
പാലക്കാട് : കോളേജില്‍ അദ്ധ്യാപകജോലി നേടിയെടുക്കാന്‍ വ്യാജ രേഖ സമര്‍പ്പിച്ചു എന്ന കേസില്‍ കെ. വിദ്യയ്ക്കു തെളിവു നശിപ്പിക്കാന്‍ ആവശ്യത്തിന് സമയം നല്‍കിയെന്ന ആരോപണം രൂക്ഷമാണ്. വിവാദം തുടങ്ങി 15 ാം ദിവസം മാത്രം അറസ്റ്റ് ചെയ്ത വിദ്യയ്ക്കെതിരേ കുറ്റം തെളിയിക്കാന്‍ പോലീസ് വിയര്‍ക്കും.
കേസില്‍ വിദ്യയെ കുറ്റക്കാരിയെന്ന് സ്ഥിരീകരിക്കാന്‍ പോലീസിന് ഇനിയും അനേകം തെളിവുകള്‍ ഹാജരാക്കേണ്ടി വരും. കോളജുകളില്‍ കൂടിക്കാഴ്ചയ്ക്കു സമര്‍പ്പിച്ചെന്നു പറയുന്ന രേഖകള്‍ മാത്രമാണ് വിദ്യയ്ക്ക് എതിരേ ഇപ്പോള്‍ പോലീസിന്റെ കൈവശമുള്ളത്. വിദ്യ ഹാജരാക്കിയെന്ന് പറയപ്പെടുന്ന വ്യാജരേഖയുടെ അസ്സല് കണ്ടെത്തുകയാണ് പോലീസിന് മുന്നിലുള്ള വെല്ലുവിളി.
പൊലീസിന്റെ കൈവശം ഇപ്പോഴുള്ള വ്യാജരേഖകളുടെ പകര്‍പ്പുകള്‍ മാത്രമാണ് കയ്യിലുള്ളതെന്നാണ് സൂചന. രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയെന്ന് സമര്‍ത്ഥിക്കാന്‍ വിദ്യ ഹാജരായ സമയത്തു നല്കിയ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിലെ സീലിന്റെയും ഒപ്പിന്റെയുമെല്ലാം ഒറിജിനല്‍ കണ്ടെത്തി താരതമ്യം ചെയ്യണം.
രേഖകള്‍ പൊലീസ് കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ കുറ്റം തെളിയിക്കാനും ദുഷ്ക്കരമാകും. വിവാദം പുറത്തുവന്നു രണ്ടാഴ്ചയോളം വിദ്യ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം മാത്രമാണ് വിദ്യയെ പോലീസിന് അറസ്റ്റ് ചെയ്യാനായത്. ഇതോടെയാണ് വിദ്യയെ കസ്റ്റഡിയില്‍ എടുക്കാന്‍ താമസിച്ചതിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കാന്‍ വിദ്യയ്ക്ക് മതിയായ സമയം നല്കിയ ശേഷമാണ് പോലീസ് പിടികൂടിയതെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം.
തെളിവുകളെല്ലാം നശിപ്പിക്കാനും കേസില്‍ സുരക്ഷിതമാകാനും വിദ്യയ്ക്ക് ആവശ്യമായ സമയം നല്‍കിയെന്ന ആരോപണം ഈ സാഹചര്യത്തിലാണ് ഉന്നയിക്കപ്പെടുന്നത്. പകര്‍പ്പുകളുടെ ഒറിജിനല്‍ കണ്ടെത്തുന്നതിനു വിദ്യയെ കസ്റ്റഡിയില്‍ വേണമെന്നു പോലീസ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.






