
ന്യൂഡല്‍ഹി: കഷ്ടപ്പെട്ട് നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നും ഇന്ത്യാഗേറ്റിന് മുന്നില്‍ മരണം വരെ നിരാഹാരം ഇരിക്കുമെന്നും ഗുസ്തി താരങ്ങള്‍. ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രക്ഷോഭം നടത്തുന്ന ഗുസ്തി താരങ്ങളെ ഡല്‍ഹി പോലീസ് വലിച്ചിഴയ്ക്കുകയും അവരുടെ ജന്ദര്‍മന്ദറിലെ സമരപ്പന്തല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
വര്‍ഷങ്ങള്‍ കൊണ്ട് തങ്ങള്‍ നേടിയ അഭിമാന സ്തംഭങ്ങളായ മെഡലുകള്‍ എറിഞ്ഞുകളയുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ഗുസ്തി താരങ്ങളായ ബജ്രംഗ് പൂനിയ, വിനീഷ് ഫഗോട്ട്, സാക്ഷി മല്ലിക് എന്നിവരാണ്. തങ്ങള്‍ ഹരിദ്വാറിലേക്ക് പോകുമെന്നും മെഡലുകള്‍ ഗംഗയില്‍ കളയുമെന്നും അതിന് ശേഷം ഡല്‍ഹിയില്‍ വന്ന് ഇന്ത്യഗേറ്റിന് മുന്നില്‍ മരണം വരെ നിരാഹാരം കിടക്കുമെന്നും പറഞ്ഞു.
എന്തിനാണ് ലോകചാംപ്യന്‍ഷിപ്പുകളില്‍ രാജ്യത്തിന് വേണ്ടി ഈ മെഡലുകള്‍ ഞങ്ങള്‍ നേടിയതെന്ന് ആലോചിക്കുകയാണ്. ഞങ്ങള്‍ ആര്‍ക്കുവേണ്ടിയാണോ മെഡല്‍ നേടിയത് ആ രാജ്യം ഞങ്ങഴെ മോശമായിട്ടാണ് ട്രീറ്റ് ചെയ്യുന്നത്. ആദ്യം ഞങ്ങളെ വലിച്ചിഴച്ചു. അതിന് ശേഷം ക്രിമിനലുകളായി മുദ്രകുത്തി. താരങ്ങള്‍ ഹിന്ദിയില്‍ കുറിച്ച പ്രസ്താവനയിലാണ് ഈ വിവരം പറഞ്ഞിരിക്കുന്നത്. ഇത് പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.






