
കണ്ണൂര്‍: അര്‍ദ്ധരാത്രിയോടെ തോട്ടടയില്‍ മിനിലോറിയുമായി കൂട്ടിയിടിച്ചു ബസ് തലകീഴായി മറിഞ്ഞു. സംഭവത്തില്‍ ഒരാള്‍ മരണമടഞ്ഞു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരാള്‍ക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നു. ചികിത്സ തേടിയ ശേഷം 10 പേര് ആശുപത്രി വിട്ടിട്ടുണ്ട്.
മരണമടഞ്ഞയാളുടെ കൃത്യവിവരം പുറത്തുവന്നിട്ടില്ല. മംഗലാപുരത്ത് നിന്നും പത്തനംതിട്ടയിലേക്ക് പോയ കല്ലടയുടെ എ.സി. സ്ളീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. രാത്രി 12.45 നായിരുന്നു അപകടമുണ്ടായത്. ഒരു വളവ് തിരിയുന്നതിനിടയില് ബസിന്റെ പിന്‍ഭാഗത്ത് ലോറിയിടിച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് വിവരം. അപകടം നടക്കുന്ന സമയത്ത് യാത്രക്കാരില്‍ മിക്കവരും നല്ല ഉറക്കത്തിലായിരുന്നു.
കണ്ണൂരില്‍ നിന്നും തലശ്ശേരിയിലേക്ക് മീന്‍ കയറ്റി വന്നതായിരുന്നു ലോറി. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പരിക്കേറ്റത് ബസിന്റെ പിന്‍ഭാഗത്ത് ഇരുന്നവര്‍ക്ക്. മുന്‍ഭാഗത്ത് ഇരുന്നവര്‍ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. അപകടമറിഞ്ഞ് ഓടിയെത്തിയവര്‍ ബസിന്റെ ചില്ലുകളൊക്കെ പൊട്ടിച്ചാണ് ആള്‍ക്കാരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ബസ് ഇടക്കാട് പോലീസ് സ്റ്റേഷനിലാണ്.






