
തിരുവനന്തപുരം: സപ്ലൈക്കോയ്ക്ക് പണം നൽകാത്ത പ്രശ്നത്തിൽ ധനവകുപ്പിനെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പണം നൽകുന്നതിൽ വിവേചനമുണ്ട്. സപ്ലൈക്കോയിലെ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണം.
തങ്ങൾ പറയുന്നത് തെറ്റാണെങ്കിലും തരക്കേടില്ലെന്നും പന്ന്യൻ തുറന്നടിച്ചു. സപ്ലൈക്കോയുടെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കോർപ്പറേഷനിലെ സിപിഐ യൂണിയൻ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിലാണ് പന്ന്യൻ രവീന്ദ്രന്റെ വിമർശനം.
പണം നൽകുന്നതിൽ ധനവകുപ്പ് വിവേചനം കാട്ടുകയാണെന്നും പന്ന്യൻ കുറ്റപെടുത്തി. കൺസ്യൂമർ ഫെഡിന് പണം നൽകുകയും സപ്ലൈക്കോയ്ക്ക് പണം നൽകാതിരിക്കുകയും ചെയ്യുന്നു. ഒരു വിഭാഗത്തെ മാത്രം പരിഗണിക്കരുത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ധനവകുപ്പിന് സപ്ലൈക്കോയോട് ചിറ്റമ്മ നയമാണെന്നായിരുന്നു എഐടിയുസി യൂണിയൻ പ്രസിഡന്റ് പി രാജുവിന്റെ വിമർശനം.
കോഴിക്കോട് സപ്ലൈക്കോയിൽ സാധനങ്ങൾ ഇല്ല എന്ന് എഴുതിയ ബോർഡ് വെച്ചതിൽ മാനേജരെ സസ്പെൻഡ് ചെയ്തത് വിവാദമായിരുന്നു. സപ്ലൈക്കോയെ അപമാനിക്കുന്നതിന് വേണ്ടിയല്ല സാധനമില്ല എന്ന് പരസ്യപ്പെടുത്തിയത്.
ആളുകൾക്ക് ഏതെല്ലാം സാധനം ഡിപ്പോയിൽ ലഭിക്കുമെന്ന് അറിയാൻ വേണ്ടിയും ഇല്ലാത്ത സാധനം വാങ്ങാൻ ആളുകൾ വരി നിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനുമാണ് ബോർഡ് വെച്ചതെന്നും മാനേജർ കെ നിതിൻ വിശദമാക്കിയിരുന്നു. പരസ്യപ്പെടുത്തിയത് മാധ്യമങ്ങളിൽ വാർത്തയായതോടെ സസ്പെൻഷൻ ഉത്തരവിറക്കുകയായിരുന്നു.






