
നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഒന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ കാലയളവില്‍ ഇന്ത്യ അതിന്റെ വളര്‍ച്ചയും വികസനഗാഥയും തടസ്സമില്ലാതെ തുടര്‍ന്നു. ഇന്ത്യയുടെ പരിവര്‍ത്തനത്തിന് ഞാന്‍ സാക്ഷിയാണ്. സാധാരണ പൗരന്, ഗവര്‍ണര്‍, രാജ്യത്തിന്റെ രാഷ്ട്രപതി എന്നീ നിലകളിലും ഇപ്പോള്‍ മുന്‍ രാഷ്ട്രപതി എന്ന നിലയിലും ഒന്‍പത് വര്‍ഷത്തിനിടയില്‍ രാജ്യം കടന്നുപോയ എല്ലാ മാറ്റങ്ങളും ഞാന്‍ വളരെ അടുത്ത് നിന്ന് അനുഭവിച്ചിട്ടുണ്ട്.
ഇക്കാലയളവില്‍ ഇന്ത്യ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങളെ ലോകം മുഴുവന്‍ ആകാംക്ഷയോടെ നോക്കിക്കാണുന്നു. അതേസമയം നിരവധി രാജ്യങ്ങള്‍ നമ്മുടെ വിജയഗാഥകള്‍ നടപ്പാക്കി നമ്മുടെ കാലടികള്‍ പിന്തുടരുന്നു. പ്രധാന ആഗോള വേദികളില്‍ ഇന്ത്യയുടെ യശസ്സും ശക്തിയും വളര്‍ന്നുവരുന്നത് കാണുന്നത് വലിയ സംതൃപ്തിയും സന്തോഷവും നല്കുന്നു. വിവിധ ആഗോള വേദികളില്‍ സമാധാനവും സൗഹാര്‍ദവും പ്രചരിപ്പിക്കുന്നതിനും മാനുഷിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യ മുന്നില്‍നിന്ന് നയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സമാധാനവും സഹകരണവും, പരിസ്ഥിതിയും വ്യാപാരവും വാണിജ്യവും തുടങ്ങി എല്ലാ സുപ്രധാന വിഷയങ്ങളിലും ഇന്ത്യയുടെ അഭിപ്രായം ശ്രദ്ധ നേടന്നു. മോദിയുടെ ജപ്പാന്, ഓസ്ട്രേലിയ, ഫിജി സന്ദര്‍ശനവേളയില്‍ നാം ഇക്കാര്യങ്ങള്‍ക്ക് സാക്ഷിയായി.
വിവിധ സുപ്രധാന ജി-20 യോഗങ്ങള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രീതി, അടുത്തിടെ ശ്രീനഗറില്‍ വിജയകരമായി നടത്തിയത് എന്നിവയെല്ലാം രാജ്യാന്തര രംഗത്ത് നമ്മുടെ രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ സൂചിപ്പിക്കുന്നു. ശ്രീനഗറിന് പുറമെ ലഡാക്ക്, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലെ ജി-20 യോഗങ്ങളും ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന തത്വചിന്ത ഉയര്‍ത്തിക്കാട്ടുന്നു.
ഒമ്പത് വര്‍ഷത്തെ ഇന്ത്യയുടെ യാത്രയില്‍, എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത് ദരിദ്രര്‍, പിന്നാക്ക വിഭാഗങ്ങള്‍, കര്‍ഷകര്‍, ഗ്രാമീണര്‍, ദലിത് - ഗോത്ര സമൂഹങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരുടെ ശാക്തീകരണമാണ്. ഇന്ന് ഇന്ത്യയുടെ സ്ത്രീശക്തി ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കുകയാണ്. ഇന്ത്യയുടെ യുവാക്കളുടെ കരുത്ത് ഇന്ന് ലോകം തിരിച്ചറിയുന്നു. സാമൂഹികനീതിയുടെയും ക്ഷേമത്തിന്റെയും കാര്യത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അങ്ങേയറ്റം പ്രതിജ്ഞാബദ്ധമാണ്. കാരണം ഏവര്‍ക്കുമൊപ്പം ഏവരുടെ വികസനം എന്നതു സര്‍ക്കാരിന്റെ തൊഴില്‍ സംസ്കാരത്തിന്റെ മാര്ഗനിര്ദേശകതത്വമാണ്.
ഒമ്പത് വര്‍ഷത്തിനിടെ 48 കോടിയിലധികം പൗരന്മാര്ക്ക് ബാങ്കിങ് സൗകര്യങ്ങള്‍ ലഭ്യമാക്കി. വൈദ്യുതീകരിക്കാത്ത 18,000 ഗ്രാമങ്ങള്‍ക്കും നാലു കോടി വീടുകള്‍ക്കും വൈദ്യുതി ലഭ്യമാക്കി. മൂന്ന് കോടിയിലധികം ദരിദ്രര്‍ക്ക് വീടുകള്‍ ലഭ്യമാക്കി. 11 കോടി കക്കൂസുകള്‍ നിര്‍മിച്ചു. 9.5 കോടിയിലധികം സ്ത്രീകള്‍ക്ക് പാചകവാതക കണക്ഷന് നല്കി. 55 കോടിയിലധികം ഇന്ത്യക്കാരെ ആയുഷ്മാന്‍ ഭാരത് യോജനയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു. ലക്ഷക്കണക്കിന് ഗ്രാമങ്ങളെ ശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലവഴി ബന്ധിപ്പിച്ചു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പ്രതിമാസ പെന്‍ഷനുകള്‍ നല്കുന്നു. കിസാന്‍ സമ്മാന്‍ നിധി യോജനയിലൂടെ 10 കോടിയിലധികം കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നു. 80 കോടിയിലധികം ദരിദ്രര്‍ക്ക് ഉള്‍പ്പെടെ സൗജന്യ റേഷന്‍ നല്കുന്നു.
ഗവണ്മെന്റിന്റെ വിവിധ ഡി.ബി.ടി. പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ഇടനിലക്കാരുടെയോ കമ്മീഷന് ഏജന്റുമാരുടെയോ കെണിയില്‍ വീഴാതെ നേരിട്ട് അവരുടെ അക്കൗണ്ടുകളിലേക്ക് പണം ലഭിക്കുന്നു. വിവിധ സാമൂഹിക ക്ഷേമ പദ്ധതികളിലും പരിപാടികളിലും ഇപ്പോള്‍ വിനിയോഗിക്കുന്ന സര്‍ക്കാര്‍ ഫണ്ടുകളുടെ ചോര്‍ച്ച തടയുന്നതിനും ഇത് സഹായിച്ചു. ഡി.ബി.ടി. വഴി ഇതുവരെ 27 ലക്ഷം കോടിയിലധികം രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി.
കര്‍ഷകരുടെ ആളോഹരി വരുമാനത്തിലും ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും ചരല്‍പ്പാതകളിലൂടെ ബന്ധിപ്പിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വികസനത്തിന്റെ ഇടനാഴികള്‍ നിര്‍മിക്കപ്പെടുമ്പോള്‍ നമ്മുടെ ദേശീയപാതകളുടെ വന്‍ തോതിലുള്ള വിപുലീകരണവും നാം കണ്ടു. അടിസ്ഥാന സൗകര്യവികസനത്തില്‍ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
വളര്‍ച്ചയുടെയും വികസനത്തിന്റെയും എല്ലാ മേഖലകളിലും രാജ്യത്തെ മുന്നോട്ട് നയിക്കുക മാത്രമല്ല, ചരിത്രപരമായി സംഭവിച്ച നിരവധി തെറ്റുകള്‍ തിരുത്തുകയും ചെയ്യുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറെ വിവാദമായ നിരവധി പ്രശ്നങ്ങള്‍ പ്രധാനമന്ത്രി പരിഹരിച്ചു. അയോധ്യയില്‍ മഹത്തായ രാമക്ഷേത്രം വരുന്നു, ജമ്മു കശ്മീരില്‍ അനുചേ്ഛദം 370 റദ്ദാക്കി, ഭീകരവാദത്തിനെതിരേ നിര്‍ണായക പോരാട്ടം നടത്തി, മുത്തലാഖിന്റെ ശാപത്തില്‍നിന്ന് മുസ്ലീം സ്ത്രീകളെ മോചിപ്പിച്ചു തുടങ്ങിയ കാര്യങ്ങള്‍ അവയില്‍ ചിലതാണ്.
കൊളോണിയല്‍ പാരമ്പര്യത്തില്‍നിന്നും മനോഭാവത്തില്‍നിന്നും മുക്തി നേടാനുള്ള ഇന്ത്യയുടെ മുന്നേറ്റത്തിനാണ് ഒമ്പത് വര്‍ഷം ലോകം സാക്ഷ്യം വഹിച്ചത്. റേസ് കോഴ്സ് റോഡ് ഇപ്പോള്‍ ലോക് കല്യാണ്‍ മാര്‍ഗായി. രാജ്പഥ് കര്ത്തവ്യപഥമായി. ദേശീയ സ്മാരകം ഒടുവില്‍ രാജ്യത്തിന് സമര്‍പ്പിച്ചു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മഹത്തായ പ്രതിമ ഇപ്പോള്‍ ചരിത്രപരമായ ഇന്ത്യാ ഗേറ്റിനെ അലങ്കരിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഏകതാപ്രതിമ സര്‍ദാര്‍ പട്ടേലിന് സമര്‍പ്പിച്ചു. രാജ്യത്തിന് അദ്ദേഹം നല്കിയ സംഭാവനകള്‍ ഇപ്പോള്‍ കോടിക്കണക്കിന് ഇന്ത്യക്കാരെ പ്രചോദിപ്പിക്കുന്നു.
ഇന്ത്യ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. എന്നാല്‍, നമ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് മന്ദിരം ബ്രിട്ടീഷ് കാലഘട്ടത്തിലെ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അത് സന്‍സദ് ഭവന് ആയി പ്രവര്ത്തിക്കുന്നതിനുപോലുമല്ല നിര്‍മിച്ചിട്ടുള്ളത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആവശ്യകത വര്‍ഷങ്ങളായി അനുഭവപ്പെടുകയായിരുന്നു. ഒരു എം.പി. എന്ന നിലയില്‍ എനിക്കും ഒരു പുതിയ സന്സദ്ഭവന്റെ ആവശ്യകത തോന്നിയിട്ടുണ്ട്. ഈ വിഷയം പലതവണ ചര്‍ച്ച ചെയ്തെങ്കിലും സുപ്രധാനമായ ഈ ദേശീയ പദ്ധതി ഏറ്റെടുക്കാന്‍ ഒരു ഗവണ്മെന്റും മുന്‍കൈയെടുത്തിരുന്നില്ല.
പ്രധാനപ്പെട്ടതും വെല്ലുവിളി നിറഞ്ഞതുമായ ഈ ദൗത്യം ഏറ്റെടുക്കുക മാത്രമല്ല, നമ്മുടെ പുതിയ പാര്‍ലമെന്റ് മന്ദിരം റെക്കോഡ് സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പാര്‍ലമെന്റ് മന്ദിരത്തില്‍ സ്വാതന്ത്ര്യകാലത്തെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോല്‍ സ്ഥാപിച്ചത് ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെ നിമിഷമാണ് സമ്മാനിക്കുന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ നിരവധി വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയിട്ടുണ്ട്. കൊറോണ മഹാമാരിയുടെ സമയത്ത്, രാജ്യം മോദിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുകയും മാരകമായ വൈറസിനെ പരാജയപ്പെടുത്തുകയും ചെയ്ത രീതി അങ്ങേയറ്റം പ്രശംസനീയമാണ്. പകര്‍ച്ചവ്യാധി, ആഗോള സാമ്പത്തിക മാന്ദ്യം, റഷ്യ-യുക്രൈന് യുദ്ധം എന്നിവ ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളര്‍ച്ച തടസ്സമില്ലാതെ തുടര്‍ന്നു.
നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് കേവലം ഒമ്പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ മികച്ച അഞ്ച് സാമ്പത്തിക വന്‍ ശക്തികളുടെ പട്ടികയില്‍ എത്തിച്ചു. പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പ്രതിരോധ നിര്‍മാണ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പാതയിലാണ് ഇന്ത്യ. നമ്മുടെ അതിര്‍ത്തികള്‍ ശക്തിപ്പെടുത്തുന്നതിലും സര്‍ക്കാര്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന ഗ്രാമീണരുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ഊര്‍ജസ്വല ഗ്രാമം പദ്ധതി ഈ ദിശയിലുള്ള അത്തരമൊരു പ്രധാന സംരംഭമാണ്.
മുന്‍ ഗവണ്മെന്റുകള് ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നിരവധി പ്രധാന പദ്ധതികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. മുന്‍ കോണ്‍ഗ്രസ് ഗവണ്മെന്റുകള് ആരംഭിച്ച ഇത്തരം 400-ലധികം പദ്ധതികള്‍ പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുകയായിരുന്നു. ചുമതലയേറ്റയുടനെ മുടങ്ങിക്കിടക്കുന്ന ഈ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി നരേന്ദ്ര മോദി പ്രത്യേക ദൗത്യസംഘത്തിനു രൂപംനല്കി. ഈ പദ്ധതികളെല്ലാം പൂര്‍ത്തീകരിക്കുന്നതിന് നാം സാക്ഷിയായി.
ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന പ്രതീക്ഷയുടെയും അഭിലാഷങ്ങളുടെയും വിശ്വാസത്തിന്റെയും കാലമായാണ് കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളെ ഞാന്‍ കാണുന്നത്. പുരോഗതി, പരിസ്ഥിതി, മാനവികത, സാമൂഹിക ക്ഷേമം എന്നിവയുടെ ശ്രദ്ധേയമായ സംഗമം കൂടിയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങള്‍. 2047-ല്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ഭാവിയുടെ ശക്തമായ അടിത്തറ ഈ കാലയളവ് രേഖപ്പെടുത്തി. രാഷ്ട്രസേവനത്തിനായി സ്വയം സമര്‍പ്പിക്കുകയും ഇന്ത്യയെ വിശ്വഗുരുവെന്ന ഉന്നതപീഠത്തില്‍ പ്രതിഷ്ഠിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യേണ്ട സമയമാണിത്.
രാംനാഥ് കോവിന്ദ് (മുന്‍ രാഷ്ട്രപതി)




