
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്ജന് ആയിരുന്ന ഡോ. വന്ദനാ ദാസ് രോഗിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം സംസ്ഥാനത്തെ ശക്തമായി ബോധ്യപ്പെടുത്തുന്നതായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് അടിയന്തര നടപടിയുണ്ടായത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പുവയ്ക്കുകയും വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തതോടെ ആരോഗ്യപ്രവര്‍ത്തകര്‍ നാളുകളായി ഉന്നയിച്ചിരുന്ന പരാതികള്‍ക്കും ആവശ്യങ്ങള്‍ക്കുമാണു പരിഗണനയുണ്ടായത്. നിയമഭേദഗതികള്‍ ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരുടെയും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളുടെയും സുരക്ഷ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷ നല്കുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണമോ െകെയേറ്റമോ മാത്രമല്ല വാക്കുകള്‍കൊണ്ട് അപമാനിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരമാണ്. ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന രജിസറ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, നഴ്സിങ് വിദ്യാര്‍ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് നിലവില്‍ സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെട്ടിരുന്നത്. പുതുക്കിയ ഓര്‍ഡിനന്‍സില്‍ ഇത്തരം സ്ഥാപനങ്ങളിലെ ഒട്ടുമിക്ക വിഭാഗങ്ങളിലെ ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമമുണ്ട്. പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ തുടങ്ങിയവരേയും ഉള്‍പ്പെടുത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്.
തെറ്റു ചെയ്യുന്നവര്‍ക്കുള്ള ശിക്ഷയും കേസ് അന്വേഷണ ചുമതലയും ആര്‍ക്കായിരിക്കും എന്നെല്ലാം ഓര്‍ഡിനന്‍സില്‍ വ്യക്തം. ക്രൂര ദേഹോപദ്രവത്തിന് ഒരു വര്‍ഷത്തില്‍ കുറയാതെ ഏഴ് വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപയില്‍ കുറയാതെ അഞ്ചു ലക്ഷം രൂപവരെ പിഴയും ലഭിക്കാം. പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് അറുപതു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. വിചാരണയ്ക്ക് ഒരോ ജില്ലയിലും ഒരു കോടതി സ്പെഷല്‍ കോടതിയായി മാറ്റാന്‍ തീരുമാനമെടുത്തു. ഇതു കേസിലെ തുടര്‍നടപടികള്‍ െവെകാതിരിക്കുന്നതിനും കുറ്റക്കാര്‍ വേഗത്തില്‍ ശിക്ഷിക്കപ്പെടുന്നതിനും വഴിയൊരുക്കും. ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് വിജ്ഞാപനം ഇറങ്ങിയശേഷവും ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്ന സംഭവം അരങ്ങേറിയെന്നത് ഈയൊരു വിഷയത്തിന്റെ ഗൗരവം കൂട്ടുന്നതായി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാരെ ബാലരാമപുരം സ്വദേശി െകെയേറ്റം ചെയ്തതിനു കേസുണ്ടായി. ഓര്‍ഡിനന്‍സിനു ശേഷമുള്ള ആദ്യ കേസായി ഇതുമാറുകയും ചെയ്തു.
ആരോഗ്യ പ്രവര്‍ത്തകരുടേയും സ്ഥാപനങ്ങളുടേയും സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ ജനങ്ങള്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ രോഗികളുടെ സുരക്ഷാ പ്രശ്നത്തിലും സര്‍ക്കാരിന്റെ ശ്രദ്ധയുണ്ടാകണമെന്ന അഭ്യര്‍ഥനകള്‍ വരുന്നു. രോഗികളുടെ സുരക്ഷ പരമപ്രധാനമാണെന്നിരിക്കേ ചില ആശുപത്രികള്‍ അശ്രദ്ധമായി വീഴ്ച്ച വരുത്തുന്നതായാണ് ആക്ഷേപം. രോഗികളുടെ ജീവന് അപകടപ്പെട്ടുത്തുന്ന രീതിയില്‍ രോഗനിര്‍ണയത്തിലും ചികിത്സയിലുമുള്ള പിഴവുകള്‍, അനാരോഗ്യകരമായ ആശുപത്രി അന്തരീക്ഷം, ജീവനക്കാരുടെ മോശം പെരുമാറ്റം എന്നിങ്ങനെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പരാതിയേറെ. ഉന്നത നിലവാരം അവകാശപ്പെടുന്ന ആശുപത്രികള്‍ സംസ്ഥാനത്ത് വര്‍ധിക്കുമ്പോഴും നാട്ടിലെ സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. സ്വകാര്യ ആശുപത്രികളിലെ കഴുത്തറപ്പന്‍ ചികിത്സാച്ചെലവ് ഭൂരിപക്ഷത്തിനും താങ്ങാന്‍ കഴിയില്ല. എല്ലാവര്ക്കും പ്രാപ്യമായതും തുല്യതയുള്ളതും താങ്ങാന്‍ കഴിയുന്നതും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനമാണ് ലക്ഷ്യമെന്നു സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, ഈ ദിശയില്‍ ഇനിയും എറെ മുന്നോട്ടുപോകാനുണ്ട്. ആരോഗ്യ മേഖലയ്ക്കു സര്‍ക്കാര്‍ നല്കുന്ന പരിഗണന ഒരു നാടിന്റെയാകെ ആരോഗ്യത്തെയാകും നിര്‍ണയിക്കുക. ഈ വിഷയത്തില്‍ ഇതുവരെ ഉണ്ടായ വീഴ്ച്ചകളും പോരായ്മകളും തിരുത്തി മുന്നേറുന്നതിനെ ആശ്രയിച്ചിരിക്കും ആരോഗ്യപ്രവര്‍ത്തകരുടേയും ഒപ്പം, രോഗികളുടേയും സുരക്ഷ.





