
''നീ കഴുകനെപ്പോലെ ഉയര്‍ന്നു പറന്നാലും നക്ഷത്രങ്ങളുടെയിടയില്‍ കൂടുകൂട്ടിയാലും അവിടെനിന്നു നിന്നെ ഞാന്‍ താഴെയിറക്കും'' (ഒബാദിയ 1:4) ഏദോമിനുള്ള ശിക്ഷയെ കുറിച്ച് ദൈവം പഴയനിയമത്തില്‍ പറയുന്ന വാചകമാണിത്. ജലന്ധര്‍ ബിഷപ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കലിനെ വത്തിക്കാന്‍ പടിയിറക്കിയപ്പോള്‍ ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായതും ഇതേ വാചകമായിരുന്നു. കത്തോലിക്കാ സഭയില്‍ ശക്തനും രാഷ്ട്രീയ കൂട്ടുകെട്ടുകൊണ്ടും കുമിഞ്ഞുകൂടിയ പണം കൊണ്ടും എന്തും ചെയ്യാമെന്ന ധാര്ഷ്ട്യത്തില് ജീവിച്ച ഒരു പുരോഹിതന് വത്തിക്കാന്‍ നല്കിയ ഏറ്റവും കുറഞ്ഞ ശിക്ഷയായിരുന്നു ജലന്ധര്‍ ബിഷപ് സ്ഥാനത്തുനിന്ന് ചോദിച്ചുവാങ്ങിയ രാജി.
കന്യാസ്ത്രീ നല്കിയ ബലാത്സംഗ കേസില്‍ ഫ്രാങ്കോ നിയമത്തിന്റെ നൂലാമാലകളില്‍ തൂങ്ങി, സാങ്കേതിക പിഴവുകളുടെ പേരില്‍ രക്ഷപ്പെട്ടുവെങ്കിലും വത്തിക്കാന്‍ നടത്തിയ അന്വേഷണത്തില്‍ പിടിക്കപ്പെട്ടുവെന്ന് വേണം കരുതാന്‍. കുറവിലങ്ങാട്ടെ പള്ളി വികാരി മുതല്‍ വത്തിക്കാന്‍ സ്ഥാനപതിയ്ക്കും വത്തിക്കാനിലെ തിരുസംഘത്തിനും വരെ കന്യാസ്ത്രീയുടെ കണ്ണുനീരിന് മറുപടി നല്കാന് കഴിയാതെ വന്നതും ജീവന് വരെ ഭീഷണി ഉയരുകയും കൂടപ്പിറപ്പുകളെ വരെ കേസില്‍ പെടുത്തുകയും ചെയ്തതോടെയുമാണ് മഠത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ കരഞ്ഞുതളര്‍ന്ന അവര്‍ക്ക് നീതി തേടി രാജ്യത്തിന്റെ നിയമത്തെ ആശ്രയിക്കേണ്ടിവന്നത്.
നിയമത്തെ എങ്ങനെയെല്ലാം വെല്ലുവിളിക്കാമെന്ന് ബിഷപ് ഫ്രാങ്കോ തെളിയിച്ച സമയമായിരുന്നു അന്വേഷണ കാലഘട്ടത്തിലേത്. കന്യാസ്ത്രീ പരാതി നല്കിയപ്പോള് പോലീസ് പതിവുപോലെ എഫ്ഐആര്‍ ഇട്ടുവെങ്കിലും പ്രതി സ്ഥാനത്തുള്ളവന്‍ അധികാര കേന്ദ്രങ്ങളിലുള്ള ബന്ധങ്ങളും പണത്തിന്റെ കുത്തൊഴുക്കും അന്വേഷണത്തെ ആദ്യഘട്ടത്തില്‍ തടഞ്ഞുവെച്ചു. പേരിന് ഒരു അന്വേഷണ സംഘത്തെ നിയമിച്ച് കണ്ണില്‍ പൊടിയിടാന്‍ ഭരണകൂടം ശ്രമിച്ചപ്പോള്‍ കന്യാസ്ത്രീകള്‍ നീതി തേടി വഞ്ചിസ്ക്വയറില്‍ സമരം തുടങ്ങി. പൊതുസമൂഹം സമരം ഏറ്റെടുത്തതോടെ ഭരണകൂടത്തിനും പൊള്ളലേറ്റു തുടങ്ങി. ഇരയായ കന്യാസ്ത്രീയേയും സമരം ചെയ്യുന്ന സഹപ്രവര്‍ത്തകരേയും അശ്ലീല ചുവയോടെ അധിക്ഷേപിച്ചു രസം കണ്ടെത്താന്‍ കക്ഷി ഭേദമന്യേ ചില രാഷ്ട്രീയ നേതാക്കളും മത്സരിച്ചു.
അന്വേഷണ സംഘത്തെ നിയമിച്ചുവെങ്കിലും അവര്‍ ജലന്ധറില്‍ പോയി ബിഷപ് ഫ്രാങ്കോയെ ചോദ്യം ചെയ്യാന്‍ അനുമതി നല്കുന്നതില് സര്‍ക്കാരിനും പോലീസ് മേധാവികള്‍ക്കും ഒരുപാട് ആലോചിക്കേണ്ടിവന്നു. സമരത്തിന്റെ മൂര്‍ച്ഛ കൂടിയതോടെ മനസ്സില്ലാ മനസ്സോടെ സംഘം ജലന്ധറില്‍ എത്തി. കേരളത്തില്‍ നിന്നുള്ള പോലീസ് സംഘത്തെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും ജലന്ധറിലെ പോലീസും ഫ്രാങ്കോയുടെ ഗുണ്ടകളും നേരിട്ട് എങ്ങനെയെന്ന് അന്ന് ചാനലുകള്‍ തത്സമയം ലോകത്തെ കാണിച്ചു. പോലീസിനെ കണ്ട് അരമനയുടെ പിന്‍വാതില്‍ വഴി രക്ഷപ്പെട്ട ഫ്രാങ്കോയ്ക്ക് വഴിയൊരുക്കിയത് പഞ്ചാബ് പോലീസ് ആയിരുന്നുവെന്നത് വേറെ കാര്യം. ചോദ്യം ചെയ്യാതെ സംഘം മടങ്ങില്ലെന്ന് കണ്ടതോടെ ഫ്രാങ്കോ മടങ്ങിയെത്തി അന്വേഷണ സംഘത്തിനു മുന്നിലിരുന്നു. എന്നാല്‍ ഗുണ്ടകളുടെ കാവലില്‍ ചോദ്യം ചെയ്യല്‍ ഗുണം ചെയ്യില്ലെന്നും അറസ്റ്റു നടന്നാല്‍ ജീവനോടെ നാട്ടിലേക്ക് മടങ്ങാനാവില്ലെന്ന് മനസ്സിലാക്കിയ പോലീസ് സംഘം കൈവിലങ്ങുമായി നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനായിരുന്നു അടുത്ത പരിപാടി. പോലീസിന്റെ നോട്ടീസ് പ്രകാരം നാട്ടിലെത്തേണ്ടിവന്ന ഫ്രാങ്കോ, ആ ദിവസങ്ങളില്‍ താമസിച്ച ഇടവും അതിനു മുടക്കിയ പണത്തിന്റെ കണക്കുമെടുത്താന് അയാള്‍ സമ്പത്തിന്റെ എത്രമാത്രം അഭിരമിച്ചിരുന്നുവെന്ന് വ്യക്തമാകും. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ കയ്യില്‍ വിലങ്ങുവീഴുമ്പോള്‍ ദേഹാസ്വസ്ഥ്യമായി. വൈദ്യപരിശോധനയില്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്ന കണ്ടതോടെ പഞ്ചനക്ഷത്ര സൗകര്യങ്ങളില്‍ കഴിഞ്ഞിരുന്നയാള്‍ക്ക് പാലാ സബ് ജയിലില്‍ അന്തിയുറങ്ങേണ്ടിവന്നു. കന്യാസ്ത്രീ പരാതിയുമായി കയറിയിറങ്ങിയപ്പോള്‍ തിരിഞ്ഞുനോക്കാത്ത പുരോഹിത ശ്രേഷ്ഠര്‍ ഫ്രാങ്കോ ആശ്വസിപ്പിക്കാന്‍ മത്സരിച്ച് ജയിലിലെത്തി. 'ഞാന്‍ കാരാഗൃഹവാസിയായിരുന്നു, നിങ്ങളെന്നെ സന്ദര്‍ശിച്ചു' എന്ന ബൈബിള്‍ വചനം അവര്‍ അതേപടി അനുസരിച്ചു. എന്നാല്‍ കാരാഗൃഹ തുല്യമായ ജീവിതം നയിച്ച ആ കന്യാസ്ത്രീയുടെ കണ്ണീരൊപ്പാന്‍ ഇവര്‍ക്ക് സമയമുണ്ടായില്ല പോലും. ഫ്രാങ്കോ വലിച്ചെറിയുന്ന ചില്ലറതുട്ടുകള്‍ക്ക് വേണ്ടി ജയിലിനു മുന്നില്‍ ജപമാലയര്‍പ്പിച്ച് ചില കപടവിശ്വസികള്‍ പ്രാര്ത്ഥനയെപോലും അശ്ലീലമാക്കി.
മൂന്നാഴ്ചയ്ക്കുള്ളില്‍ ജയില്‍ മോചിതനായി ഫ്രാങ്കോ ജലന്ധറിലേക്ക് പുറപ്പെട്ടു. ലോകകപ്പ് ജേതാക്കളെ ആനയിക്കുന്ന പോലെ അവിടെയും ചില അടിമ കുഞ്ഞാടുകള്‍ ഫ്രാങ്കോയ്ക്ക് വീര പരിവേഷം നല്കി ആനയിച്ചു. ജലന്ധര്‍ രൂപതയില്‍ പഴയപടി രാജാവിനെ പോലെ കഴിയാമെന്ന ഫ്രാങ്കോയുടെ മോഹത്തിന് ഇതിനകം വത്തിക്കാന്‍ കടിഞ്ഞാണിട്ടിരുന്നു. ചോദ്യം ചെയ്യപ്പെടാന്‍ കേരളത്തിലേക്ക് വരുന്നതിനു മുന്‍പ് അധികാരങ്ങള്‍ പിടിച്ചുവാങ്ങിയ വത്തിക്കാന്‍ അഡ്മിനിസ്ട്രേറ്ററെ ഭരണച്ചുമതല ഏല്പിക്കുകയും ചെയ്തിരുന്നു.
അധികാരമില്ലെങ്കിലും ആലങ്കാരികമായി ജലന്ധര്‍ രൂപതാധ്യക്ഷന്‍ ആയതിനാല്‍ അയാള്‍ ഭരണത്തിലെല്ലാം ഇടപെട്ടുകൊണ്ടിരുന്നു. താന്‍ പിടിക്കപ്പെടുമെന്ന് വ്യക്തമായതോടെ ജലന്ധര്‍ രൂപതയുടെ ബാങ്ക് അക്കൗണ്ടുകളിലെ കോടികളുടെ സമ്പാദ്യം തൂത്തുവാരിയാണ് അയാള്‍ കേരളത്തിലേക്ക് കടന്നത്. 130 ഓളം വരുന്ന സ്കൂളുകളിലെ വരുമാനമാണ് ജലന്ധര്‍ രൂപതയുടെ കരുത്ത്. ന്യായവും അന്യായവുമായി പിടിച്ചുവാങ്ങുന്ന കോഴയും ഫീസും എല്ലാം ജലന്ധര്‍ രൂപതയെ കണക്കില്‍പെടാത്ത പണത്തിന്റെ ഖനിയാക്കി. പോലീസ് റെയ്ഡില്‍ ചില വൈദികരില്‍ നിന്ന് പിടിച്ചെടുത്ത കോടികള്‍ തന്നെ ജലന്ധറിലെ കള്ളപ്പണത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. രാജിവയ്ക്കുന്നതിനു ഏതാനും നാളുകള്‍ക്ക് മുന്‍പാണ് കുറവിലങ്ങാട് മഠത്തിന്റെ വളപ്പിലെ വൃക്ഷങ്ങളെല്ലാം വെട്ടിവിറ്റതും. കത്തുന്ന പുരയുടെ കഴുക്കോല് ഊരുന്ന പരിപാടി. മഠവും സ്ഥലവും ജലന്ധര്‍ രൂപതയുടെ പേരില്‍ ആയതിനാല്‍ അതു മാത്രം വില്ക്കാന് പറ്റിയില്ല.
നാളുകള്‍ നീണ്ട വിചാരണയില്‍, സാക്ഷിമൊഴികളെല്ലാം ഫ്രാങ്കോയ്ക്ക് എതിരായിരുന്നു. എന്നാല്‍ വിധി ഫ്രാങ്കോയ്ക്ക് അനുകൂലമാണെന്ന് വിധി വരുന്നതിന് ആറു മാസം മുന്‍പ് ജലന്ധറില്‍ പാട്ടായിരുന്നു. വിധി അനുകൂലമാക്കാന്‍ ഞങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ടെന്നായിരുന്നു ഫ്രാങ്കോ ഭക്തര്‍ അവിടെ പാടി നടന്നിരുന്നത്. അത് ശരിവയ്ക്കുന്നതായിരുന്നു വിധി വരും മുന്‍പ് ജലന്ധര്‍ രൂപതാ പിആര്‍ഒ ഇറക്കിയ പത്രക്കുറിപ്പും ലഡ്ഡുവിതരണവും. വിധിയറിഞ്ഞ് കോടതിമുറിയില്‍ പാഞ്ഞുവരുന്ന ഫ്രാങ്കോയുടെ ഭാവവും തുടര്‍ന്ന് ഒരു ധ്യാനകേന്ദ്രത്തിലെത്തി നടത്തിയ കുര്‍ബാനയ്ക്കിടെ ബാധകേറിയവനെ പോലെ അര്‍മാദിക്കുന്നതും അയാള്‍ ശരിക്കും ആരാണെന്ന് മനസ്സിലാക്കി തരുന്നതായിരുന്നു.
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പരാതി ഉയര്‍ന്ന ആദ്യസമയങ്ങളില്‍ കേസ് പഠിക്കാന്‍ ആണ് ഞാന്‍ സമയം കണ്ടെത്തിയത്. തുടര്‍ന്ന് ജലന്ധറിലും വത്തിക്കാനിലുമുള്ള സുഹൃത്തുക്കള്‍ വഴി ഫ്രാങ്കോയെ കുറിച്ച് കൂടുതല്‍ അറിഞ്ഞു. കേട്ടറിഞ്ഞതിലും വില്ലനാണ് ഫ്രാങ്കോ എന്ന സത്യം മനസ്സിലാക്കിയതോടെ തുറന്ന് എഴുതാന്‍ തന്നെ തീരുമാനിച്ചു. ഭീഷണികളും കേസുകളും വരെ നേരിടേണ്ടി വന്നെങ്കിലും ഞാന്‍ അറിഞ്ഞ സത്യം ലോകത്തെ അറിയിക്കേണ്ടത് എന്റെ ധര്‍മ്മമാണെന്ന് വിശ്വസിച്ചു. ജലന്ധര്‍ രൂപതയുടെ ഉള്ളറകളില്‍ നിന്നും വത്തിക്കാനില്‍ ഫ്രാങ്കോയ്ക്കു വേണ്ടി നിലകൊള്ളുന്ന ക്രിമിനല്‍ സംഘങ്ങളെയും വായനക്കാരുടെ മുന്നിലെത്തിക്കാന്‍ കഴിഞ്ഞു. നൂറിലേറെ എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ ചെയ്തു. അതില്‍ അഭിമാനമുണ്ട്. ഫ്രാങ്കോയുടെയും അനുയായികളുടെയും ചെയ്തികള്‍ ചെറുതൊന്നുമായിരുന്നില്ല. അതിന് പലര്‍ക്കും വലിയ വിലയും കൊടുക്കേണ്ടിവന്നു. മാധ്യമങ്ങള്‍ക്കു മുന്നില്‍ സധൈര്യം തുറന്നുപറഞ്ഞ ജലന്ധറിലെ മുതിര്‍ന്ന വൈദികന് ഫാ.കുര്യാക്കോസ് കാട്ടുതറ ഫ്രാങ്കോ അനുകൂലികളുടെ മാനസിക പീഡനത്തിനൊടുവില്‍ രക്തസാക്ഷിയുമായി.
അയാള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യത വിരളമാണെന്ന് അന്നും മനസ്സുപറയുന്നുണ്ടായിരുന്നു. കാരണം, കത്തോലിക്കാ സഭയുടെ സംവിധാനം അതാണ്. മറിയക്കുട്ടി കേസില്‍ വിചാരണ കോടതി ശിക്ഷിച്ച ബെനഡിക്ട് ഓണംകുളവും (അന്നത്തെ രൂപതാധ്യക്ഷന്റെ നിലപാട് കൊണ്ട്) പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പ്രായവും ജനിപ്പിച്ച കുഞ്ഞിന്റെ ഡിഎന്‍എയും തിരുത്താന്‍ പറ്റാത്തതുകൊണ്ട് മാത്രം ശിക്ഷിക്കപ്പെട്ട റോബിന് വടക്കുഞ്ചേരിയും ശക്തമായ സാക്ഷിമൊഴികളും സാഹചര്യതെളിവുകളും കൊണ്ട്് ജയിലില്‍ കിടക്കേണ്ടി വന്ന ഫാ. തോമസ് കോട്ടരൂം, സി.സെഫിയും ബാല പീഡനത്തിന് അടുത്ത കാലത്ത് തൃശൂരില്‍ ശിക്ഷ ലഭിച്ച ഒരു വൈദികനുമൊക്കെയാണ് ഇക്കാര്യത്തില്‍ അപവാദം. നീതി തേടി തങ്ങളെ സമീപിക്കുന്ന ഇരയെ അപരാധിയാക്കി മാറ്റാനുള്ള ശക്തി കേരളത്തിലെ കത്തോലിക്കാ സഭയ്ക്കുണ്ടെന്നത് ഇതുവരെ കോടതിയില്‍ എത്താതെയും എത്തിയാല്‍ ശിക്ഷിക്കപ്പെടാതെയും പോയ കേസുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.
മഠത്തിനുള്ളില്‍ ഏറ്റ പീഡനങ്ങളെ കുറിച്ച് തുറന്നുപറയാന്‍ ഒരു കന്യാസ്ത്രീ തയ്യാറാകുമ്പോള്‍ അവരുടെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കാന്‍ നീതിപീഠത്തിനു പോലും കഴിയാറില്ല. പതിനഞ്ചാം വയസ്സില്‍ മാതാപിതാക്കളെയും കുടുംബത്തെയും വിട്ട് കുടുംബത്തെ ഉപേക്ഷിച്ച് ക്രുസ്തുവിന്റെ ദാസിയായി പോകുന്ന പെണ്‍കുട്ടികളില്‍ ചിലര്‍ എന്തുകൊണ്ടാണ് മഠത്തിലെ കിണറുകളില്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന് ആരും ചിന്തിക്കുന്നില്ല. പലരും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നു. ഇൗ കേസുകളിലൊന്നും അന്വേഷണം പോലും നടക്കുന്നില്ല. തുറന്നുപറയുന്ന ചിലരാകട്ടെ മനോരോഗികളായി മുദ്രകുത്തപ്പെടും. പുറത്തുപോയാല്‍ ഭീഷണിയാണെന്ന് കാണുന്നവരെ പുറംലോകം കാണിക്കാതെ മാനസിക കേന്ദ്രങ്ങളിലടയ്ക്കും. ഒരു വീട്ടില്‍ സ്വന്തം അപ്പനാല്‍ ക്രൂരമായ പീഡനത്തിന് ഇരയാകേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥ പലപ്പോഴും ഏറെ വൈകിയാണ് പുറത്തുവരുന്നത്. അമ്മയേയും കൂടപ്പിറപ്പുകളെയും കൊല്ലുമെന്നുള്ള ഭീഷണിയായിരിക്കും പീഡനത്തിനിരയാകുന്ന കുട്ടികളെ നിശബ്ദരാക്കുന്നത്. മഠത്തിന്റെ ചുവരുകളില്‍ അടയ്ക്കപ്പെടുന്ന കന്യാസ്ത്രീകളും ഇതുപോലെ തന്നെയാണ്. സംരക്ഷിക്കേണ്ടവര്‍ തന്നെ ഏല്‍പ്പിക്കുന്ന പീഡനത്തിനെതിരെ ആരോട് പരാതിപ്പെടും.?
വത്തിക്കാന്റെ തീരുമാനം വൈകിയെന്ന് പരിതപിക്കുന്നവരുണ്ട്. ഒരു പരാതി വന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ വത്തിക്കാന്‍ നടപടി സ്വീകരിച്ചുവെന്നത് ഏറ്റവും വലിയ കാര്യമാണെന്നാണ് എന്റെ വിലയിരുത്തല്‍. ബാലപീഡനം നടത്തിയെന്ന് ആരോപണം നേരിട്ട ഒരു കര്‍ദിനാളിനെ പിരിച്ചുവിടാന്‍ 50 വര്‍ഷമെടുത്ത സഭയാണിത്. റോബിന് വടക്കഞ്ചേരി എന്ന വൈദികന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതും കുഞ്ഞിനെ ഒളിപ്പിച്ചുവച്ചതും വത്തിക്കാന്റെ മുന്നിലെത്തിയിട്ടും ഇന്ത്യയിലെ നിയമനടപടികള്‍ കഴിയാന്‍ കാത്തിരുന്നു ഒരു തീരുമാനമെടുക്കാന്‍. അഭയകേസില്‍ ഇന്ത്യയിലെ നീതിന്യായ കോടതി ശിക്ഷിച്ച വൈദികനും കന്യാസ്ത്രീയും ഇപ്പോഴും സഭാ വസ്ത്രത്തില്‍ തന്നെ തുടരുന്നുവെന്നതും ചിന്തിക്കേണ്ട വിഷയമാണ്.
ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നത് സ്റ്റേജില്‍ നടന്ന കലാപരിപാടി അല്ലാത്തതിനാല്‍ വിശ്വസിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ ബിഷപ്പിനും കോടതി വിധിക്ക് പിന്നാലെ പരിശുദ്ധ ദേവാലയത്തിലേക്ക് വിളിച്ചുകൊണ്ടുപോയി ബലിയര്‍പ്പിക്കാന്‍ അവസരം നല്കി വിശ്വാസ സമൂഹത്തെ വിഡ്ഢികളാക്കിയ ബിഷപ്പിനും ഫ്രാങ്കോയുടെ പണംപ്പറ്റി താമസം അടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കി നല്കിയ കോട്ടയത്തെ ധ്യാനകേന്ദ്രം അധികാരികള്‍ക്കും (കൗമാരക്കാരുടെ അന്തരീക നവീകരണ ധ്യാനത്തിലൂടെ പ്രശസ്തി ആര്‍ജിച്ച ഈ ധ്യാനകേന്ദ്രത്തില്‍ നടത്തുന്ന ധ്യാനങ്ങള്‍ക്ക് ഫ്രാങ്കോയുടെ പ്രത്യേക ക്ലാസ് ഉണ്ടെന്നുള്ളത് വേറെ കാര്യം.) സമരം നടത്തിയ കന്യാസ്ത്രീകളെ വേശ്യകളെന്ന് വിളിച്ച അധിക്ഷേപിച്ച് കള്ളപ്പേരില്‍ ലേഖനമെഴുതിയ മാധ്യമസ്ഥാപനത്തിനും സമരം ചെയ്ത കന്യാസ്ത്രീകള്‍ അന്ന് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖങ്ങളിലെ വൈരുദ്ധ്യങ്ങള്‍ കോടതിയില്‍ പെരുപ്പിച്ച് കാട്ടി ഫ്രാങ്കോയ്ക്ക്് അനുകൂലമായി മാറ്റി നല്ലപിള്ളയായ ദൃശ്യമാധ്യമ പ്രവര്ത്തകനുമൊക്കെയുള്ള മറുപടി കൂടിയാണ് വത്തിക്കാന്റെ നടപടി.
ജലന്ധര്‍ രൂപതയില്‍ ഉണ്ടായ വിഭാഗീയതകളുടെ പേരിലാണ് രാജി ചോദിച്ചുവാങ്ങുന്നതെന്നാണ് വത്തിക്കാന്‍ സ്ഥാനപതി ഇന്നലെ ഇറക്കിയ കത്തില്‍ പറയുന്നത്. ലത്തീന്‍ രൂപതയായ ജലന്ധറിലെ വൈദീകരിലും വിശ്വാസകള്ക്കിടയിലും മാത്രമല്ല, ഇങ്ങ് സീറോ മലബാര്‍ സഭയിലും വരെ ഭിന്നതയുണ്ടാക്കാന്‍ ഫ്രാങ്കോയ്ക്ക് കഴിഞ്ഞിരുന്നുവെന്നതാണ് സത്യം. ഫ്രാങ്കോയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും നടക്കുന്നു. ജലന്ധര്‍ രൂപതയുടെ 'നന്മയെ കരുതി' വത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഫ്രാങ്കോയ്ക്ക് രാജി എഴുതി നല്‍കുക അല്ലാതെ മറ്റുമാര്‍ഗമില്ലായിരുന്നു. രാജിവച്ചില്ലെങ്കില്‍ പുറത്താക്കല്‍ നടപടി നേരിടേണ്ടിവരും. ഇപ്പോള്‍ വിരമിക്കുന്ന ബിഷപ്പിനുള്ള എല്ലാ ആനുകൂല്യങ്ങളും ഫ്രാങ്കോയ്ക്കും ലഭിക്കും. അതില്‍ മാത്രമാണ് പൊതുജനത്തിന് അഭിപ്രായഭിന്നത. ബലിയര്‍പ്പിക്കാനും സഭാ വസ്ത്രങ്ങള്‍ ധരിക്കാനും എന്തിനേറെ നവവൈദികര്ക്ക് പട്ടം കൊടുക്കാനും വരെയുള്ള അധികാരം ഇപ്പോഴും ഫ്രാങ്കോ മുളയ്ക്കലിനുണ്ട്. ഇത്തരത്തിലൊരു ബിഷപ്പിനോട് സഹകരിക്കണമോ എന്നത് വിശ്വാസികളുടെ വിവേചനത്തിന് വിടുന്നു.
ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയതിലുള്ള അപ്പീല്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ വത്തിക്കാന്‍ 'സഭയുടെ നന്മയെ' മാത്രമേ എടുത്തു പറയാന്‍ കഴിയൂ. മറ്റൊരു പരമാധികാര രാജ്യത്തിന്റെ നിയമത്തിനു കീഴില്‍ വരുന്ന വിഷയങ്ങളില്‍ വത്തിക്കാന്‍ ഇടപെടില്ല എന്നതുകൊണ്ടു തന്നെ. ഫ്രങ്കോയ്ക്കെതിരെ അച്ചടക്ക നടപടി അല്ല സ്വീകരിച്ചതെങ്കില്‍, ജലന്ധര്‍ രൂപതയുടെ നന്മയെ മാത്രമാണ് കണക്കാക്കിയതെങ്കില്‍, മറ്റേതൊരു ലത്തീന്‍ രൂപതയിലേക്കും സ്ഥലംമാറ്റം അടക്കമുള്ളവ വത്തിക്കാന്‍ പരിഗണിച്ചേനെ. ഇന്ത്യയില്‍ തന്നെ നിരവധി ലത്തീന്‍ രൂപതകളില്‍ ബിഷപ്പുമാരുടെ ഒഴിവുണ്ട്. ചുരുക്കത്തില്‍, സഭയ്ക്കും വിശ്വാസികള്‍ക്കും ഉതപ്പുണ്ടാക്കിയവനെ വത്തിക്കാന്‍ കൈയൊഴിഞ്ഞു എന്നതാണ് യഥാര്‍ത്ഥ്യം. ഫ്രാങ്കോയുടെ കേസിനു പിന്നാലെ സന്യാസ ഭവനങ്ങളിലേക്കുള്ള പെണ്‍കുട്ടികളുടെ വരവ് ഗണ്യമായി കുറഞ്ഞത് സഭയ്ക്കുണ്ടാക്കിയ ക്ഷതം എത്രമാത്രമാണെന്ന് വ്യക്തമാകും. കോണ്‍ഗ്രിഗേഷനുകളിലെ അധ്യാപകര്‍ തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.
''എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ചവരുത്തുന്നവന്റെ കഴുത്തില്‍ വലിയൊരു തിരികല്ല് കെട്ടി അവനെ കടലില്‍ ഇട്ടുകളയുന്നത് അവന് ഏറെ നല്ലത്.''( മര്‍ക്കോസ് 9.42) എന്നാണ് പുതിയ നിയമം പറയുന്നത്. എളിയവരായ വിശ്വാസികള്‍ക്ക് ഇടര്‍ച്ച നല്‍കുന്നത് കര്‍ദിനാളായാലും മേജര്‍ ആയാലും ബിഷപ്പ് ആയാലും ഒരു വൈദികനോ കന്യാസ്ത്രീയോ ആയാലും തിരികല്ല് കെട്ടി കടലില്‍ ചാടണമെന്നോന്നും പറയാന്‍ ഞാന്‍ ആളല്ല. കുറഞ്ഞ പക്ഷം പദവി രാജിവച്ച് വിശ്വാസസമൂഹത്തോട് മാപ്പു പറയുകയാണ് വേണ്ടത്. രാഷ്ട്രീയ നേതൃത്വം കാണിക്കുന്ന മാന്യത എങ്കിലും ആത്മീയ നേതൃത്വം കാണിക്കണമെന്ന എളിമ അപേക്ഷ മാത്രം.