
പത്തനംതിട്ട: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി സംസ്ഥാനസര്‍ക്കാര്‍ ഒടുവില്‍ മെട്രോമാന് ഇ. ശ്രീധരന്റെ സഹായം തേടിയെങ്കിലും പദ്ധതി പ്രഖ്യാപിതരീതിയില് നടപ്പാകാനുള്ള സാധ്യത മങ്ങി. സഹകരിക്കാമെന്നു ശ്രീധരന് ഏറ്റെങ്കിലും അദ്ദേഹത്തിന്റെ മനസിലുള്ളതു സില്‍വര്‍ ലൈനല്ല. പകരം, കേന്ദ്ര-സംസ്ഥാന പങ്കാളിത്തോടെ ഭാവിയില്‍ അതിവേഗ റെയില്‍ പാതയായി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന പദ്ധതി.
സില്‍വര്‍ ലൈനിനായി വന്‍തുക വിദേശവായ്പയെടുക്കുന്നതിനോടും അദ്ദേഹം വിയോജിപ്പറിയിച്ചു. ശ്രീധരന് മുന്നോട്ടുവച്ച പദ്ധതിയില്‍ കെ-റെയിലിനു പങ്കാളിത്തമുണ്ടാകില്ല. പകരം റെയില്‍വേയോ ഡി.എം.ആര്.സിയോ പദ്ധതി നടപ്പാക്കും. 60% പണം കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ തുല്യമായി വഹിക്കണം. ബാക്കിത്തുക വായ്പയാകാം. ഭൂമി ഏറ്റെടുക്കല്‍ ചെലവ് പൂര്‍ണമായും സംസ്ഥാനസര്‍ക്കാര്‍ വഹിക്കേണ്ടിവരും.
സംസ്ഥാനസര്‍ക്കാര്‍ ഫ്രഞ്ച് കമ്പനിയായ സിസ്ട്രയെക്കൊണ്ടു തയാറാക്കിച്ച വിശദപദ്ധതിരേഖ (ഡി.പി.ആര്) ഉടച്ചുവാര്‍ക്കേണ്ടിവരും. തിട്ടയിലൂടെയുള്ള പാതനിര്‍മാണം ഒഴിവാക്കി, ഭൂഗര്ഭപാതയോ ആകാശപാതയോ രണ്ടുംകൂടിയോ ആണ് ശ്രീധരന് നിര്‍ദേശിക്കുന്നത്. സിസ്ട്രയുടെ ഡി.പി.ആര്. പരിസ്ഥിതി ആഘാതപഠനവും സാമൂഹികാഘാത പഠനവും ജിയോ ടെക്നിക്കല്‍ സര്‍വേയും പൂര്‍ണമായി നടത്താതെ തയാറാക്കിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി 132 കിലോമീറ്റര്‍ പാത വയലിലൂടെയാണു സിസ്ട്ര നിര്‍ദേശിച്ചത്. എന്നാല്‍, അത്തരം പാതയില്‍ പരമാവധി വേഗം 80 കി.മീ. മാത്രമാകും. പ്രതലം താഴാനും സാധ്യതയേറെ. വി.എസ്. സര്‍ക്കാരിന്റെ കാലത്ത് 2010-ല്‍ അന്നത്തെ വ്യവസായമന്ത്രി എളമരം കരീം മുന്‍കൈയെടുത്താണ് അതിവേഗപാത പദ്ധതിക്കായി ആദ്യം തന്നെ സമീപിച്ചതെന്നു ശ്രീധരന് പറഞ്ഞു.
അന്ന് ഡി.എം.ആര്.സി. തയാറാക്കിയ പദ്ധതി ഒഴിവാക്കിയാണു സംസ്ഥാനസര്‍ക്കാര്‍ വിദേശസഹായത്തോടെ സില്‍വര്‍ െലെന്‍ പദ്ധതിക്കായി ഇറങ്ങിത്തിരിച്ചത്. പഴയ പദ്ധതിയുടെ ഡി.പി.ആര്. സര്‍ക്കാരിന്റെ പക്കലുണ്ട്. അത് പുതിയ പദ്ധതിക്ക് ഉപയോഗിക്കാവുന്നതാണെന്നും ശ്രീധരന് ചൂണ്ടിക്കാട്ടി.






