
ചെന്നെ: ബുധനാഴ്ച പാകിസ്താനെതിരേ ഏഷ്യന്‍സ് ചാംപ്യന്‍സ് ഹോക്കിയില്‍ നിര്‍ണ്ണായക മത്സരം കളിക്കാനിറങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ മുന്‍ നായകനും ടീമിന്റെ ഗോള്‍കീപ്പറുമായ ശ്രീജേഷിനെ കാണാന്‍ ഒരു വിശിഷ്ടാതിഥി ഉണ്ടായിരുന്നു. പ്രത്യേക ക്ഷണപ്രകാരം എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര് അശ്വിന്. രണ്ടുപേരും ആലിംഗനവും ചെയ്തു.
ഇന്ത്യന്‍ ഗോള്‍വലയ്ക്ക് മുന്നില്‍ ദശലക്ഷക്കണക്കിന് ആരാധകരെയാണ് ശ്രീജേഷ് ഇതിനകം നേടിയെടുത്തത്. രാജ്യത്തിന്റെ കുപ്പായത്തില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ സഹതാരങ്ങളും മറ്റു കായികതാരങ്ങളും അനുസ്മരിക്കുമ്പോള്‍ ഇന്ത്യയുടെ ഇതിഹാസ താരങ്ങള്‍ക്കൊപ്പം സ്ഥാനം നേടുകയാണ് മലയാളികളുടെ കൂടെ അഹങ്കാരമായ ശ്രീജേഷ്.
മേയര്‍ രാധാകൃഷ്ണന് ഹോക്കി സ്റ്റേഡിയത്തില്‍ ജപ്പാനെതിരേ സെമിഫൈനലിന് ഇറങ്ങുമ്പോള്‍ 300 ാം അന്താരാഷ്ട്ര മത്സരമെന്ന നാഴികക്കല്ലാണ് ശ്രീജേഷ് പിന്നിടുക. ഇന്ത്യന്‍ കുപ്പായത്തില്‍ രണ്ടുദശകം നീണ്ട കായികജീവിതത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ ഈ മുന്‍നായകനെ തേടി വരികയും ചെയ്തു. മലയാളിയാണെങ്കിലും തമിഴനാട് കളിക്കാരനായിട്ടാണ് ശ്രീജേഷ് റജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് വേണ്ടിയാണ് ആഭ്യന്തര ഹോക്കിയില്‍ കളിച്ചത്.
വെള്ളിയാഴ്ച ജപ്പാനാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ഇതുവരെ തോല്‍പ്പിക്കാന്‍ കഴിയാത്ത ടീമാണ് ജപ്പാന്. ആദ്യം ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1 സമനിലയായിരുന്നു ഫലം. അതേസമയം ഇതുവരെ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴത്തെ ഫലങ്ങള്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുന്നതാണ്. 34 കളികളില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ 27 കളി ഇന്ത്യ ജയിച്ചപ്പോള്‍ മൂന്ന് കളി ജപ്പാന് ജയിച്ചു. നാലു കളി സമനിലയുമായി. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ മൂന്ന് ജയം ഇന്ത്യയ്ക്കൊപ്പം നിന്നപ്പോള്‍ ജപ്പാന് ഒരു ജയമാണ് കിട്ടിയത്. ഒരു മത്സരം സമനിലയിലും അവസാനിച്ചു.






