
ആലപ്പുഴ: ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന്, പുന്നപ്ര പറവൂര്‍ പബ്ലിക് െലെബ്രറിയുടെ ഭാഗമായ നെയ്തല്‍ നാടക സംഘം നിര്‍ത്തിവച്ച കക്കുകളി നാടകം വീണ്ടും അരങ്ങിലേക്ക്.
ടീം കക്കുകളി പുന്നപ്ര എന്ന പേരില്‍ ഈ നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് അവതരണം പുനരാരംഭിക്കുന്നത്. മേപ്പയ്യൂര്‍ ടി.കെ. കണ്വന്ഷന് സെന്ററില്‍ അടുത്ത മാസം 13നു നാടകം അവതരിപ്പിക്കാന്‍ തീരുമാനമായി. റെഡ്സ്റ്റാര്‍ മേപ്പയ്യൂര്‍ എന്ന ഇടതുസംഘടനയാണ് വേദിയൊരുക്കുന്നത്. വിവാദങ്ങള്‍ ഉയരുകയും സാംസ്കാരിക മന്ത്രി സജി ചെറിയാന് ഉള്‍പ്പടെയുളളവരുടെ വിമര്‍ശനം ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തില്‍ കഴിഞ്ഞ മെയ് മാസം ആദ്യമാണ് കക്കുകളിയുടെ അവതരണം നെയ്തല്‍ നാടക സംഘം നിര്‍ത്തിവച്ചത്.
താല്‍ക്കാലികമായി അവതരണം നിര്‍ത്തിയതായാണ് പറവൂര്‍ പബ്ലിക് െലെബ്രറി ഭാരവാഹികള്‍ അറിയിച്ചിരുന്നതെങ്കിലും പുനരാരംഭിക്കാന്‍ സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് അണിയറപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ വീണ്ടും അരങ്ങിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതെന്ന് സംവിധായകന് ജോബ് മഠത്തില്‍ പറഞ്ഞു. വിവിധ സംഘടനകള്‍ ഈ നാടകം അവതരണത്തിനായി ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നിരുന്നു. അതിന് തയാറാകാതെ സ്വയം അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മുമ്പ് വിമര്‍ശിച്ചവരൊന്നും ഈ നാടകം കണ്ടിരിക്കാനിടയില്ല. ചില സംഘടനകള്‍ അവരുടെ വളര്‍ച്ചയ്ക്കായി വിവാദമുണ്ടാക്കി െവെദികരെ ഉള്‍പ്പടെ തെറ്റിദ്ധരിപ്പിച്ചതാണ്. ഒരു വര്‍ഷവും 14 വേദികളും പിന്നിട്ട ശേഷമാണ് വിവാദങ്ങളുണ്ടായത്. തീരദേശ മേഖലയുടെ ഭൂമിക, ഭാഷ തുടങ്ങിയവ അടയാളപ്പെടുത്തുന്ന കക്കുകളിയില്‍ സദാചാര പ്രശ്നങ്ങളല്ല കന്യാസ്ത്രീ സമൂഹത്തിന്റെ അവകാശങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെന്ന് ജോബ് മഠത്തില്‍ മംഗളത്തോട് പറഞ്ഞു.
കന്യാസ്ത്രീ മഠത്തിലെത്തപ്പെടുന്ന പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ കഥ പറഞ്ഞിരുന്ന കക്കുകളിക്കെതിരേ വന്‍ പ്രതിഷേധമായിരുന്നു ഉണ്ടായത്. പറവൂര്‍ പബ്ലിക് ലൈബ്രറിയുടെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമിയുടെ സഹായത്തോടെ ചിട്ടപ്പെടുത്തിയതാണ് ഈ അമച്വര്‍ നാടകം. പ്രശസ്ത കഥാകൃത്ത് ഫ്രാന്‍സിസ് നൊറോണയുടെ കെ.സി.ബി.സി. പുരസ്കാരം നേടിയ തൊട്ടപ്പന് എന്ന കഥാസമാഹാരത്തിലെ കഥയായിരുന്ന കക്കുകളിയുടെ സ്വതന്ത്രാവിഷ്കാരമായിരുന്നു നാടകം.
ഗുരുവായൂര്‍ നഗരസഭയുടെ സര്‍ഗോത്സവത്തില്‍ അവതരിപ്പിച്ചതോടെയാണ് ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കക്കുകളി നാടക വിവാദത്തിന്റെയും മാസ്റ്റര്‍ പീസ് നോവലിനെതിരേ െഹെക്കോടതിയില്‍ പരാതി വന്നതിന്റെയും പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് നൊറോണ കുടുംബകോടതിയിലെ സീനിയര്‍ ക്ലാര്‍ക്ക് ജോലിയില്‍ നിന്ന് സ്വയം വിരമിക്കുകയും ചെയ്തിരുന്നു.






