
തുടര്‍ച്ചയായി മൂന്ന് ഏകദിനങ്ങളില്‍ പൂജ്യനായി മടക്കം. ഐപിഎല്ലിന് തൊട്ടുമുമ്പ് വരെ സൂര്യകുമാര്‍ യാദവിനെ ക്രിക്കറ്റ് ആരാധകരും ക്രിക്കറ്റ് വിദഗ്ദ്ധരുമായി പരിഹസിച്ചവര്‍ ഏറെയാണ്. എന്നാല്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെതിരേ ഇന്നലത്തെ ഒറ്റ ഇന്നിംഗ്സ് കൊണ്ട് അന്ന് വിമര്‍ശിച്ചവര്‍ക്കെല്ലാം ശക്തമായി മറുപടി പറയാന്‍ സൂര്യകുമാറിന് കഴിഞ്ഞു.
ഓസ്ട്രേലിയയ്ക്ക് എതിരേയുള്ള ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് മത്സരം പൂജ്യത്തിന് മടങ്ങി പൂജ്യത്തിന് മൂന്ന് തവണ പുറത്താകുന്ന ബാറ്റ്സ്മാന് എന്ന നാണക്കേടുമായാണ് സൂര്യ ഐപിഎല്ലിന് എത്തിയത്. അതിന് തൊട്ടുമുമ്പ് നടന്ന ടി20 പരമ്പരയില്‍ താരം നടത്തിയ ബാറ്റിംഗ് വെടിക്കെട്ട് പോലും പരിഗണിക്കാതെയായിരുന്നു സൂര്യയെ ചുറ്റും നിന്ന് ആക്രമിച്ചത്.
ഓസീസിനെതിരേയുള്ള ഭൂതം പിടികൂടിയ താരം ഐപിഎല്ലിലെ ആദ്യ ഏതാനും മത്സരത്തിലും ക്ലിക്കായില്ല. എന്നാല്‍ ഐപിഎല്‍ 2023 സീസണ് പകുതിയെത്തിയതോടെ കഥമാറി. വിരാട്കോഹ്ലിയും ഫാഫ് ഡ്യൂപ്ളെസിയും ബാറ്റിംഗ് നയിക്കുന്ന ആര്‍സിബിയ്ക്ക് എതിരേയുള്ള മത്സരത്തോടെ ലോകത്തെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാന് എന്ന ഖ്യാതിയുമായാണ് സൂര്യകുമാര്‍ യാദവ് വിമര്‍ശനത്തെ മറികടന്നതും മടങ്ങിയതും.
കളിയില്‍ 60 പന്തുകളില്‍ 83 റണ്‍സായിരുന്നു സൂര്യകുമാര്‍ യാദവ് അടിച്ചുകൂട്ടിയത്. ഏഴു ബൗണ്ടറികളും ആറു സിക്സറുകളും പറത്തിയ സൂര്യകുമാര്‍ ഒരു ഘട്ടത്തില്‍ പോലും റണ്‍റേറ്റ് താഴാതെ കാക്കുകയും ചെയ്തു. 34 പന്തുകളില്‍ 52 റണ്‍സ് അടിച്ചുകൂട്ടിയ നേഹല്‍ വധേരയെ ഒപ്പം നിര്‍ത്തി സൂര്യകുമാര്‍ തകര്‍ത്തടിച്ചതോടെ മുംബൈ വിജയം പിടിച്ചെടുത്തു. ഐപിഎല്ലില്‍ 20 ാം അര്‍ദ്ധശതകമാണ് സൂര്യകുമാര്‍ നേടിയത്. ഈ നേട്ടത്തോടെ ട സിക്സറുകളുടെ ശതകം കൂടി താരം പൂര്‍ത്തിയാക്കി. ഐപിഎല്ലില്‍ 102 സിക്സറുകളാണ് താരം നേടിയത്.
ഐപിഎല്ലിലെ അവസാന ഏഴു മത്സരത്തില്‍ നാലിലും സൂര്യകുമാര്‍ അര്‍ദ്ധശതകം കുറിച്ചു. ആദ്യത്തെ ഏതാനും മത്സരങ്ങളിലും മോശം ഫോം തുടര്‍ന്ന സൂര്യകുമാര്‍ യാദവ് പഞ്ചാബ് കിംഗ്സ് ഇലവനെതിരേ 26 പന്തില്‍ 57 അടിച്ചുകൊണ്ടായിരുന്നു തിളങ്ങിത്തുടങ്ങിയത്. പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 12 പന്തില്‍ 23 റണ്‍സ് അടിച്ചു. അടുത്ത മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരേ 29 പന്തുകളില്‍ 55 റണ്‍സ് നേടി. പിന്നാലെ പഞ്ചാബ് കിംഗ്സ് ഇലവനെതിരേ റിട്ടേണ്‍ മാച്ചില്‍ 31 പന്തില്‍ 66 റണ്‍സ് നേടി. ഏറ്റവും അവസാനമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍ ബൗളര്‍മാര്‍ക്കും കണക്കിന് കിട്ടി.
മങ്ങിയ ഫോം തുടരുന്ന നായകന് രോഹിത്ശര്‍മ്മ ഏഴു റണ്‍സിന് പുറത്തായതിന് പിന്നാലെയാണ് സൂര്യകുമാര്‍ ക്രീസില്‍ എത്തിയത്. ആറു വിക്കറ്റിന് 11 പന്തുകള്‍ ബാക്കി നില്‍ക്കേ ടീമിനെ വാങ്കഡേ സ്റ്റേഡിയത്തില്‍ വിജയത്തിലേക്ക് താരം നയിക്കുകയും ചെയ്തു. 20 ഓവറില്‍ ആര്‍സിബി നേടിയ 199 റണ്‍സ് വിജയലക്ഷ്യമാണ് സൂര്യയുടെ ബാറ്റിന് മുന്നില്‍ കീഴടങ്ങിയത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയില മൂന്നാം സ്ഥാനത്തേക്ക് ഉയരാനും മുംബൈയ്ക്കായി. എട്ടുകോടി രൂപയ്ക്കായിരുന്നു മുംബൈ ഇന്ത്യന്‍സ് സൂര്യകുമാറിനെ കരാറാക്കിയത്.





