
കൊച്ചി: വ്യാജരേഖ കേസില്‍ വിവാദനായിക കെ. വിദ്യയെ സഹായിച്ചവര്‍ക്കെതിരേ കേസെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. വിവാദം തുടങ്ങി 15 ദിവസത്തിന് ശേഷം വിദ്യയെ മുന്‍ എസ്എഫ്ഐ നേതാവിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാജരേഖാ വിവാദം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഒളിവില്‍ പോയ വിദ്യയെ കുടുക്കിയത് കൂട്ടുകാരിയുടെ സെല്‍ഫിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒളിവില്‍ പോയ വിദ്യ കൂട്ടുകാരിയുടെ ഫോണിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞിരുന്നത്. ഈ ഫോണ്‍ ലൊക്കേഷന്‍ വെച്ചാണ് പോലീസ് വിദ്യയെ പിടികൂടിയത്.
സ്വന്തം ഫോണ്‍ ഓഫ് ചെയ്തിരുന്നതിനാല്‍ വിദ്യയെ ട്രാക്ക് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വിദ്യയുമായി ബന്ധമുള്ളവരുടെ ഫോണുകള്‍ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ഒരാഴ്ചയ്ക്ക് ഇടയില്‍ കൂട്ടുകാരിയ്ക്കൊപ്പമുള്ള വിദ്യയുടെ സെല്‍ഫി പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. പിന്നീട് ഈ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. തനിക്കെതിരേ ഗൂഡാലോചന നടന്നെന്ന വാദം ആവര്‍ത്തിക്കുകയാണ്. മഹാരാജാസ് കേന്ദ്രീകരിച്ച് ചില അധ്യാപകര്‍ വന്‍ ഗൂഢാലോചന നടത്തിയെന്നും അട്ടപ്പാടി പ്രിന്സിപ്പാളാണെന്നുമാണ് അതിന് തുടക്കമിട്ടതെന്നും ഇവര്‍ ആരോപിക്കുന്നു. കേസില്‍ ഒളിവില്‍ പോയിട്ടില്ലെന്നും നോട്ടീസ് കിട്ടിയാല്‍ ഹാജരാകുമായിരുന്നുവെന്നും വിദ്യ പറയുന്നു.






