
മലയാളത്തിന്റെ പ്രിയ സംവിധായകൻ സിദ്ദിഖിന് വിട നൽകി സാംസ്കാരിക കേരളം. എറണാകുളം സെൻട്രൽ ജുമാമസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. സിനിമാ-സാംസ്കാരിക മേഖലയിലെ നിരവധി പേരാണ് സിദ്ദിഖിന് അന്തിമോപചാരം അർപ്പിക്കാന്‍ എത്തിയിരുന്നത്.
ഭൗതികദേഹം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലും പള്ളിക്കരയിലെ വീട്ടിലും പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കത്തിനായി സെൻട്രൽ ജുമാമസ്ജിദിലേയ്ക്ക് കൊണ്ടുപോയത്. വന്‍ ജനാവലിയാണ് ഭൗതിക ദേഹത്തെ അനുഗമിച്ച് ഖബർസ്ഥാനില്‍ തടിച്ചുകൂടിയത്. ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും അന്തിമോപചാരമർപ്പിക്കാൻ വീട്ടിൽ സൗകര്യമൊരുക്കിയിരുന്നു.
കരള്‍ സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെൃ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ച് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് അദ്ദേഹത്തിന്റെ മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.
സിദ്ദിഖ് കൊച്ചിൻ കലാഭവനിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. ഇവിടെ വെച്ച് തന്നെയായിരുന്നു അദ്ദേഹം പിൽക്കാലത്ത് തന്റെ സംവിധാന പങ്കാളിയായ ലാലുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഈ സൗഹൃദം ഇരുവരുടെയും ജീവിതത്തെ മാറ്റി മറിക്കുകയായിരുന്നു. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല, ഇന്‍ ഹരിഹര്‍നഗര്‍, റാംഞ്ചി റാവു സ്പീക്കിംഗ്, മാന്നാർ മത്തായി, ഹിറ്റ്ലര്‍, ഫ്രണ്ട്സ് തുടങ്ങി അദ്ദേഹത്തിെന്റ നിരവധി ചിത്രങ്ങള്‍ മലയാളികള്‍ നെഞ്ചിലേറ്റിയവയാണ് . മോഹൻലാൽ നായകനായ ബിഗ് ബ്രദറാണ് സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.






