
തിരുവനന്തപുരം : സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പല്‍ നിയമനത്തിൽ സർക്കാരിന് തിരിച്ചടി. സെലക്ഷൻ കമ്മിറ്റി പട്ടികയിലുള്ള 43 പേർക്കും താത്കാലിക നിയമനം നൽകണമെന്ന് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍. ഈ പട്ടിക റദ്ദാക്കി പുതിയ സെലക്ഷൻ നടത്താനായിരുന്നു സർക്കാർ നീക്കം. എന്നാൽ യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ച് വീണ്ടും സെലക്ഷൻ നടത്താൻ സർക്കാരിന് അനുമതിയുണ്ട്.
പ്രിൻസിപ്പല്‍ നിയമനത്തിനായി സെലക്ഷൻ കമ്മിറ്റിയും , ഡിപ്പാർട്ട്മെന്റ് പ്രമോഷൻ കമ്മിറ്റിയും അംഗീകരിച്ച പട്ടികയെ കരട് പട്ടികയാക്കി മാറ്റിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നിർദേശ പ്രകാരം ആയിരുന്നു. മന്ത്രിയുടെ ഈ നിലപാട് തള്ളുന്നതാണ് ലിസ്റ്റിൽ ഉൾപ്പെട്ട 43 പേർക്കും താത്കാലിക നിയമനം നൽകാനുള്ള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ ഉത്തരവ്.
2 ആഴ്ചയ്ക്കകം നിയമന ഉത്തരവ് കൈമാറാനാണ് നിർദേശം. സെലക്ഷൻ കമ്മിറ്റി തയ്യാറാക്കിയ പട്ടിക റദ്ദാക്കി സെലക്ഷൻ നടപടികൾ ആദ്യം മുതൽ നടത്താൻ അനുവദിക്കണം എന്നായിരുന്നു സർക്കാർ വാദം. ഇത് അതേ പടി ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല. പട്ടികയിൽ ഉൾപ്പെട്ടവർക്ക് നിയമനം നല്‍കിക്കൊണ്ട് മാത്രം പുതിയ സെലക്ഷൻ നടത്തിയാൽ മതിയെന്ന് ട്രൈബ്യൂണല്‍ നിലപാട് എടുത്തു. ലിസ്റ്റിൽ ഉൾപ്പെട്ട 43 പേരും റീ സെലക്ഷന്റെ ഭാഗമാകണം. ഇവരുടെ സീനിയോറിറ്റി, സ്ഥിര നിയമനം എന്നിവ അന്തിമ തീർപ്പിന് വിധേയമാണ്.
പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇന്ന് ഹാജരാക്കാൻ ട്രൈബ്യൂണല്‍ നിർദേശിച്ചിരുന്നു. എന്നാൽ ഹാജരാക്കിയ ഫയലുകൾ അപൂർണ്ണമാണെന്ന് ട്രൈബ്യൂണല്ഉത്തരവിൽ പരാമർശമുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച അപ്പീൽ കമ്മിറ്റി തയ്യാറാക്കിയ 76 പേരുടെ പട്ടികയിൽ നിന്ന് നിയമനം നടത്താൻ ആയിരുന്നു സർക്കാർ നീക്കം.
ഇതിന്റെ ഭാഗമായി ലിസ്റ്റിൽ ഉണ്ടായിരുന്നു 43 പേരുടെ നിയമനം സർക്കാർ മാസങ്ങളായി വലിച്ചു നീട്ടി. സർക്കാരിന്റെ ഈ രണ്ട് നീക്കങ്ങൾക്കും തിരിച്ചടി നൽകി കൊണ്ടാണ് ട്രിബ്യൂണൽ ഉത്തരവ്. ട്രൈബ്യൂണല്‍ വിധി അംഗീകരിക്കുന്നു എന്ന് മന്ത്രി ആര് ബിന്ദു പ്രതികരിച്ചു. അർഹരായവർക്ക് നിയമനം ലഭിക്കണമെന്നത് സർക്കാർ നിലപാട് ആണ്. വിധിയുടെ പൂർണ്ണ വിവരങ്ങൾ അറിയില്ലവിധി പരിശോധിച്ചതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.






