
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം പിടികൂടി. 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താനായിരുന്നു ശ്രമം.
കരിപ്പൂരിലും വന്‍ സ്വര്‍ണവേട്ടയാണ് ഇന്ന് നടന്നത്. ഇവിടെയും ശരീരത്തിനുള്ളില്‍ വെച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമം നടത്തിയിരുന്നത്. ഇന്ന് രാവിലെയും ഇന്നലെ രാത്രിയുമായി ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന മൂന്നു കിലോയോളം സ്വര്‍ണ്ണമാണ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം മൂന്നു വ്യത്യസ്ത കേസുകളിലാക്കിയ നിലയിലായിരുന്നു. മലപ്പുറം പുല്പറ്റ സ്വദേശിയായ പൂതനാരി ഫവാസില്‍ നിന്നും 1163 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും തൃപ്പനച്ചി സ്വദേശിയായ സലീമില്‍ നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളും നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ് ജാസിമില്‍ നിന്നും 1057 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് പിടികൂടിയത്.






