
തിരുവനന്തപുരം: കേസില്‍പ്പെട്ട ഹാരിസണ്‍സ് പ്ലാന്റേഷന് തുറക്കാനുള്ള ഫയലില്‍ അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വത്തെക്കൊണ്ട് ഒപ്പിടുവിച്ചതു തൊഴില്‍മന്ത്രിയായിരുന്ന പി.കെ. ഗുരുദാസനാണെന്ന വെളിപ്പെടുത്തലുമായി സി.പി.ഐ. നേതാവും മുന്‍മന്ത്രിയുമായ സി. ദിവാകരന്.
ഫയല്‍ ഒപ്പുവയ്ക്കരുതെന്നു താന്‍ വിലക്കിയെങ്കിലും ഗുരുദാസന്റെ നിര്‍ബന്ധത്തിനു വഴങ്ങിയ ബിനോയ് അതവഗണിച്ചെന്നും 'കനല്‍വഴികളിലൂടെ' എന്ന ആത്മകഥയില്‍ ദിവാകരന് വെളിപ്പെടുത്തുന്നു. പുസ്തകം നാളെ മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്യും.
ഹാരിസണ്‍സ് തോട്ടം ദീര്‍ഘനാളായി പൂട്ടിക്കിടന്നതിനാല്‍ തൊഴിലാളികള്‍ പട്ടിണിയിലായിരുന്നു. തോട്ടം തുറക്കാന്‍ ഗുരുദാസന് ഇടപെട്ടു. എന്നാല്‍, അതിനുള്ള ഫയല്‍ വനംമന്ത്രി അംഗീകരിക്കണമായിരുന്നു. മന്ത്രിസഭായോഗം നടക്കവേ ഫയലില്‍ ബിനോയിയെക്കൊണ്ട് ഒപ്പിടുവിക്കാന്‍ ഗുരുദാസന് ശ്രമിച്ചു.
ബിനോയ് അഭിപ്രായം ചോദിച്ചപ്പോള്‍, ഒപ്പിടരുതെന്നായിരുന്നു തന്റെ നിര്‍ദേശം. എന്നാല്‍, അതു കൂട്ടാക്കാതെ ബിനോയ് ഒപ്പിട്ടു. ഇതോടെ, വന്കിടതോട്ടമുടമയെ സംരക്ഷിക്കാന്‍ വനംമന്ത്രി കൂട്ടുനിന്നെന്ന പ്രചാരണമുണ്ടായി. വി.എസ്. സര്‍ക്കാരിനെതിരേ ഒരാരോപണവും ഉണ്ടാവില്ലെന്നു ധരിച്ചവര്‍ ഇതോടെ നിരാശരായി.
മൂന്നാറില്ത്തട്ടി വി.എസ്. മന്ത്രിസഭ തകര്ന്നേനേ
മൂന്നാറിലെ ഭൂമി കൈയേറ്റമൊഴിപ്പിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നിയോഗിച്ച മൂന്ന് ഉദ്യോഗസ്ഥരില്‍ രണ്ടുപേര്‍ ശക്തമായ നടപടി സ്വീകരിക്കുന്നവരായിരുന്നു. രാജു നാരായണസ്വാമി അതിബുദ്ധിമാനാണ്; എന്നാല്‍, ഭരണനിര്‍വഹണത്തില്‍ വട്ടപ്പൂജ്യവും. സുരേഷ്കുമാര്‍ കരുത്തനായ ഉദ്യോഗസ്ഥനാണെങ്കിലും ചില സമയങ്ങളില്‍ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലാണ്.
ഋഷിരാജ് സിങ് അഴിമതിരഹിതനും സമര്‍ഥനുമാണ്. എന്നാല്‍, മൂന്നാര്‍ വിഷയത്തില്‍ സംയമനവും സാഹചര്യപഠനവും നടത്താന്‍ കഴിയാതെപോയി. െകെയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പോയവരെ നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടായി. പ്രമുഖരായ പലരും മൂന്നാറില്‍ െകെയേറ്റം നടത്തിയിട്ടുണ്ടെന്നതു യാഥാര്‍ഥ്യമാണ്. മറ്റുള്ളവരുടെ െകെയേറ്റം ഒഴിപ്പിക്കുന്ന ബുള്‍ഡോസര്‍ എന്തുകൊണ്ട് രാഷ്ട്രീയകക്ഷികളുടെ മന്ദിരങ്ങള്ക്കുനേരേ തിരിയുന്നില്ലെന്ന ചോദ്യമുയര്‍ന്നു. മൂന്നാറില്ത്തട്ടി മന്ത്രിസഭ തകരാന്‍ പാടില്ലെന്നു തീരുമാനിച്ചതോടെ ആ അധ്യായമടഞ്ഞു.
അതൃപ്തനായ വി.എസ്. ആക്രമണകാരിയായി
മുഖ്യമന്ത്രിയായിരുന്ന തന്നെ ഏതോ ഗൂഢാലോചനയുടെ ഭാഗമായി പ്രതിപക്ഷത്തിരുത്തിയെന്ന ചിന്ത വി.എസിനെ അലട്ടിയിരുന്നു. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ഒരു സാധാരണ എം.എല്‍.എയായി അദ്ദേഹം നിയമസഭയില്വന്നു. വി.എസിന്റെ ആ അവസ്ഥയില്‍ തനിക്ക് അതിയായ ദുഃഖമുണ്ടായി.
എത്ര ക്രൂരമാണു ചിലപ്പോള്‍ രാഷ്ട്രീയം? മുഖ്യമന്ത്രിയെന്ന നിലയില്‍ ശാന്തനും സൗമ്യനുമായിരുന്ന വി.എസ്, പ്രതിപക്ഷത്തെത്തിയപ്പോള്‍ ശക്തനായ ആക്രമണകാരിയായി. കേവലം 500-നും 1000-നും ഇടയിലുള്ള വോട്ടില്‍ എല്‍.ഡി.എഫിനു നാല് സീറ്റ് നഷ്ടമായതിന്റെ രാഷ്ട്രീയനിഗൂഢത ഇന്നും കേരളം ചര്‍ച്ചചെയ്യുന്നു.
കന്യാസ്ത്രീയോട് തോന്നിയ പ്രണയം
യൂണിവേഴ്സിറ്റി കോളജിലെ പഠനകാലത്ത് ഒരു കന്യാസ്ത്രീയോടു തോന്നിയ കടുത്തപ്രണയമടക്കം പല തുറന്നുപറച്ചിലുകളും ദിവാകരന്റെ ആത്മകഥയിലുണ്ട്. ക്ലാസില്‍ രണ്ട് കന്യാസ്ത്രീകളുണ്ടായിരുന്നു. അതില്‍ സിസ്റ്റര്‍ ബെഞ്ചമിന്‍ മേരിയോടാണു പ്രണയം തോന്നിയത്.
അത് തുറന്നുപറഞ്ഞപ്പോള്‍ സിസ്റ്റര്‍ മൂന്നുദിവസം അവധിയെടുത്തു. അവര്‍ താമസിച്ചിരുന്ന ബഥനി ഹോസ്റ്റലിന്റെ മതില് ചാടിക്കടക്കാന്വരെ ശ്രമിച്ചു. ഒടുവില്‍ ക്ലാസില്‍ തിരിച്ചെത്തിയ സിസ്റ്റര്‍, വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ തനിക്കു മറുപടി പറയാന്‍ കഴിഞ്ഞില്ലെന്നും ഏറ്റുപറയുന്നു.
തിരുവനന്തപുരം ലോക്സഭാ സീറ്റ് സ്വതന്ത്രനു നല്കിയതു സി.പി.ഐ. നേതാക്കള്‍ കോഴവാങ്ങിയാണെന്ന ആരോപണത്തിനും ആത്മകഥയില്‍ മറുപടിയുണ്ട്. ഡോ. ബെന്നറ്റ് ഏബ്രഹാം എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്ഥിയായതോടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ സംശയമുയര്‍ന്നു. ജില്ലയുടെ ചുമതലക്കാരനായ തനിക്ക് ഇതില്‍ ഉത്തരവാദിത്വമുണ്ടെന്ന് പ്രചാരണമുണ്ടായി.
പാര്‍ട്ടി അനേ്വഷണ കമ്മിഷന് തനിക്കു ജാഗ്രതക്കുറവുണ്ടായെന്നു ചൂണ്ടിക്കാട്ടി. മറ്റെല്ലാം വ്യാജപ്രചാരണമാണെന്നു പാര്‍ട്ടി വ്യക്തമാക്കിയതോടെ പ്രശ്നം അവസാനിച്ചു. ഈ വിവാദത്തില്‍ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയെ പാര്‍ട്ടി പുറത്താക്കി. മുന്‍ ജില്ലാ സെക്രട്ടറി പി. രാമചന്ദ്രന് നായര്‍ സി.പി.എമ്മിലേക്കു പോയി. സി. ദിവാകരനെ തരംതാഴ്ത്തിയെങ്കിലും മറ്റു നടപടികള്‍ ഒഴിവാക്കി.
കഥ തുടരും
സി.കെ. ചന്ദ്രപ്പനുശേഷം തന്നെ സംസ്ഥാന സെക്രട്ടറിയാക്കാനുള്ള കേന്ദ്രനീക്കം സംസ്ഥാനനേതാക്കള്‍ അട്ടിമറിച്ചെന്നു ദിവാകരന് കുറ്റപ്പെടുത്തുന്നു. പ്രായപരിധിയുടെ കടമ്പയിട്ട് തന്നെ കഴിഞ്ഞ സമ്മേളനകാലത്തു കാനം പക്ഷം വെട്ടിയതാണെന്ന് ഒളിയമ്പെയ്യുന്ന അദ്ദേഹം പാര്‍ട്ടിയിലെ പോരും പ്രശ്നങ്ങളുമെല്ലാം പിന്നാലെയെഴുതുമെന്നും വ്യക്തമാക്കുന്നു.






