
കാസര്‍ഗോഡ് ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായ സംഭവത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ടിന് സ്ഥാനക്കയറ്റം. ഡോ. കെ കെ രാജാറാമിനെ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായാണ് നിയമിച്ചിരിക്കുന്നത്. നേരത്തെ ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായ വിഷയത്തില്‍ സൂപ്രണ്ടിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ നടപടി എടുക്കാതെയാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.
ഡോ. രാജാറാമിന് സ്ഥാനക്കയറ്റത്തോടെയാണ് സ്ഥലം മാറ്റം നല്‍കിയിരിക്കുന്നത് . ഇദ്ദേഹം കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി ഈ മാസം 30 നാണ് ചുമതലയേല്‍ക്കുക. നിയമ സേവന അതോറിറ്റി, ആരോഗ്യ വകുപ്പ് എന്നിവരുടെ റിപ്പോര്‍ട്ടില്‍ ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായിട്ട് കൃത്യമായി നന്നാക്കാത്ത സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് വീഴ്ച സംഭവിച്ചെന്ന് പരാമര്‍ശിച്ചിരുന്നു. വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജോസ് ഡിക്രൂസ് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം നല്കിയ അന്വേഷണ റിപ്പോര്‍ട്ടിലും സൂപ്രണ്ടിന്റെ അലംഭാവം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം നാലിന് കേടായ ലിഫ്റ്റ് ഇതുവരേയും നന്നാക്കിയിട്ടില്ല. ഇപ്പോഴും രോഗികളെ ചുമന്നാണ് ആളുകള്‍ മുകളിലേക്ക് കയറ്റുന്നതും ഇറക്കുന്നതും. എറണാകുളത്തെ ഇന്‍ഫ്ര എലിവേറ്റേഴ്സ് എന്ന കമ്പനിക്ക് 14 ലക്ഷം രൂപയ്ക്ക് ലിഫ്റ്റ് നന്നാക്കാന്‍ ടെണ്ടര്‍ നല്‍കിയിട്ടുണ്ട്. ചുരുങ്ങിയത് 20 ദിവസമെങ്കിലും എടുക്കും ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമാകാനെന്നാണ് വിവരം.






