ന്യുഡല്‍ഹി: ഈ മാസം 13-14 തീയതികളില്‍ ബംഗലൂരുവില്‍ ചേരാനിരുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം മാറ്റിവച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിനു മുന്‍പ് മറ്റൊരു തീയതിയില്‍ യോഗം നടക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. തീയതി എത്രയും വേഗം പ്രഖ്യാപിക്കും. എല്ലാ കക്ഷികളുമായി ചര്‍ച്ച നടക്കുകയാണ്. തീയതി വൈകാതെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍സിപിയിലെ പിളര്‍പ്പിന്റെ പേരിലല്ല യോഗം മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. അജിത് പവാറിനെതിരെ അടുത്തകാലത്ത് പ്രധാനമന്ത്രി മോദി വലിയ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ രാഷ്ട്രീയ നാടകം. ഇത് ഇഡി സ്പോണ്‍സേര്‍ഡ് കളിയാണ്. ഇത് മഹാവികാസ് അഘാഡിയെ ബാധിക്കില്ല.
ബിജെപിക്കെതിരെ കൂടുതല്‍ ശക്തമായി ആരകമണം തുടരും. പ്രതിപക്ഷ ഐക്യത്തെ അത് ബാധിക്കില്ല. അത് എന്‍സിപിയിലെ പ്രശ്നമാണ്. പാര്‍ട്ടിയിലെ ഏറ്റവും സമുന്നതനായ നേതാവാണ് ശരത് പവാര്‍. വിഷയം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് അറിയാം. ചില നേതാക്കള്‍ പാര്‍ട്ടി മാറി എന്നതുകൊണ്ട് അനുയായികളും വോട്ടര്‍മാരും അവര്‍ക്കൊപ്പം പോകില്ല. മഹാരാഷ്ട്രയില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകള്‍ അതാണ് കാണിക്കുന്നതെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.






