
ആന്ധ്രാപ്രദേശിലെ ബപട്ല ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ ജീവനോടെ ചുട്ടുകൊന്നു. ട്യൂഷനു പോകുമ്പോള്‍ അക്രമികൾ അമർനാഥിനെ (15) പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ചെറുകുപള്ളി മണ്ഡലത്തിലെ രാജവോലു ഗ്രാമത്തിലാണ് സംഭവം. കുട്ടിയെ ഗുരുതരാവസ്ഥയിൽ ഗുണ്ടൂരിലെ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ട്യൂഷന് പോകുകയായിരുന്ന അമർനാഥിനെ യുവാക്കൾ തടഞ്ഞു നിർത്തി കുട്ടിയുടെ മേൽ പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. പ്രതികൾ സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ടു. അമർനാഥിെന്റ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണം നടത്തിയത് വെങ്കിടേശ്വര റെഡ്ഡിയും(21) സുഹൃത്തുക്കളും ചേർന്നാണന്ന് പോലീസ് അറിയിച്ചു. അതേസമയം സഹോദരിയെ ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായതായി അമർനാഥിന്റെ മുത്തച്ഛൻ റെഡ്ഡയയും പറയുന്നു. പോലീസ് പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






