
ബംഗലുരു: ബിജെപിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നല്കി വന്‍ നേട്ടമുണ്ടാക്കിയ കര്‍ണാടകത്തില്‍ കണക്കിലെ കളികളിലും വിജയിച്ച് കോണ്‍ഗ്രസ്. മോദി പ്രഭാവത്തെയും ഹിന്ദുത്വ തന്ത്രങ്ങളെയും മറികടന്ന് കോണ്‍ഗ്രസ് ഇത്തവണ തങ്ങളുടെ വോട്ടുഷെയറില്‍ വന്‍ വര്‍ദ്ധന ഉണ്ടാക്കിയപ്പോള്‍ ഒരു ദശകമായി ബിജെപിയ്ക്കൊപ്പം നിന്നിരുന്ന പല കേന്ദ്രങ്ങളിലെയും വോട്ടുകള്‍ കൈപ്പത്തിയ്ക്കൊപ്പം പോയി.
2018 ല്‍ ജെ.ഡി.എസുമായി സഹകരിച്ച് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കോണ്‍ഗ്രസ് ഇത്തവണ 47 സീറ്റുകള്‍ അധികമായി നേടി 131 ലേക്ക് ഉയര്‍ന്നപ്പോള്‍ ബിജെപിയ്ക്ക് കയ്യിലിരുന്ന അനേകം സീറ്റുകളാണ് നഷ്ടമായത്. 66 സീറ്റുകളില്‍ മാത്രമായിരുന്നു ഇത്തവണ ബിജെപിയ്ക്ക് നേടാനായത്. കൂട്ടുകക്ഷി ഭരണം പ്രവചിച്ച എക്സിറ്റ് പോളുകളെയും വിസ്മയിപ്പിക്കുന്നതായി കോണ്‍ഗ്രസിന്റെ നേട്ടം.
കിംഗ് മേക്കറാകുമെന്ന് കരുതിയ ജെഡിഎസിന് നേടാനായത് 22 സീറ്റുകളാണ്. അഞ്ചു സീറ്റുകളില്‍ മറ്റുള്ളവരും ജയം നേടി. കോണ്‍ഗ്രസിന്റെ വോട്ടു വിഹിതത്തിലും വന്‍ വര്‍ദ്ധധനവ് ഉണ്ടായി. ഇത്തവണ 42 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസ് ഇത്തവണ നേടിയത്. 2018 ല്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതംം 38.14 ശതമാനമായിരുന്നു. 36.35 ശതമാനം ഉണ്ടായിരുന്ന ബിജെപിയുടെ വോട്ടുഷെയര്‍ ഇത്തവണ 36.1 ശതമാനമായ കുറഞ്ഞു.
കനത്ത തിരിച്ചടി നേരിട്ടത് ജെ.ഡി.എസിനായിരുന്നു. കഴിഞ്ഞ തവണ 18.3 ശതമാനം വോട്ടുഷെയര്‍ ഉണ്ടായിരുന്നിടത്ത് ഇത്തവണ അത് 13.1 ശതമാനമായി കുറഞ്ഞു. ജെ.ഡി.എസിന് നഷ്ടമായ വോട്ടുകള്‍ പോയത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് പോയി. മുമ്പ് നേടിയ ഏഴു ശതമാനം വോട്ടു തന്നെ ഇത്തവണയും മറ്റു പാര്‍ട്ടികള്‍ നേടി. കര്‍ണാടകയിലെ ആറു മേഖലകളില്‍ തീരദേശ മേഖല ഒഴികെയുള്ള എല്ലായിടത്തും കടന്നുകയറാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ബിജെപിയ്ക്ക് സ്വാധീനം ഉണ്ടെന്ന് കണക്കാക്കിയിരുന്ന ബംഗലുരുവിലും ഇത്തവണ കോണ്‍ഗ്രസ് പടയോട്ടം നടത്തുന്നതാണ് കര്‍ണാടകാ തെരഞ്ഞെടുപ്പ് കാട്ടിയത്. ഇതോടെ സമീപകാലത്ത് ബിജെപിയ്ക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടിയായിട്ടാണ് മാറിയത്.






