
കലാശാലയില്‍ കെ. വിദ്യയ്ക്കു പ്രവേശനം നല്കാന് അധികമായി ഉള്‍പ്പെടുത്തിയത് അഞ്ച് സൂപ്പര്‍ ന്യൂമെററി സീറ്റുകള്‍. ജെ.ആര്.എഫ്. സ്കോളര്‍ഷിപ്പ് ഉള്ളവര്‍ക്കാണു സൂപ്പര്‍ ന്യൂമെററി സീറ്റുകളെങ്കിലും ഇതു കൈക്കലാക്കുന്നത് ഉന്നത രാഷ്ട്രീയ ബന്ധമുള്ളവര്‍.
പ്രവേശന പരീക്ഷ നടത്തുമെങ്കിലും അന്തിമ പട്ടികയില്‍ ഇടംപിടിക്കുക അധികവും രാഷ്ട്രീയക്കാരുടെ നോമിനികളാണ്. ഇക്കാര്യത്തില്‍ ഇടതു വലതു വ്യത്യാസമില്ല. ആരു ഭരിച്ചാലും രണ്ടു കൂട്ടരുടെയും ഒത്തുതീര്‍പ്പില്‍ കാര്യം നടക്കും. കാലടി സര്‍വകലാശാലയില്‍ 2019-ല്‍ നടന്ന പിഎച്ച്.ഡി. എന്‍ട്രന്‍സ് പരീക്ഷയില്‍ കെ. വിദ്യയ്ക്കായിരുന്നു ഒന്നാം റാങ്ക്. എന്നാല്‍, അഡ്മിഷന് എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് പരിഗണിക്കില്ല.
റിസര്‍ച്ച് കമ്മിറ്റിക്കു മുന്നില്‍ പ്രപ്പോസല്‍ അവതരിപ്പിക്കാനുള്ള അവസരമാണ് എന്‍ട്രന്‍സ് പരീക്ഷയിലൂടെ ലഭിക്കുന്നത്. ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ 50% മാര്‍ക്കും എസ്./എസ്.ടി.കുട്ടികള്‍ 45% മാര്‍ക്കും വാങ്ങിയാല്‍ റിസര്‍ച്ച് കമ്മിറ്റിക്കു പങ്കെടുക്കാനുള്ള യോഗ്യതയാകും.
നിശ്ചയിക്കുന്ന തീയതിക്കുള്ളില്‍ റിസര്‍ച്ച് പ്രപ്പോസല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ സമര്‍പ്പിക്കണം. തുടര്‍ന്നു റിസര്‍ച്ച് കമ്മിറ്റി ചേരുന്ന ദിവസം ഈ പ്രപ്പോസല്‍ അവതരിപ്പിക്കണം. കമ്മിറ്റി പ്രപ്പോസല്‍ അംഗീകരിച്ചാല്‍ വിദ്യാര്‍ഥിക്കു പിഎച്ച്.ഡി. അഡ്മിഷന് ലഭിക്കും.
സര്‍വകലാശാലയ്ക്കു കീഴിലുള്ള വകുപ്പുകളിലെ വിവിധ സെന്ററുകളിലെ അധ്യാപകരും പുറമേയുള്ള ഡിപ്പാര്‍ട്ട്മെന്റിലെ രണ്ട് അധ്യാപകരും ചേര്‍ന്ന ഔദ്യോഗിക ബോഡിയാണു റിസര്‍ച്ച് കമ്മിറ്റി. പിഎച്ച്.ഡി. പ്രവേശനത്തിലെ അവസാന തീരുമാനമെടുക്കുന്നതും ഈ കമ്മറ്റിയാണ്്. 2019 -ല്‍ പിഎച്ച്.ഡി. പ്രവേശനത്തിനു മലയാള വിഭാഗത്തില്‍ പത്ത് സീറ്റാണ് വിജ്ഞാപനം ചെയ്തത്. പ്രവേശന പരീക്ഷയും പ്രപ്പോസല്‍ അവതരണവും കഴിഞ്ഞ് 10 പേരുടെ പട്ടിക വന്നപ്പോള്‍ അതില്‍ വിദ്യയുടെ പേര് ഉണ്ടായിരുന്നില്ല.
അതിനുശേഷം സൂപ്പര്‍ ന്യൂമററിയായി അഞ്ചുപേരെ കൂടി എടുക്കാന്‍ റിസര്‍ച്ച് കമ്മിറ്റി തീരുമാനിച്ചു. ഇതുപ്രകാരം ജെ.ആര്‍എഫ്. ഉള്ള മൂന്നു വിദ്യാര്‍ഥികളെയും ഇല്ലാത്ത രണ്ടു വിദ്യാര്‍ഥികളെയും എടുത്തു. ഇങ്ങനെ വിജ്ഞാപനം ചെയ്ത പത്തു സീറ്റിനുപുറമേ അഞ്ചു പേരെക്കൂടി എടുത്തു സര്‍വകലാശാലയ്ക്കു പട്ടിക െകെമാറി. ആ പട്ടിക സര്‍വകലാശാല അംഗീകരിച്ചില്ല. സര്‍വകലാശാല മലയാളം വകുപ്പിനോടു റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു.
നോട്ടിെഫെ ചെയ്ത സീറ്റുകള്‍ക്കുപുറമേ നല്ല സിനോപ്സിസ് വന്നാല്‍ ജെ.ആര്.എഫ്. സ്കോളര്‍ഷിപ്പ് ഉണ്ടെങ്കില്‍ ആ വിദ്യാര്‍ഥിയെ സൂപ്പര്‍ ന്യൂമെററിയായി ഒഴിവുള്ള അധ്യാപകന് എടുക്കാം. കെ. വിദ്യയ്ക്കു ജെ.ആര്.എഫ്. ഇല്ല. സര്‍വകലാശാലയ്ക്കു മലയാളം വകുപ്പ് ഇത്തരത്തിലാണു മറുപടി നല്‍കിയത്. എന്നാല്‍ സര്‍വകലാശാല ഈ മറുപടി അംഗീകരിച്ചില്ല. പകരം ആദ്യം തെരഞ്ഞെടുത്ത 10 പേര്‍ക്കും പിന്നീട് സൂപ്പര്‍ ന്യൂമെററി ആയി എടുത്ത മൂന്നുപേര്‍ക്കും അഡ്മിഷന് നല്കാന് സര്‍വകലാശാല നിര്‍ദേശിച്ചു.
തുടര്‍ന്നു കെ. വിദ്യ കോടതിയെ സമീപിച്ചു. കോടതി ഈ വിദ്യാര്‍ഥിക്കു കഴിയുമെങ്കില്‍ അഡ്മിഷന് കൊടുക്കണമെന്നു വിധിച്ചു. ഈ കോടതി വിധിയുമായി ചെന്നപ്പോള്‍ സെക്ഷന്‍ ഓഫീസര്‍ നിയമപരമായ തടസങ്ങള്‍ സൂചിപ്പിച്ചു മടക്കി അയച്ചു. പിന്നീട് അന്നത്തെ വി.സിയെ സ്വാധീനിച്ച്, അഡ്മിഷന് കൊടുക്കില്ലെന്നു പറഞ്ഞ സെക്ഷന്‍ ഓഫീസര്‍ അവധിയായ ദിവസം നോക്കി വിദ്യക്ക് അഡ്മിഷനും ലഭിച്ചു. ഇപ്പോഴും കാലടി സര്‍വകലാശാലയിലെ പിഎച്ച്.ഡി. വിദ്യാര്‍ഥിയാണു കെ. വിദ്യ.
അഞ്ചു വിദ്യാര്‍ഥികളെ എടുക്കുമ്പോള്‍ ഒരു എസ്.സി./എസ്.ടി. വിദ്യാര്‍ഥിയെ നിര്‍ബന്ധമായും എടുക്കണം. ആദ്യത്തെ 10 വിദ്യാര്‍ഥികളെ എടുത്തപ്പോള്‍ രണ്ടുപേര്‍ എസ്.സി. വിദ്യാര്‍ഥികളാണ്. എന്നാല്‍ അവസാന അഞ്ചില്‍ വിദ്യാര്‍ഥികള്‍ ഇല്ല. എസ്.സി. വിദ്യാര്‍ഥിയെ എടുത്താല്‍ പതിനഞ്ചാം റാങ്കുകാരിയായ കെ. വിദ്യ വീണ്ടും പുറത്ത് പോകുമെന്നതിനാലാണു ഈ ക്രമക്കേടു നടത്തിയത്.
പിഎച്ച്.ഡി. ഈ വര്‍ഷവും വിവാദത്തില്‍
കൊച്ചി: കാലടി സര്‍വകലാശാലയുടെ ഈ വര്‍ഷത്ത പിഎച്ച്.ഡി. പ്രവേശനത്തിന് മലയാളം വകുപ്പില്‍ ഒമ്പത് സീറ്റുകളാണു വിജ്ഞാപനം ചെയ്തത്. എന്നാല്‍, പിന്നീടു ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ ഒമ്പതു സൂപ്പര്‍ ന്യൂമെററി സീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തി 18 പേര്‍ക്കാണു റിസര്‍ച്ച് കമ്മറ്റി പ്രവേശനം അനുവദിച്ചത്. എന്നാല്‍, പരാതി വന്നതോടെ സര്‍വകലാശാല ലിസ്റ്റ് മരവിപ്പിച്ചിരിക്കുകയാണ്.
പട്ടിക തടഞ്ഞതിനെതിരേ അന്തിമപട്ടികയില്‍ 17-ാം സ്ഥാനത്തുള്ള വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തന്നെ ഒഴിവാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നും തനിക്കു പ്രവേശന പരീക്ഷയില്‍ ആറാം റാങ്ക് ലഭിച്ചിട്ടും അന്തിമപട്ടികയില്‍ 17-ാം സ്ഥാനത്താണെന്നാണു പരാതി. എന്നാല്‍, കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ കൂടിയായ ഇവര്‍ക്കു അഡ്മിഷന് ലഭിക്കാനാണു ഒമ്പതു സൂപ്പര്‍ ന്യൂമെററി സീറ്റുകള്‍ അധികമായി ഉള്‍പ്പെടുത്തി എന്നാണു സര്‍വകലാശാലയ്ക്കു ലഭിച്ച പരാതി. ജെ.ആര്.എഫ്. ലഭിച്ചവര്‍ക്കു മാത്രമാണു സൂപ്പര്‍ ന്യൂമെററിയായി പ്രവേശനം നല്കാന് വ്യവസ്ഥയുള്ളൂ.






