
നാളെയും മറ്റന്നാളും തീയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനം. ചില സിനിമകള്‍ കരാര്‍ ലംഘിച്ച് ഒടിടി റിലീസ് ചെയ്തതില്‍ പ്രതിഷേധിച്ച് സൂചനാ സമരവുമായി തീയറ്റര്‍ ഉടമകള്‍ രംഗത്ത്. രണ്ട് ദിവസത്തേയ്ക്ക് തീയറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടത് ഫിയോകിന്റെ യോഗത്തിലാണ്.
നിലവിലെ നിബന്ധന പ്രകാരം തീയറ്ററില്‍ റിലീസ് ചെയ്ത 42 ദിവസത്തിന് ശേഷം മാത്രമേ ചിത്രം ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാവൂ എന്നാണ്. പക്ഷേ 2018, പാച്ചുവും അത്ഭുതവിളക്കും തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്ത് ഒരു മാസത്തിനുശേഷം ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒടിടി റിലീസ് ആരംഭിച്ചതിന് ശേഷം പലരും തീയറ്ററില്‍ പോയി സിനിമ കാണാന്‍ മടി കാട്ടുന്ന അവസ്ഥയുമുണ്ട്.
ഗൗരവമായ പ്രതിസന്ധി നിറഞ്ഞ കാലത്തിലൂടെയാണ് മലയാള സിനിമാ വ്യവസായം കടന്നുപോകുന്നത്. പ്രമേയത്തിലുള്ള വ്യത്യസ്തതയും ആഖ്യാനചാരുതയിലും പാന്‍ ഇന്ത്യന്‍ തലത്തില്‍ മലയാള സിനിമ അഭിനന്ദിക്കപ്പെടുന്ന കാലമാണിതെങ്കില്‍ പോലും ആഭ്യന്തര വിപണിയില്‍ ഭൂരിഭാഗം സിനിമകളും പരാജയപ്പെടുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.






