
പാലക്കാട്: വ്യാജരേഖാ വിവാദത്തില്‍ പ്രതിയായ വിദ്യയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അട്ടപ്പാടി കോളജ് അധികൃതരുടെ മൊഴി. അധ്യാപക രുടെ മൊഴിയെത്തുടര്‍ന്നു വിദ്യയും കോളജ് അധികൃതരുമായി നടത്തിയ ഫോണ്‍ സംഭാഷണം അന്വേഷണ സംഘം പരിശോധിക്കും.
വിദ്യ അഭിമുഖത്തിന് എത്തിയ ദിവസത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘം അധ്യാപകരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും. ഹാജരാക്കിയ രേഖകളില്‍ സംശയം തോന്നിയതിനാലാണ് കോളജ് അധികൃതര്‍ വിദ്യയെ ഫോണില്‍ ബന്ധപ്പെട്ടത്. ഇത് വ്യാജരേഖ അല്ലേ എന്ന ചോദ്യത്തിന് അല്ലെന്നാണ് വിദ്യ മറുപടി നല്‍കിയതെന്ന് കോളജ് അധികൃതര്‍ അന്വേഷണസംഘത്തെ അറിയിച്ചു.
ആരാണ് ഇത് പറഞ്ഞതെന്ന് വിദ്യ മറുചോദ്യവും ചോദിച്ചതായാണ് പറയുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ വിദ്യയും കോളജ് അധികൃതരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ പരിശോധിക്കുമെന്നാണ് അറിയുന്നത്. വ്യാജരേഖ കേസില്‍ നീലേശ്വരം പോലീസും മഹാരാജാസില്‍ എത്തി.
വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കാസര്‍ഗോഡ് കരിന്തളം ഗവണ്മെന്റ് കോളജില്‍ കെ. വിദ്യ ഗസ്റ്റ് ലക്ചറായി ജോലി ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നീലേശ്വരം പോലീസ് മഹാരാജാസ് കോളജിലെത്തി പരിശോധന നടത്തിയത്.
കരിന്തളം കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ എത്തിയ സംഘം രണ്ടു മണിക്കൂര്‍ കോളജില്‍ പരിശോധന നടത്തി. മഹാരാജാസില്നിന്നുള്ള എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ കരിന്തളം കോളജില്‍ ഗസ്റ്റ് ലക്ചററായി എന്നു കണ്ടെത്തിയിരുന്നു. ഈ വ്യാജരേഖയിലെ സീലും ഒപ്പും പരിശോധിക്കുകയാണ് സംഘം ആദ്യം ചെയ്തത്.
മഹാരാജാസിലെ മുഴുവന്‍ സീലുകളും മറ്റൊരു കടലാസില്‍ പതിപ്പിച്ചു. സര്‍ട്ടിഫിക്കറ്റിലെ ഒപ്പു വ്യാജമാണോയെന്നും പരിശോധിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.എസ്. ജോയി, െവെസ് പ്രിന്‍സിപ്പല്‍ എന്നിവരില്‍നിന്ന് വിശദമായി സംഘം മൊഴിരേഖപ്പെടുത്തി.
പരീക്ഷാഫലത്തില്‍ കൃത്രിമം നടന്ന സംഭവത്തില്‍ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ നല്കിയ പരാതിയില്‍ സി.സി. ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് മഹാരാജാസ് കോളജിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം ആറാം തീയതിയിലെ ദൃശ്യങ്ങള്‍ െകെമാറണമെന്നാണ് ആവശ്യം.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ നേരില്‍ കണ്ടാണ് നോട്ടീസ് െകെമാറിയത്. പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉള്‍പ്പെട്ട ഭാഗത്തെ സി.സി. ടിവി ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പ്രതികളാണ്. വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.!






