
ചിക്കമംഗളൂരു: സദാചാരപോലീസിംഗില് കര്‍ശനമായ താക്കീത് നല്‍കിയിട്ടും കര്‍ണാടകത്തില്‍ ഒരാഴ്ചയ്ക്കിടയില് രണ്ടാമത്തെ ആക്രമണവും റിപ്പോര്‍ട്ട് ചെയ്തു. മുസ്ലിം യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ബജ്റംഗ് ദള്‍ പ്രവർത്തകനെ 30 പേര് വരുന്ന സംഘം തെരുവിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.
ചിക്കമംഗലുരുവില്‍ അജിത് എന്ന യുവാവാണ് ആക്രമണം നേരിടേണ്ടി വന്നത്. മുടിഗെരെ താലൂക്കിലെ ബണക്കൽ പൊലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന സംഭവത്തില്‍ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുടിഗെരെയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അജിത്ത്. സംഭവത്തില്‍ യുവതി നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു. അക്രമികള്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.
യുവതിക്കൊപ്പം പോകുമ്പോള്‍ ഒരു സംഘമെത്തി അജിത്തിനെ ആക്രമിക്കുകയായിരുന്നു. റോഡിലൂടെ വലിച്ചിഴച്ചുവെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. അതേസമയം ഒരാഴ്ചയ്ക്കിടയില് നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. മെയ് 24 ന് ചിക്കബല്ലാപ്പൂർ ജില്ലയിലും സദാചാര പൊലീസ് ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ചിക്കമംഗളൂരു സാമുദായികമായി ഏറെ വൈകാരികത പ്രകടിപ്പിക്കുന്നവരുടെ ജില്ലയായിട്ടാണ് കര്‍ണാടക ചിക്കമംഗലുരുവിനെ വിലയിരുത്തിയിട്ടുള്ളത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് സീറ്റുകളിലും കോൺഗ്രസ് വിജയിച്ചിരുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി അടക്കമുള്ളവരാണ് വന്‍ തോൽവി ഏറ്റുവാങ്ങിയത്. സദാചാര പോലീസിംഗിന് കര്‍ശനമായി പുതിയ സര്‍ക്കാര്‍ താക്കീത് നല്‍കിയിട്ടുണ്ട്.






