
ബാഗ്ദാദ്: സ്വീഡനില്‍ ഇസ്ളാമതത്തിന്റെ വിശുദ്ധഗ്രന്ഥമായ ഖുറാന് അഗ്നിക്കിരയാക്കിയ സംഭവത്തില്‍ ഇറാഖിലെ ഫുട്ബോള്‍ മൈതാനത്തില്‍ വരെ പ്രതിഷേധം. കഴിഞ്ഞദിവസം ഇറാഖി ലീഗില്‍ നടന്ന മത്സരത്തില്‍ ആരാധകരും ഒഫീഷ്യലുകളും ഖുറാനുമായി കളിക്കളത്തിലെത്തി.
ഇറാഖി ഫുട്ബോള്‍ ലീഗില്‍ അല്‍ ഷോര്‍ട്ട അല്‍ ഖ്വാസീം ക്ലബ്ബുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോഴായിരുന്നു എല്ലാവരും ഖുറാനുമായി ഗ്രൗണ്ടില്‍ എത്തിയത്. കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും പുറമേ കാണികളും ഖുറാനുമായി എത്തിയിരുന്നു. 'ഖുര്‍ആന്‍ നമ്മുടെ ശാശ്വത നിയമമാണ്, അതിനെ പ്രതിരോധിക്കുന്നത് ഓരോ മുസ്ലീമിനും നിര്‍ബന്ധമാണ്.' എന്നെഴുതിയ ഒരു ബാനര്‍ ഒരു കൂട്ടം ആരാധകര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.
ഈദ് അല്‍-അദ്ഹയുടെ ആദ്യ ദിവസം തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ ഏറ്റവും വലിയ പള്ളിക്ക് പുറത്ത് ഖുറാന് പകര്‍പ്പ് അഗ്നിക്കിരയാക്കിയിരുന്നു. ഒരു ഇറാഖി വംശജനാണ് ഇത് ചെയ്തതെന്നും അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ പ്രവര്‍ത്തി. ഇത് ലോകത്തുടനീളമുള്ള ഇസ്ളാമിക രാജ്യങ്ങളില്‍ വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു.
ഇറാഖ്, തുര്‍ക്കി, യുഎഇ, ജോര്‍ദാന്‍, ഇറാന് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ തങ്ങളുടെ സ്വീഡന്റെ അംബാസഡര്‍മാരെ വിളിച്ചുവരുത്തി ഈ നടപടി അപലപിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഖുറാന് കത്തിച്ച ഇറാഖി അഭയാര്‍ത്ഥി സല്വാന് മോമികയെ കൈമാറണമെന്ന് ഇറാഖ് ജുഡീഷ്യറി സ്വീഡനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ബാഗ്ദാദിലെ സ്വീഡിഷ് എംബസിയില്‍ നൂറുകണക്കിന് ആളുകള്‍ പ്രതിഷേധിക്കുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നു.






