ഇന്ത്യക്കായി ഗുസ്തിയില്‍ രാജ്യാന്തര മെഡലുകള്‍ നേടിയ താരങ്ങളുടെ പ്രതിഷേധ സമരം ഒരുമാസം പിന്നിട്ട് പുതിയ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. മത്സരവേദിയില്‍ വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ ഗംഗാ നദിയിലെക്കു വലിച്ചെറിയുന്നതിനേക്കുറിച്ചു വരെ ആലോചിക്കേണ്ട അവസ്ഥയിലെത്തി അവര്‍. പ്രതീകാത്മകമായ ഈ സമരത്തിന്റെ അര്‍ഥവ്യാപ്തി വളരെയേറെയാണ്. ഹൈന്ദവ വിശ്വാസ പ്രകാരം മരണശേഷം മൃതദേഹം ഗംഗയില്‍ ഒഴുക്കുന്നത് പരേതന്റെ മോക്ഷപ്രാപ്തിക്കായാണ്. ഈ പ്രവൃത്തിയിലൂടെയെങ്കിലും തങ്ങള്‍ മുന്നോട്ടു വച്ച ആവശ്യം സാധിക്കട്ടെ എന്ന ചിന്ത മാത്രമാവില്ല അവരെ ഈ കടുംകൈയിലേക്ക് എത്തിച്ചത്. ഈ രാജ്യത്തിനായി തങ്ങള്‍ നടത്തിയ സേവനവും തങ്ങളുടെ സംഭാവനയും മരണമടഞ്ഞിരിക്കുന്നുവെന്നും മെഡലുകള്‍ ഇനി വെറും മൃതശരീരത്തിനു തുല്യമാണെന്നുമുള്ള ഹൃദയഭേദകമായ ചിന്തയാവും ഗുസ്തിതാരങ്ങളെ ഹരിദ്വാറിലേക്ക് നയിച്ചത്. അവര്‍ ഒറ്റയ്ക്കല്ലെന്നു തെളിയിക്കുന്നതായി ഹരിദ്വാറില്‍ ഗംഗയുടെ കരയില്‍ തടിച്ചുകൂടിയ ജനസഞ്ചയം. വംശിയവെറിയില് പ്രതിഷേധിച്ച് ബോക്സിങ് ഇതിഹാസമായ മുഹമ്മദ് അലി തന്റെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ഒഹായോ നദിയിലേക്ക് വലിച്ചെറിഞ്ഞതിനെ അനുസ്മരിപ്പിക്കുന്ന അതിശക്തമായ പ്രതിഷേധമുറയാണ് ഗുസ്തി താരങ്ങളുടേത്.
ഒരു തരത്തില്‍ ക്രൂരമായ അധിക്ഷേപമാണ് രാജ്യത്തിന്റെ അഭിമാന താരങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ഭരണാധികാരികള്‍ കാണിക്കുന്നത്. പ്രതിഷേധത്തിന്റെ മുന്‍നിരയിലുള്ളത് ചില്ലറക്കാരല്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് വിനേഷ് ഫോഗട്ട്, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും ഒളിമ്പിക്സില്‍ വെങ്കലവും നേടിയ സാക്ഷി മാലിക്ക്, ഒളിമ്പിക്സിലും ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയ ബജരംഗ് പൂനിയ എന്നിവരാണ് സമരത്തിന്റെ മുന്നില്‍. വ്യക്തിപരമായ ഒരു നേട്ടത്തിനുമല്ല അവരുടെ സമരം. ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റ് ആയിരിക്കെ വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ച ബി.ജെ.പി.എം.പി. ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന അവരുടെ ആവശ്യം ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ഇവര്‍ പ്രതിഷേധത്തിനു തുടക്കമിട്ടതാണ്. ഇതേക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കുമെന്ന ഉറപ്പിനെ തുടര്‍ന്ന് അവര്‍ അന്നു സമരത്തില്‍നിന്നു പിന്മാറി. സമിതി ഏപ്രില്‍ അഞ്ചിന് റിപ്പോര്‍ട്ട് സമര്‍പിച്ചെങ്കിലും പരസ്യപ്പെടുത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതായതോടെയാണ് ഏപ്രില്‍ 23-ന് അവര്‍ വീണ്ടും ജന്തര്‍ മന്തറില്‍ സമരം തുടങ്ങിയത്.
രാജ്യാന്തര നേട്ടങ്ങള്‍ കൈവരിച്ച താരങ്ങളുടെ സമരം തുടര്‍ച്ചയായ 38 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇതിനിടയില്‍ വലിയ ആഘോഷത്തോടെ പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത അതേ അവസരത്തില്‍ രണ്ടു കിലോ മീറ്റര്‍ മാത്രം അകലെയായി ഗുസ്തി താരങ്ങള്‍ ഡല്‍ഹിയുടെ തെരുവിലൂടെ വലിച്ചിഴയ്ക്കപ്പെട്ട് പോലീസിന്റെ കസ്റ്റഡിയിലാകുന്നതും രാജ്യം കണ്ടു. മെഡലും നേടി വന്നപ്പോള്‍ ഇതേ വീഥിയിലൂടെ വലിയ സ്വീകരണം ഏറ്റുവാങ്ങി പ്രധാാനമന്ത്രിയുടെ വസതിയിലേക്കു പോയിട്ടുള്ളവരാണവര്. അവിടെ അവരോട് നരേന്ദ്ര മോദി കുശലം ചോദിച്ചു, വാത്സല്യം വാരിച്ചൊരിഞ്ഞു. പക്ഷേ, വിവിധ കേസുകളില്‍ പ്രതിയായ ഒരു ബി.ജെ.പി, എം.പിക്കെതിരേ താരങ്ങള്‍ തിരിഞ്ഞപ്പോള്‍ അവരോട് എന്താണ് പ്രശ്നമെന്നു ചോദിക്കാന്‍ പോലും പ്രധാനമന്ത്രി തയാറാകുന്നില്ല. ഇതു കണ്ട്, രാജ്യത്തിനു വേണ്ടി നേട്ടങ്ങള്‍ കൊയ്യുന്നതിലല്ല, പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിലാണ് കാര്യമെന്ന് കായികരംഗത്തെ വളര്‍ന്നുവരുന്ന തലമുറ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. ഗുസ്തി താരങ്ങളുടെ ആവശ്യങ്ങള്‍ക്കു നേരേ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗതയും മൗനവും വാചാലമാണ്. ''ബേട്ടി ബച്ചാവോ'' എന്ന മുദ്രാവാക്യമുയര്‍ത്തിയ സര്‍ക്കാരാണ് വനിതാ താരങ്ങളുടെ മാനത്തിനു വിലപറഞ്ഞ ഒരുവനെ സംരക്ഷിച്ചുകൊണ്ട് രാജ്യത്തിന്റെ മനഃസാക്ഷിയെ വെല്ലുവിളിക്കുന്നത്. ഇത് ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന പെണ്സമൂഹത്തോടുള്ള അവഹേളനമാണ്.





