
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഉറപ്പുകിട്ടിയതിനെത്തുടര്ന്നാണ് പി.ജി. ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിക്കാന്‍ തീരുമാനമായത്. കൊട്ടാരക്കര ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്ജന് ആയിരുന്ന ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തിനു പിന്നാലെയായിരുന്നു ഡോക്ടര്‍മാരുടെ സമര പ്രഖ്യാപനം. സമരത്തിനു കേരള ജനതയുടെ പൂര്‍ണ മാനസിക പിന്തുണയുമുണ്ടായി. ആരോഗ്യമേഖലയിലെ പണിമുടക്ക്, പ്രത്യേകിച്ചു ഡോക്ടര്‍മാര്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്നതു വലിയ പ്രയാസങ്ങളുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, സമരക്കാരുടെ ആവശ്യങ്ങള്‍ തികച്ചും ന്യായമായിരുന്നതുകൊണ്ട് അവരെ കുറ്റപ്പെടുത്താന്‍ ഒരാള്‍ക്കും കഴിയാതെപോയി.
ആശുപത്രികള്‍ക്കും ജീവനക്കാര്‍ക്കും കാവലും കരുതലും വര്‍ധിപ്പിക്കാന്‍ ഒരു വിലപ്പെട്ട ജീവന് നഷ്ടമാകുന്നതുവരെ കാത്തുനില്ക്കണമായിരുന്നോ എന്ന ചോദ്യമാണ് എല്ലാവര്‍ക്കുമുള്ളത്. മതിയായ സെക്യൂരിറ്റിയുള്ള സ്ഥലങ്ങളില്‍മാത്രമേ ഹൗസ് സര്ജന്മാരെ നിയമിക്കൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി ഡ്യൂട്ടി ചെയ്യാനും ഒ.പി. ബഹിഷ്കരണം തുടരാനും പി.ജി. ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. പി.ജി. ഡോക്ടര്‍മാര്‍, ഹൗസ് സര്ജന്മാര് എന്നിവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിച്ചു പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനമെടുത്തു.
കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രി ആക്രമണങ്ങള്‍ നാട്ടില്‍ തുടര്‍ക്കഥയാണ്. എപ്പോള്‍ വേണമെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പും ഉണ്ടായി. എന്നിട്ടും സുരക്ഷാ സന്നാഹം കാര്യക്ഷമമാക്കുന്നതിനുള്ള ആലോചനയ്ക്കു വന്ദനയെന്ന കണ്ണീര്പ്പൂവ് നെഞ്ചുലയ്ക്കുന്നതുവരെ കാത്തിരിക്കേണ്ടിവന്നതിലുള്ള വേദനയും പ്രതിഷേധവും ഡോക്ടര്‍മാര്‍ക്കു മാത്രമല്ല എല്ലാവരിലുമുണ്ട്. ആശുപത്രി സംരക്ഷണ നിയമം ഭേദഗതിചെയ്ത് ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഡോക്ടര്‍മാരുടെ സംഘടനകളുമായി ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ചര്ച്ചയെത്തുടര്ന്നുള്ള തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണ്. ആശുപത്രി സംരക്ഷണ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള നിര്ദേശങ്ങളാണുണ്ടായിരിക്കുന്നത്. ആശുപത്രികളെ മൂന്നു വിഭാഗങ്ങളായി തിരിച്ചു സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനാണ് ആലോചന.
കാലാനുസൃത മാറ്റങ്ങള്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കി സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ െവെകുന്നതിലുള്ള ആക്ഷേപമേ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ളൂ. മോശമായ സാഹചര്യത്തിലും ആത്മാര്‍ഥമായി പണിയെടുത്താണ് അവര്‍ സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ അഭിമാനത്തോടെ എപ്പോഴും പറയുന്ന കേരള മോഡല്‍ സൃഷ്ടിച്ചെടുത്തത്. എന്തിലും കേരളം ഒന്നാം നമ്പര്‍ ആണെന്നു പറയുമ്പോള്‍ പഴയതുപോലെ െകെയടിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതു നിരന്തര വീഴ്ചകളുടെ ചിത്രം കൂടുതല്‍ വിശാലമാകുന്നതുകൊണ്ടുമാത്രമാണ്. വിവാദ സംഭവങ്ങള്‍ക്കു പിന്നാലെ മാധ്യമശ്രദ്ധ തിരിയുന്നതിനനുസരിച്ചു സര്‍ക്കാരിന്റെ ശ്രദ്ധയും മാറിക്കൊണ്ടേയിരിക്കുന്നു. റോഡിലെ കുഴികളില്‍ വീണ് ആളുകള്‍ മരിക്കുന്നതും ആളുകള്‍ക്കു ഗുരുതര പരുക്കേല്ക്കുന്നതുമായിരുന്നു ഒരു സമയത്തു ചര്‍ച്ചാവിഷയം. ബസുകളുടെ മത്സരയോട്ടം അനാഥമാക്കുന്ന കുടുംബങ്ങള്‍ നിരവധി. കുത്തിവയ്പ്പ് എടുത്തിട്ടും പേ വിഷബാധയേറ്റ് മരണങ്ങളുണ്ടായി. തെരുവനായ ശല്യം നിരന്തര തലവേദനയാണ്. ഇതിനൊക്കെ പുറമേ ഭക്ഷ്യ വിഷബാധ, ലഹരി മാഫിയ, നരബലി, രാഷ്ട്രീയ കൊലപാതകങ്ങള്‍, ജപ്തി ഭീഷണിയെത്തുടര്‍ന്നുള്ള ആത്മഹത്യകള്‍, പ്രണയപ്പക, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങള്‍, സ്ത്രീധനപീഡന മരണങ്ങള്, ട്രെയിന്‍ തീവയ്പ്പ്, ബോട്ട് ദുരന്തം തുടങ്ങി നാടിനെ ആശങ്കയിലാക്കി സംഭവങ്ങള്‍ നിരനിരയായി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. വിവാദം കെട്ടടങ്ങുന്നതുവരെയുള്ള ശ്രദ്ധയും നടപടികളുംമാത്രമാണ് അത്യന്തം ഗൗരവത്തോടെ പരിഗണിക്കേണ്ട ഈ വിഷയങ്ങളില്‍ ഉണ്ടായത്. നാളെകളില്‍ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള ഫലപ്രദമായ നടപടികളോ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനോ സര്‍ക്കാരിനു കഴിയുന്നേയില്ല. നാടിനെ ഞെട്ടിക്കുന്ന മരണങ്ങള് ഉണ്ടാകുമ്പോള്‍ സര്‍ക്കാരും ജനപ്രതിനിധികളും പൊതുസമൂഹവും പുലര്‍ത്തുന്ന അതേ സമീപനംതന്നെയാണ് ഡോക്ടര്‍ വന്ദനയുടെ കാര്യത്തിലും കാണാനായത്. വന്ദനയുടെ മരണം അധികാരികളുടെ കണ്ണു തുറപ്പിച്ചു എന്നുള്ള വിശ്വാസമൊന്നും ജനത്തിനില്ല. തെറ്റുകളും വീഴ്ചയും പാഠമാക്കി ആവര്‍ത്തനം ഉണ്ടാകാത്തവിധം സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയാല്മാത്രമേ എതൊരു ദുരന്തവും പാഠമായി എന്നു പറയാന്‍ കഴിയൂ. ദുരന്തങ്ങളും തുടര്‍ന്നുള്ള അധികാരികളുടെ പ്രഹസനങ്ങളും തനിയാവര്‍ത്തനമാകുന്നു. പിന്നെ എങ്ങനെയാണ് വന്ദനയുടെ രക്ഷസാക്ഷിത്വത്തെത്തുടര്ന്നുള്ള നടപടികളേയും പ്രതീക്ഷയോടെ കാണാനാകുക.





