
ന്യൂഡല്‍ഹി: ശൂന്യമായ കൈകളോടെ ഈ സീസണ് അവസാനിപ്പിക്കേണ്ടി വന്നെങ്കിലും സൗദി ക്ലബ്ബ് അല്‍ നസറിനൊപ്പം തുടരുമെന്ന് ഫുട്ബോളിലെ ലോകതാരം ക്രിസ്ത്യാനോ റൊണാള്‍ഡോ. ജനുവരിയില്‍ അല്‍ നസറുമായി രണ്ടര വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ട താരം യൂറോപ്പിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹത്തിനാണ് വിരാമമിട്ടിരിക്കുന്നത്.
ഈ സീസണില്‍ 16 കളികളില്‍ 14 ഗോളുകള്‍ നേടിയ താരത്തിന് പക്ഷേ ടീമിനെ സൗദി പ്രോ ലീഗില്‍ കിരീടം അണിയിക്കാന്‍ കഴിഞ്ഞില്ല. അല്‍ എത്തിഹാദിന് കീഴില്‍ രണ്ടാമത് എത്താനേ ടീമിന് കഴിഞ്ഞുള്ളൂ. ട്രാന്‍സ്ഫറില്‍ ഏര്‍പ്പെട്ടപ്പോള്‍ തന്നെ എത്രകാലം സൗദി ക്ലബ്ബില്‍ എന്ന രീതിയില്‍ ക്രിസ്ത്യാനോയുടെ കാര്യം ആരാധകര്‍ സംശയിച്ചിരുന്നു. അതിനിടയില്‍ സൗദി ഉടമസ്ഥയില്‍ ആയി കഴിഞ്ഞിട്ടുള്ള ഇംഗ്ളീഷ് ക്ലബ്ബ് ന്യൂകാസില്‍ യുണൈറ്റഡ് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടുക കൂടി ചെയ്തത് താരത്തിന് പ്രീമിയര്‍ലീഗിലേക്ക് മടങ്ങിവരാനുള്ള അവസരമായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഈ സീസണില്‍ കൂടുതല്‍ വമ്പന്‍താരങ്ങളെ സൈന്‍ ചെയ്യാന്‍ കാത്തിരിക്കുന്ന ന്യൂകാസില്‍ സൗദി ക്ലബ്ബുമായി ക്രിസ്ത്യാനോയെ വെച്ച് ഒരു കൈമാറ്റ കരാര്‍ ഉണ്ടാക്കിയേക്കുമെന്നാണ് പുറത്തുവന്ന അഭ്യൂഹം. എന്നാല്‍ ഇതിനെല്ലാം ഒറ്റയടിക്ക് മറുപടി നല്‍കിയിരിക്കുകയാണ് ക്രിസ്ത്യാനോ. താന്‍ ഇവിടെ സന്തോഷവാനാണെന്നും ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നു എന്നുമാണ് ക്രിസ്ത്യാനോ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടന്നാല്‍ അഞ്ചുവര്‍ഷം കൊണ്ട് ലോകത്തെ ഏറ്റവും മികച്ച അഞ്ചു ഫുട്ബോള്‍ ലീഗുകളില്‍ ഒന്നായി സൗദി പ്രോ ലീഗ് മാറുമെന്ന് ക്രിസ്ത്യാനോ പറഞ്ഞു. 400 ദശലക്ഷം യൂറോയുടെ കരാറിലാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ നിന്നും ക്രിസ്ത്യാനോയെ അല്‍ നസര്‍ ക്ലബ്ബ് വാങ്ങിയത്.
അതിനിടയില്‍ ക്രിസ്ത്യാനോയുടെ വരവ് ലോകത്തെ അനേകം മുന്‍നിര ഫുട്ബോള്‍ താരങ്ങളുടെ ശ്രദ്ധ ലീഗിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. സൂപ്പര്‍താരങ്ങളായ ലിയോണേല്‍ മെസ്സിയും കരിം ബന്‍സേമയും സൗദി പ്രോ ലീഗില്‍ എത്തുമെന്നാണ് അഭ്യുഹങ്ങള്‍. ജൂണ്‍ 30 ഓടെ പിഎസ്ജി വിടുന്ന മെസ്സിക്കായി അല്‍ നസറിന്റെ എതിരാളികള്‍ അല്‍ ഹിലാല്‍ ശ്രമം നടത്തുന്നുണ്ട്. 600 ദശലക്ഷം യൂറോയാണ് പ്രതിഫലം പറയുന്നത്. റയല്‍ മാഡ്രിഡ് വിടുന്ന കരിം ബെന്‍സേമയ്ക്ക് അല്‍ എത്തിഹാദും രംഗത്തുണ്ട്. 100 ദശലക്ഷം യൂറോ പ്രതിഫലം പറയുന്നു. ഇവര്‍ കൂടിയെത്തിയാല്‍ ലീഗിന്റെ നിലവാരവും പ്രശസ്തിയും കൂടും. എല്ലാവരും വരട്ടെ പ്രായം ഇവിടെ ഒരു ഘടകമേയല്ലെന്ന് ക്രിസ്ത്യാനോ പറയുന്നു.
സൗദിപ്രോ ലീഗിലെ പല രീതികളും ക്രിസ്ത്യാനോയ്ക്ക് ഇഷ്ടമായിട്ടുണ്ട്. റംസാന് മാസത്തില്‍ രാത്രിയില്‍ നടത്തുന്ന പരിശീലന രീതി ഇതില്‍ പ്രധാനമണ്. യൂറോപ്പില്‍ പ്രഭാതത്തിലാണ് മിക്കവാറും പരിശീലനം നടത്താറ്. എന്നാല്‍ ഇവിടെ ഉച്ചയ്ക്ക് ശേഷമോ വൈകിട്ടോ ആണ്. റംസാന് മാസത്തില്‍ പരിശീലനം രാത്രിയിലായിരുന്നെന്നും താരം പറയുന്നു.




