നിയമം കാക്കേണ്ട കരങ്ങള്‍ തന്നെ കൊലക്കയറായി മാറുമ്പോള്‍ ജനജീവിതം എത്രമേല്‍ ഭീഷണി നേരിടുമെന്നതിന്റെ നേര്‍ചിത്രമായിരുന്നു സാത്താന്‍കുളം കസ്‌റ്റഡി കൊലപാതകം. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം, ക്രൂരമായ ആ നരനായാട്ടിന് ഉത്തരവാദികളായ ഒന്‍പത് പോലീസുകാര്‍ക്ക് മധുര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിക്കുമ്പോള്‍, അത് വെറുമൊരു വിധിന്യായമല്ല;മറിച്ച്, അധികാരത്തിന്റെ തണലില്‍ ആരെയും കൊന്നുതള്ളാമെന്ന് കരുതുന്നവര്‍ക്കുള്ള കനത്ത താക്കീതാണ്. തമിഴ്‌നാട്ടിലെ സാധാരണക്കാരായ പി. ജയരാജും മകന്‍ ബെനിക്‌സും അനുഭവിച്ച നിശബ്‌ദമായ ആ വേദനയ്‌ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്‌ഥ നല്‍കിയ ഈ മറുപടി 'അപൂര്‍വങ്ങളില്‍ അപൂര്‍വം' എന്ന വിശേഷണത്തിന് എല്ലാ അര്‍ത്ഥത്തിലും അര്‍ഹമാണ്.
ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കട തുറന്നു എന്ന നിസാര കുറ്റാരോപണത്തിന്റെ പേരിലായിരുന്നു ഒരു അച്‌ഛനെയും മകനെയും പോലീസ് സ്‌റ്റേഷനിലേക്ക് വലിച്ചിഴച്ചത്. അധികാരത്തിന്റെ ലഹരി തലയ്‌ക്കു പിടിച്ച പോലീസുകാര്‍ ആ രാത്രി മുഴുവന്‍ അവരെ ക്രൂരമായി വേട്ടയാടി. നിയമം പഠിപ്പിക്കേണ്ടവര്‍ തന്നെ നിയമത്തെ വെല്ലുവിളിച്ചപ്പോള്‍, ജീവനുവേണ്ടിയുള്ള ആ മനുഷ്യരുടെ നിലവിളി സ്‌റ്റേഷന്‍ ചുമരുകള്‍ക്കുള്ളില്‍ ഒടുങ്ങി. കേവലം ശിക്ഷാ നടപടികള്‍ക്കപ്പുറം, ഈ കേസിലെ ഗൂഢാലോചനയും ക്രൂരതയും അക്കമിട്ട് നിരത്തിയാണ് കോടതി വധശിക്ഷ പ്രഖ്യാപിച്ചത് എന്നത് ശ്രദ്ധേയമാണ്. ജീവപര്യന്തം തടവ് ഇത്തരം ക്രിമിനലുകള്‍ക്ക് മതിയാകില്ലെന്ന കോടതിയുടെ നിരീക്ഷണം പോലീസ് സേനയ്‌ക്കുള്ളിലെ ജീര്‍ണതയ്‌ക്കേറ്റ പ്രഹരമാണ്.
പോലീസ് സേനയിലെ ക്രിമിനല്‍വല്‍ക്കരണത്തെക്കുറിച്ചുള്ള ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് ഈ വിധി വീണ്ടും വഴിമരുന്നിടുന്നു. സുപ്രീം കോടതിയുടെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടായിട്ടും സ്‌റ്റേഷനുകള്‍ ഇടിമുറികളായി മാറുന്നത് എന്തുകൊണ്ടാണ്? യൂണിഫോമിട്ടാല്‍ തങ്ങള്‍ നിയമത്തിന് മുകളിലാണെന്ന മിഥ്യാധാരണ ചില ഉദ്യോഗസ്‌ഥരിലെങ്കിലും വേരോടിയിട്ടുണ്ട്. പ്രതികള്‍ വിദ്യാഭ്യാസമുള്ള ഉദ്യോഗസ്‌ഥരായിരുന്നിട്ടും ഇത്രയും നിഷ്‌ഠൂരമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു എന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വേലി തന്നെ വിളവു തിന്നുന്ന ഈ അവസ്‌ഥ ജനാധിപത്യ സമൂഹത്തിന് അപമാനകരമാണ്.
നീതി നടപ്പിലാക്കുന്നതില്‍ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. കോടതി നേരിട്ട് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അധികാരത്തിന്റെ സ്വാധീനമുപയോഗിച്ച് ഈ കേസ് എന്നേ കുഴിച്ചുമൂടപ്പെടുമായിരുന്നു. അമേരിക്കയിലെ ജോര്‍ജ് ഫേ്ലായിഡ് കേസിനോട് ഈ സംഭവത്തെ ഉപമിച്ച കോടതിയുടെ നടപടി, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയുള്ള ആഗോള പോരാട്ടത്തിന്റെ ഭാഗമായി ഇതിനെ കാണാന്‍ പ്രേരിപ്പിക്കുന്നു. കേവലം ഒരു ശിക്ഷ എന്നതിലുപരി, ഭാവിയില്‍ ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരു ശക്‌തമായ 'പ്രതിരോധം' ആയി ഈ വിധിയെ കാണേണ്ടതുണ്ട്.
ശിക്ഷകള്‍ കൊണ്ടുമാത്രം മാറ്റാന്‍ കഴിയുന്നതല്ല പോലീസ് സ്‌റ്റേഷനുകളിലെ ഈ ഹിംസാത്‌മക സ്വഭാവം. പോലീസ് സേനയുടെ ഘടനയിലും പരിശീലനത്തിലും മനോഭാവത്തിലും ആഴത്തിലുള്ള മാറ്റങ്ങള്‍ അനിവാര്യമാണ്. ലോക്കപ്പുകളില്‍ സി.സി.ടിവി ക്യാമറകള്‍ സ്‌ഥാപിക്കണമെന്ന ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പോലീസിനെ ജനങ്ങളുടെ മിത്രമായി കാണേണ്ടതിന് പകരം, ഭയത്തോടെ കാണേണ്ടി വരുന്ന സാഹചര്യം മാറണം. സാത്താന്‍കുളം വിധി നീതിപീഠത്തിലുള്ള സാധാരണക്കാരന്റെ വിശ്വാസം വീണ്ടെടുക്കുന്നുണ്ടെങ്കിലും, ഇനിയൊരു ജയരാജും ബെനിക്‌സും ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടം ജാഗ്രത പാലിക്കേണ്ടതുണ്ട്. നിയമം കൈയിലെടുക്കുന്നവന്‍ എത്ര ഉന്നതനായാലും നിയമത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്ന സത്യം ഈ വിധി ഊട്ടിയുറപ്പിക്കുന്നു.



