
കുഞ്ചിത്തണ്ണി: വൈദ്യുതി വകുപ്പിന്റെ കെട്ടിടങ്ങള്‍ അനധികൃതമായി വാടകയ്ക്ക് നല്‍കുന്നതായും, വാടകയ്ക്ക് എടുത്തയാള്‍ കൂടിയ വാടകക്ക് മൂന്നാമന് മറിച്ചുനല്കുന്നതായും പരാതി. ചിത്തിരപുരം കോളനിയില്‍ ചെകുത്താന് മുക്കില്‍ നിന്നും ചിത്തിരപുരത്തിനുള്ള റോഡിനു മുകള്‍ വശത്തുള്ള കെട്ടിടമാണിങ്ങനെ വാടകക്ക് നല്‍കിയത്.
ആദ്യം കെ.എസ്.ഇ.ബി ബോര്‍ഡ് വക കെട്ടിടം ഉദ്യോഗസ്ഥര്‍ 1600 രൂപ വാടകയ്ക്ക് സ്വകാര്യവ്യക്തിക്ക് നല്‍കുകയും പിന്നീട് ആ വ്യക്തി കെട്ടിടം കൂടിയ വാടകയ്ക്ക് മൂന്നാമത് ഒരാള്‍ക്ക് നല്‍കുകയായിരുന്നു. വൈദ്യുതിവകുപ്പ് വക കെട്ടിടം വാടകയ്ക്ക് സ്വകാര്യ വ്യക്തികള്‍ക്ക് നല്കാന് നിയമമുണ്ടോയെന്ന സംശയത്തിലാണ് പ്രദേശവാസികള്‍.
കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍, പൊന്മുടി, ചെങ്കുളം, ചിത്തിരപുരം, മീന്‍കട്ട്, പവര്‍ഹൗസ്, മാട്ടുപ്പെട്ടി, കുണ്ടള, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം െവെദ്യുതി വകുപ്പിന് നിരവധി കെട്ടിടങ്ങളും നൂറുകണക്കിന് ഏക്കര്‍ സ്ഥലവുമുണ്ട്. കാലപ്പഴക്കത്താലും, യഥാസമയം അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതിനാലും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു പോകുകയും, ചില കെട്ടിടങ്ങളുടെ കട്ടിള, ജനല്‍, ഷീറ്റ് എന്നിവ പൊളിച്ചുകൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്.
പലയിടത്തും ബോര്‍ഡിന്റെ വക സ്ഥലം കൈയേറിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ചിത്തിരപുരം മീന്‍കട്ട് പവര്‍ഹൗസ് എന്നിവിടങ്ങളിലുള്ള സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും സംരക്ഷണ ചുമതലയുള്ള ക്യാമ്പ് എ.ഇ യും മേല്‍ ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെയാണ് കെട്ടിടം വാടകയ്ക്ക് നല്‍കിയതെന്ന് വ്യാപകമായ ആരോപണമുണ്ട്. ഇതു സംബന്ധിച്ച് െവെദ്യുതിവകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






