
തിരുവനന്തപുരം : വര്‍ക്കലയില്‍ വിവാഹത്തലേന്ന് അച്ഛന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച വിവാഹം നടന്നു. വര്‍ക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി അച്ഛനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിവാഹം മാറ്റിവെച്ചത്. ശിവഗിരി ശാരദാ മഠത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
ചെറുമയ്യൂര്‍ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. നേരത്തെ ഈ വിവാഹം നിശ്ചയിച്ച ദിവസത്തിന്റെ തലേന്ന് രാത്രിയാണ് രാജു കൊല്ലപ്പെട്ടത്. അതേ തുടര്‍ന്ന് വിവാഹം മാറ്റിവെച്ചിരുന്നു. പിന്നീട് കുടുംബത്തിന് എല്ലാ വിധ പിന്തുണയും നല്കി വിനവും കുടുംബവും ഒപ്പം നിന്നു. വിനുവിന്റെ കുടുംബം മുന്‍കൈയെടുത്താണ് മാറ്റിവച്ച വിവാഹം ശാരദാമഠത്തില്‍ വച്ച് നടത്തിയത്.
വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് നാട്ടുകാരനായ യുവാവും സംഘവുമാണ് രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ശ്രീലക്ഷ്മിയുടെ വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ കഴിഞ്ഞ മാസം 27നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവിനെ നാലംഗ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.
ശ്രീലക്ഷ്മി മറ്റൊരു വിവാഹത്തിന് തയ്യാറായതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ജിഷ്ണു, ജിജിന്, ശ്യാം , മനു എന്നിവരാണ് രാജുവിന്റെ കൊലപാതകത്തിലെ പ്രതികള്‍.കല്യാണത്തലേന്ന് വീട്ടില്‍ ബന്ധുക്കള്‍ അല്ലാതെ മറ്റാരുമില്ല എന്ന് മനസിലാക്കിയാണ് പ്രതികള്‍ ശ്രീലക്ഷ്മിയുടെ വീട്ടില്‍ എത്തിയത്.
ആദ്യം ശ്രീലക്ഷ്മിയുമായി വഴക്കിട്ട പ്രതികള്‍, ശബ്ദം കേട്ട് ഓടിയെത്തിയ രാജുവിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.






