
നൂഹ്: ഒരു മതഘോഷയാത്രയെ തുടര്‍ന്ന് ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം കെട്ടടങ്ങുമ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കുകയും ആള്‍ക്കാരെ കൊലപ്പെടുത്തുകയും ചെയ്ത കലാപത്തില്‍ അക്രമികള്‍ പോലീസ് സ്റ്റേഷനും ആക്രമിച്ചതായി എഫ്ഐആര്‍.
നൂഹിലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് തിങ്കളാഴ്ച ആക്രമിക്കപ്പെട്ടതായി ഹരിയാന പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പോലീസ് സ്റ്റേഷന്റെ മതിലുകള്‍ക്ക് ഉള്ളില്‍ കിടന്ന ബസിന് നേരെ അക്രമികള്‍ കല്ലേറ് നടത്തുകയും പോലീസ് സ്റ്റേഷന്റെ ഭീത്തി തകര്‍ക്കാന്‍ ശ്രമിക്കുകയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും പറഞ്ഞിട്ടുണ്ട്.
ആയുധം കൈവശം വെച്ചതുമായി ബന്ധപ്പെട്ട് 10 വകുപ്പുകള്‍ ചുമത്തിയാണ് ഹരിയാന പോലീസ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. പോലീസ് സ്റ്റേഷന് കയ്യേറുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തതായി പറയുന്നു. പോലീസ് സ്റ്റേഷനില്‍ കിടന്ന രണ്ടു പോലീസ് വാനുകളും ഒരു ബസും ആക്രമിച്ചു. ഭിത്തിതകര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കയറുകയും സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന അനേകം കാറുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതായും പറഞ്ഞിട്ടുണ്ട്.
തിങ്കളാഴച മതഘോഷയാത്ര ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് 2000 പേരാണ് സമീപത്തെ ക്ഷേത്രത്തില്‍ അഭയം തേടിയത്. ഗുരുഗ്രാമില്‍ നിന്നും ഒരുകൂട്ടം ആള്ക്കാര് നൂഹില്‍ എത്തി മോസ്ക്കുകള്‍ അഗ്നിക്കിരയാക്കുകയും ഇമാമിനെ കൊലപ്പെടുത്തുകയും നൂറുകണക്കിന് വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. രണ്ടു പോലീസുകാര്‍ ഉള്‍പ്പെടെ ആറു പേരാണ് വര്‍ഗ്ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടത്.
കലാപകാരികള്‍ക്ക് എതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. കലാപം നിയന്ത്രണ വിധേയമാക്കാന്‍ മൊബൈല്‍ ഇന്റര്‍നെറ്റിനും എസ്എംഎസ് സര്‍വീസുകള്‍ക്കും ആഗസ്റ്റ് 5 വരെ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. കലാപം നിയന്ത്രിക്കാന്‍ കൂടുതല്‍ സൈന്യത്തെയും കേന്ദ്രത്തില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്.






