
വന്‍ വിവാദമുണ്ടാക്കി മുന്നേറുന്നതിനിടയില്‍ 'ദി കേരളാ സ്റ്റോറി' യുടെ പ്രദര്‍ശനം ബംഗാളില്‍ നിരോധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. വളച്ചൊടിച്ച കഥകള്‍ എന്ന് സിനിമയെ ആക്ഷേപിക്കുകയും ചെയ്തു. ഇന്ത്യയില്‍ സിനിമ നിരോധിക്കുന്ന ആദ്യ സംസ്ഥാനമായിട്ടാണ് ബംഗാള്‍ മാറിയത്.
ചിലപ്രത്യേക സമുദായങ്ങളെ അവമതിക്കാനായി ബിജെപി നുണപ്രചരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന് തിങ്കളാഴ്ച മമത ആക്ഷേപിച്ചതിന് പിന്നാലെയാണ് സിനിമയ്ക്ക് നിരോധനവും പ്രഖ്യാപിച്ചത്. ''കശ്മീര്‍ഫയല്‍സ് അവര്‍ നിര്‍മ്മിച്ചത് എന്തിനാണ്? എന്തിനാണ് കേരളാസ്റ്റോറി അവര്‍ ഉണ്ടാക്കിയത്? ഇതെല്ലാം ഒരു വിഭാഗത്തെ അപമാനിക്കാന്‍ വേണ്ടിയാണ്. ഞാന്‍ സിപിഎം പാര്‍ട്ടിയെ പിന്തുണയ്ക്കുന്നയാളല്ല. അവര്‍ ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ ഞാന്‍ പറയുന്നത് കേരളത്തിലെ ജനങ്ങളെപ്പറ്റിയാണ്. സിനിമയെ വിമര്‍ശിക്കുക എന്നത് കേരളീയരുടെ കര്‍ത്തവ്യമാണ്. കെട്ടിച്ചമച്ച കഥകള്‍ കാണിക്കുന്ന ബിജെപിയോടൊപ്പം ചേര്‍ന്ന് നിങ്ങളുടെ പാര്‍ട്ടി ജോലി ചെയ്യുകയാണെന്ന് കേരളാമുഖ്യമന്ത്രിയോട് വളരെ ഖേദത്തോടെ ഞാന്‍ പറയും.'' ഒരു പരിപാടിയില്‍ പങ്കെടുത്ത് മമത പറഞ്ഞു.
'' സംസ്ഥാനത്തെ സമാധാനവും സാമുദായികഐക്യവും കാത്തുസൂക്ഷിക്കാന്‍ 'ദി കേരളാ സ്മറ്റോറി' എന്ന സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്ന ദൃശ്യങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ക്രമസമാധാന നിലയ്ക്ക് ഭീഷണിയുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നതിനാല്‍ കല്‍ക്കത്തയിലെയും സംസ്ഥാനത്തെ മറ്റിടങ്ങളിലെയും തിയേറ്ററുകളില്‍ ഈ സിനിമയുടെ പ്രദര്‍ശനം നിരോധിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.'' സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്ക് എതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു.
നേരത്തേ തമിഴ്നാട്ടിലെ മള്‍ട്ടിപ്ലക്സുകള്‍ സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തിരുന്നു. സിനിമയുടെ പ്രദര്‍ശനം സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന് പ്രശ്നമാകുമെന്നും പ്രതിഷേധവും നിയമനടപടികളും ഉയര്‍ന്നുവരാനുള്ള സാധ്യതയും മുന്നില്‍ക്കണ്ടാണ് തമിഴ്നാട് മള്‍ട്ടിപ്ലക്സ് അസോസിയേഷന് തീരുമാനം എടുത്തത്. അതേസമയം സിനിമ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്ന് ദിവസം കൊണ്ട് 35 കോടി നേട്ടം ഉണ്ടാക്കിയിരിക്കുകയാണ്. ഉടന്‍ തന്നെ സിനിമ ഒടിടി പ്ലാറ്റ്ഫോമിലും എത്തും സിനിമയുടെ റൈറ്റ് വിറ്റു പോയിട്ടുണ്ട്. മെയ് 12 ന് യുകെ. ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും സിനിമയെത്തും. കേരളത്തില്‍ നിന്നും 32,000 സ്ത്രീകള്‍ ഐഎസ് ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി എന്ന സിനിമയിലെ പരാമര്‍ശമാണ് വിവാദമായി മാറിയിരിക്കുന്നത്.






