
ഡൊമനിക്ക : വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ മൂന്നാം നാള് ഇന്നിംഗ്സ് വിജയം നേടി ഇന്ത്യ. 271 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന് 50 ഓവറില്‍ എല്ലാവരെയും നഷ്ടപ്പെട്ടു. വെറും 130 റണ്‍സിനാണ് വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചത്. ഇതോടെ രോഹിത് ശര്‍മയും സംഘവും ഇന്നിംഗ്സിന്റെയും 141 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.
രണ്ടാം ഇന്നിംഗ്സില്‍ 71 റണ്‍സിന് ഏഴുവിക്കറ്റ് നേടിയ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് വിന്‍ഡീസ് പടയെ മുട്ടുകുത്തിച്ചത്. ആദ്യ ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുകള്‍ നേടിയ അശ്വിന് ഇതോടെ 12 വിക്കറ്റ് സ്വന്തമാക്കി. രവീന്ദ്ര ജഡേജ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി . 28 റണ്‍സ് നേടിയ അലിക്ക് അതനസെയാണ് വിന്‍ഡീസിന്റെ ടോപ് സ്കോര്‍. ജോസണ്‍ ഹോള്‍ഡര്‍ (20) പുറത്താവാതെ നിന്നു. റെയ്മോന്‍ റീഫര്‍ (11) , ജോഷ്വ ഡ സില്‍വ (13) ജോമല്‍ വറിക്കന്‍ (18) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.
മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 421 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150നെതിരെ ഇന്ത്യ അഞ്ചിന് 421 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ യഷസ്വി ജയ്സ്വാള്‍ 171 റണ്‍സെടുത്ത് പുറത്തായി. വിരാട് കോലി 76 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നലെ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. 387 പന്തില്‍ 16 ഫോറും ഒരു സിക്സും ഉള്‍പ്പെട്ടതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്.
ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ ഒന്‍പത് ബൗളര്‍മാരെയാണ് വിന്‍ഡീസ് പരീക്ഷിച്ചത്. ടാഗ്നരെയ്ന് ചന്ദര്‍പോള്‍, വിക്കറ്റ് കീപ്പര്‍ ജോഷ്വ ഡിസില്‍വ എന്നിവരൊഴികെ എല്ലാവരും വിന്‍ഡീസിനായി പന്തെറിഞ്ഞു.2023- 2025 ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യത്തെ വിജയത്തിന് കൂടിയാണ് ഡൊമിനിക്കയിലെ വിന്‍ഡ്സര്‍ പാര്‍ക്ക് സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്.






