്നൂസ് എന്നിവരാണു മറ്റംഗങ്ങള്‍. മാര്‍ച്ചില്‍ കമ്മിഷന്റെ കാലാവധി മൂന്നു മാസംകൂടി നീട്ടിനല്‍കിയിരുന്നു.
4.88 ലക്ഷം പരാതികളാണു കമ്മിഷനു ലഭിച്ചത്. അഞ്ഞൂറോളം ശിപാര്‍ശകള്‍ കമ്മിഷന് സര്‍ക്കാരിനു സമര്‍പ്പിക്കും. രണ്ടുവര്‍ഷത്തിനിടെ, സംസ്ഥാനത്തെ വിവിധയിടങ്ങളിലായി എല്ലാ ആഴ്ചയും സിറ്റിങ് നടത്തിയിരുന്നു. ആയിരക്കണക്കിനു പരാതികള്‍ തപാലിലും കിട്ടി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സ്കോളര്‍ഷിപ്പ് കൃത്യമായി കിട്ടുന്നില്ലെന്ന പരാതിയായിരുന്നു കൂടുതലും. സ്കോളര്ഷിപ്പുകളില് ക്രൈസ്തവര്‍ വിവേചനം നേരിടുന്നതായും പരാതിയുണ്ടായി. സിവില്‍ സര്‍വീസ് പ്രവേശനത്തിനുള്ള പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങിയപ്പോള്‍ ക്രൈസ്തവര്‍ക്കു പരിഗണന കിട്ടിയില്ല. കോട്ടയം ജില്ലയില്‍ ഒരെണ്ണം തുടങ്ങിയതുപോലും ക്രൈസ്തവര്‍ താരതമ്യേന കുറഞ്ഞ പ്രദേശത്താണ്. ക്രിസ്ത്യാനിയായി മാറിയെങ്കിലും ജാതി മാറാത്തതിനാല്‍ ആനുകൂല്യങ്ങള്‍ പഴയതുപോലെ ലഭിക്കണമെന്നാണു ദലിത് ക്രൈസ്തവര്‍ പ്രധാനമായി ആവശ്യപ്പെട്ടത്.
മലയോരമേഖലയിലെ കുടിയേറ്റക്കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍, വന്യജീവി ആക്രമണം തുടങ്ങിയ പ്രശ്നങ്ങളും ഉന്നയിക്കപ്പെട്ടു. പ്രകൃതിക്ഷോഭം പതിവായതിനാല്‍ കടലില്‍പ്പോകുന്ന ദിവസങ്ങള്‍ കുറഞ്ഞെന്നും ഇതിനു നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നുമാണു തീരദേശത്തുനിന്നുള്ള പ്രധാന ആവശ്യങ്ങളിലൊന്ന്. കമ്മിഷന്റെ പരിധിയില്‍വരുന്ന വിഷയമല്ലെങ്കിലും ചര്‍ച്ച് ആക്ട് വേണമെന്നും വേണ്ടെന്നുമുള്ള ആവശ്യങ്ങളുമുയര്‍ന്നു. നിയമം വഴി മലങ്കര സഭാതര്‍ക്കം ശാശ്വതമായി പരിഹരിക്കാന്‍ ശിപാര്‍ശ നല്‍കണമെന്ന കാര്യം യാക്കോബായ സഭ ഉന്നയിച്ചു.
സമുദായ സര്‍ട്ടിഫിക്കറ്റുകളിലെ ആശയക്കുഴപ്പമായിരുന്നു മറ്റൊരു പ്രധാനപ്രശ്നം. ലത്തീന്‍ കത്തോലിക്കരില്‍ പലരുടെയും സര്‍ട്ടിഫിക്കറ്റില്‍ റോമന്‍ കാത്തലിക് എന്നാവും ഉണ്ടാകുക. സിറോ മലബാറുകാരുടെ സര്‍ട്ടിഫിക്കറ്റില്‍ സിറിയന്‍ കാത്തലിക് എന്നും. യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളിലും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നു പരാതി വന്നു. മുഖ്യമന്ത്രി പിണറായി വിജയന് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് 2021 ലെ നിയമസഭാ തെരഞ്ഞടുപ്പിനു തൊട്ടുമുമ്പായി കമ്മിഷനെ വച്ചത്.






