
ന്യൂഡല്‍ഹി: പട്ടാപ്പകല്‍ അതിവേഗ പാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ബൈക്കിലെത്തിയ സംഘം പണം കൊള്ളയടിച്ച സംഭവത്തില്‍ പ്രതികളെ ദിവസങ്ങള്‍ക്കുള്ളില്‍ പോലീസിന് പൊക്കിയത് ഒരു ത്രില്ലര്‍ സിനിമയെ വെല്ലുന്ന രീതിയില്‍. ഡല്‍ഹിയിലെ പ്രഗതി മൈദാന് ടണലില്‍ ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.
നഗരത്തിലെ ക്രമസമാധാന പാലനം വലിയ ചര്‍ച്ചയായി മാറിയപ്പോള്‍ സമയബന്ധിതമായി കുറ്റവാളികളായ അഞ്ചുപേരെയും പോലീസ് പൊക്കുകയും ചെയ്തു. ക്രൈംബ്രാഞ്ച് തലവന്‍ രവീന്ദ്രയാവിന്റെ നേതൃത്വത്തിലാണ് പോലീസ് ഉടന്‍ തന്നെ പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ ത്രില്ലര്‍ സിനിമകളെ വെല്ലുന്ന അന്വേഷണമാണ് പോലീസ് സംഘം നടത്തിയത്.
പണം കൊള്ളയടിച്ച ശേഷം അക്രമിസംഘം എത്രയും പെട്ടെന്ന് ഒളിവില്‍ പോകുകയും ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. സാങ്കേതിക സംവിധാനത്തിന്റെ സഹായവും പോലീസ് ബുദ്ധിയും ചേര്‍ന്നതോടെ എല്ലാം വഴിക്കുവന്നു. ടണലുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം സ്വീകരിക്കാനാണ് തങ്ങളുടെ ഉദ്യോഗസ്ഥരോട് ക്രൈംബ്രാഞ്ച് ആദ്യം ആവശ്യപ്പെട്ടത്. ഇതിനൊപ്പം പ്രദേശത്തെ സിസിടിവി കാമറകളുടെ ദൃശ്യം വിശദമായി പരിശോധിച്ചു.
വിശാല്‍ എന്നയാള്‍ക്ക് വയറ്റില്‍ വെടിയേറ്റു എന്ന നിലയില്‍ കിട്ടിയ ഒരു വിവരമാണ് കേസില്‍ കിട്ടിയ ആദ്യ ലീഡ്. ബുരാരി ചൗക്കില്‍ താന്‍ നില്ക്കുമ്പോള് ഒരാള്‍ വന്ന് വെടിവെച്ച ശേഷം ഓടിപ്പോയെന്നാണ് ഇയാള്‍ നല്കിയ മൊഴി. ഇയാളുടെ പരാതിയില്‍ അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയും നടത്തിയെങ്കിലും കാര്യമായി ഒരു വിവരവും കിട്ടിയില്ല. എന്നാല്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും താന്‍ ഒരു കൊള്ളസംഘത്തിന്റെ ഭാഗമായിരുന്നെന്നും ഒരു കാഷ് കളക്ഷന്‍ ഏജന്റിനെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ട് ഇവര്‍ ആയുധങ്ങള്‍ വാങ്ങിയിരുന്നതായും പറഞ്ഞു. കുറ്റകൃത്യത്തിനുപയോഗിച്ച പിസ്റ്റളില്‍ നിന്നും അബദ്ധത്തില്‍ തനിക്ക് വെടിയേറ്റതാണെന്നും ഇയാള്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ താന്‍ ഉള്‍പ്പെട്ട ഗ്യാംഗിന്റെ പേരു കൂടി ഇയാള്‍ക്ക് പറയേണ്ടി വന്നു.
ഇതിനൊപ്പം നടത്തിയ അന്വേഷണത്തില്‍ കൊള്ളയടിക്കലിന് രണ്ടു ദിവസം മുമ്പും കൊള്ള നടന്നുകഴിഞ്ഞ ശേഷവും തൊട്ടടുത്ത ഒരു ഹാളില്‍ പാര്‍ട്ടി നടന്നതായി പോലീസിന് വിവരം കിട്ടി. ഇതിനൊപ്പം ബുരാരി സ്വദേശിയായ ഒരു ഉസ്മാന് എന്നയാളാണ് കൊള്ളയുടെ ബുദ്ധികേന്ദ്രമെന്നും കൊള്ളമുതല്‍ പങ്കിടാനും മദ്യപിക്കാനുമായി എല്ലാവരും ഇവിടെയെത്തിയെന്ന വിവരവും.
ചെങ്കോട്ടയ്ക്ക് സമീപമുള്ള ഒരു സ്പോട്ടിലെ വീഡിയോകളും പരിശോധിച്ചപ്പോള്‍ രണ്ടു ക്യാഷ് ഏജന്റുമാര്‍ ഒരു സൈക്കിള്‍ റിക്ഷയില്‍ നിന്നും പണം ഒരു ഒലാ ക്യാബിലേക്ക് മാറ്റുന്നതായും കണ്ടെത്തി. ഈ വീഡിയോ ദൃശ്യത്തില്‍ നിന്നും രണ്ടുപേരെ സ്പോട്ട് ചെയ്ത പോലീസ് അത് ഉസ്മാനും സമിത്തുമാണെന്ന് കണ്ടെത്തി. ഇവര്‍ തൊട്ടടുത്ത് നിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു. അതിന് ശേഷം ഇവരെ കണ്ടെത്താനായിരുന്നു പോലീസിന്റെ അടുത്ത ശ്രമം.
അതിനായി ഇവരുടെ ഫോണ്ഡേറ്റാ പരിശോധിച്ചു. റെഡ്ഫോര്ട്ടിലെയും പ്രഗതി ടണലിെലയും ഫോണ്‍രേഖകളാണ് വേണ്ടിയിരുന്നത്. പതിനായിരക്കണക്കിന് നമ്പറില്‍ ഈ രണ്ടു സ്ഥലത്തുനിന്നുള്ള വിളികളില്‍ ഏതെങ്കിലും കോമണ്‍ നമ്പറുണ്ടോ എന്നായി അടുത്ത പരിശോധന. ഇതാണ് എല്ലാവരിലേക്കും എത്തിച്ചത്. ഡല്‍ഹി, യു.പി., ഹരിയാന എന്നിവിടങ്ങളില്‍ തെരച്ചില്‍ നടത്തിയ ക്രൈംബ്രാഞ്ച് സംഘം രണ്ടുപേരെ പിടികൂടിയപ്പോള്‍ രണ്ടുപേരെ ഡല്‍ഹിപോലീസും പിടികൂടി.






