
ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ അത്യപൂർവ്വ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഓഫ് സ്പിന്നർ ആർ അശ്വിൻ. ടെസ്റ്റ് ചരിത്രത്തിൽ അച്ഛനെയും മകനെയും പുറത്താക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് അശ്വിൻ സ്വന്തമാക്കിയത്. വിൻഡീസിനെതിരെ ആദ്യ ടെസ്റ്റിൽ വിന്‍ഡീസ് ഓപ്പണര്‍ തഗെനരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റെടുത്തതോടെയാണ് അശ്വിൻ ചരിത്രം കുറിച്ചത്.
നേരത്തെ തഗെനരെയ്ൻ ചന്ദർപോളിന്റെ പിതാവ് ശിവനരൈൻ ചന്ദർപോളിനെയും അശ്വിൻ പുറത്താക്കിയിട്ടുണ്ട്. 2012ൽ ഡൽഹിയിൽ നടന്ന ടെസ്റ്റിലാണ് അശ്വിൻ ശിവനരൈനെ പുറത്താക്കിയത്.ഒന്നാം ദിവസം ആദ്യ സെഷനിലാണ് അശ്വിൻ തഗെനരെയിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. അശ്വിന്റെ തകർപ്പനൊരു ഓഫ് കട്ടറിൽ സ്റ്റംപ് തെറിക്കുകയായിരുന്നു. ക്ലീൻ ബോൾഡായ കാര്യം മനസിലാക്കാൻ ബാറ്റർക്ക് അൽപ്പസമയം എടുക്കേണ്ടിവന്നെന്ന് മാത്രം.
അതേസമയം ടെസ്റ്റ് ക്രിക്കറ്റിൽ ഇയാന്‍ ബോതം, വസീം അക്രം, മിച്ചല്‍ സ്റ്റാര്‍ക്ക്, സൈമണ്‍ ഹാര്‍മര്‍ എന്നിവരും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാം ടെസ്റ്റില്‍ ആര് അശ്വിന് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ആറാമെത്താനും അശ്വിന് സാധിച്ചിരുന്നു. 93 ടെസ്റ്റില്‍ നിന്ന് 33-ാം തവണയാണ് അശ്വിന് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ആന്ഡേഴ്സണ് (32), ഗ്ലെന്‍ മക്ഗ്രാത് (29), ഇയാന്‍ ബോതം (27), ഡെയ്ല്‍ സ്റ്റെയ്ന് (26) എന്നിവരെയാണ് അശ്വിന് മറികടന്നത്.





