
തൊടുപുഴ: അവധിക്കാലത്ത് ലൈസന്‍സ് പോലുമില്ലാതെ വാഹനവുമായി നിരത്തിലിറങ്ങി അഭ്യാസം കാണിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെയും വിദ്യാര്‍ഥികളുടെയും എണ്ണം കൂടുന്നു. കഴിഞ്ഞമാസം 6065 വാഹനങ്ങള്‍ പരിശോധിച്ചതില്‍ വിവിധ കേസുകളിലായി 7.1 ലക്ഷം രൂപയാണ് ജില്ലയില്‍ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിഴയീടാക്കിയത്.
പരിശോധനയില്‍ ലൈസന്‍സ് ഇല്ലാെതയും ഹെല്‍മെറ്റ് വയ്ക്കാതെയും വാഹനം ഓടിച്ചതിന് കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേരെ മോട്ടോര്‍ വാഹന വകുപ്പിന്റെ ട്രാഫിക് എന്‍ഫോഴ്സ്മെന്റും വിവിധ ജോയിന്റ് ആര്.ടി.ഒമാരുടെ നേതൃത്വത്തിലുമുള്ള സംഘം പിടികൂടി. ഇതിലേറെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മറ്റും വാഹനവുമായി നിരത്തിലിറങ്ങിയ കുട്ടികളാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു.
* നിയമലംഘനങ്ങള്‍ അനവധി
90 ശതമാനവും െലെസന്‍സ് ഇല്ലാത്തവരാണ്. ഹെല്‍മെറ്റോ സീറ്റ് ബെല്റ്റോപോലും ധരിക്കാതെയാണ് ഇവര്‍ വാഹനമോടിക്കുന്നതും. മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായവരും കുറവല്ല. ഇത്തരക്കാരുടെ ലൈസന്‍സ് ഉടന്‍ സസ്പെന്‍ഡ് ചെയ്യും.
കുട്ടികള്‍ വാഹനം ഓടിക്കുന്നതു കണ്ടാല്‍ ആ വാഹന ഉടമയ്ക്കെതിരെ കേസെടുക്കും. 25,000 രൂപ പിഴയോ മൂന്നു മാസം തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഉറപ്പാക്കുന്ന തരത്തിലാണ് നിലവിലുള്ള നിയമം.
* പരിശോധന കര്‍ശനം
അവധിക്കാലം ആരംഭിച്ചതോടെ നിരത്തുകളില്‍ കുട്ടികളില്‍ വാഹനവുമായി ഇറങ്ങുന്ന പ്രവണത കൂടിയിട്ടുണ്ടെന്ന് ഇടുക്കി എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ: പി.എ. നസീര്‍ പറഞ്ഞു. മുന്‍മാസങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണവും സ്കൂളുകള്‍ അടച്ചശേഷം കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






