
തിരുവനന്തപുരം: എസ്എഫ്ഐ നേതാവായിരുന്ന നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയ കേസില്‍ കായംകുളം എംഎസ്എം കോളജിന് ഗുരുതര വീഴ്ച വന്നുവെന്ന് കേരള സര്‍വകലാശാല. കോളജിലെ കൊമേഴ്സ് വിഭാഗത്തിന്റേയും അന്നത്തെ പ്രിന്‍സിപ്പലിന്റെ ഭാഗത്തും വീഴ്ചയുണ്ട്. 2017-2020 വര്‍ഷത്തില്‍ നിഖില്‍ തോമസ് കോളജില്‍ പഠിച്ചതിന്റെയും പരീക്ഷ എഴുതിയതിന്റെയും ഒരു വിശദാംശങ്ങളും കോളജില്‍ സൂക്ഷിച്ചിട്ടില്ല. രേഖകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ബികോം തോറ്റയാള്‍ക്ക് എംകോം പ്രവേശനം നല്കാന് കഴിയില്ലായിരുന്നു. കോളജിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ വിശദമായ പരിശോധന നടത്തുമെന്നും സര്‍വലകശാല അറിയിച്ചു.
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദമായതോടെ സര്‍വകലാശാല ആവശ്യപ്പെട്ട രേഖകള്‍ നല്കാന് എംഎസ്എം കോളജിന് കഴിഞ്ഞിരുന്നില്ല.
എംഎസ്എം കോളജില്‍ ബികോം തോറ്റ നിഖില്‍ തോമസ് ഇതേ കാലഘട്ടത്തില്‍ തന്നെ കലിംഗ സര്‍വകലാശാലയില്‍ ബികോം പഠിച്ചുവെന്നും പാസായെന്നും കാണിച്ചുള്ള സര്‍ട്ടിഫിക്കറ്റുമായി എത്തിയാണ് എംകോം പ്രവേശനം നേടിയത്. എന്നാല്‍ നിഖില്‍ തോമസ് എന്ന ഒരു വിദ്യാര്‍ത്ഥി കലിംഗയില്‍ പഠിച്ചിട്ടില്ലെന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും സര്‍വകലാശാല വ്യക്തമാക്കിയിരുന്നു.
വിവാദത്തെ തുടര്‍ന്ന് ഒളിവില്‍ പോയ നിഖില്‍ തോമസ് കഴിഞ്ഞ മാസം 29ന് അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.






