
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അപകീര്‍ത്തി കേസില്‍ സമന്‍സ് അയച്ച് പഞ്ചാബ് കോടതി. അപകീര്‍ത്തിപരമായ പരാമര്‍ശം ബജ്റംഗ് ദളിനെതിരെ നടത്തി എന്ന കേസിലാണ് സമന്‍സ്. ഹിന്ദു സുരക്ഷാ പരിഷത്ത് സ്ഥാപകനായ ഹിതേഷ് ഭരദ്വാജാണ് 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയത്.
ബജ്റംഗ് ദള്‍ സംഘടനയെ ഭീകര സംഘടനകളായ സിമിയുമായും അല്‍-ഖ്വയിദയുമായും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ പ്രകടനപത്രികയില്‍ താരതമ്യപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. കോടതി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജൂലൈ 10ന് ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ബദ്റംഗ് ദളിനെ ഭീകര സംഘടനകളുമായി താരതമ്യപ്പെടുത്തിയതും വിജയിച്ചാല്‍ നിരോധിക്കുമെന്ന് പറഞ്ഞതും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാര്‍ഗെയ്ക്ക് നേരത്തെ വിശ്വഹിന്ദു പരിഷത്തിന്റെ ഛണ്ഡീഗഢ് യൂണിറ്റും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.






