
കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് താരം വനിന്ദു ഹസരങ്ക ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 26-ാം വയസിലാണ് താരത്തിന്റെ അപ്രതീക്ഷിത തീരുമാനം. പരിമിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹസരങ്ക ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നത്. ഹസരങ്കയുടെ തീരുമാനത്തെ സ്വീകരിക്കുന്നുവെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റിന്റെ പ്രതികരണം. പരിമിത ഓവർ ക്രിക്കറ്റിലെ നിർണായക സാന്നിധ്യമാണ് ഹസരങ്കയെന്നും ശ്രീലങ്കൻ ക്രിക്കറ്റ് വ്യക്തമാക്കി.
ശ്രീലങ്കയക്ക് വേണ്ടി നാല് ടെസ്റ്റ് മത്സരങ്ങളാണ് ഹസരങ്ക കളിച്ചിട്ടുള്ളത്. നാല് വിക്കറ്റും ഹസരങ്ക സ്വന്തമാക്കി. ഒരു അർദ്ധ സെഞ്ചുറിയും ഹസരങ്ക നേടിയിട്ടുണ്ട്. 2020 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് താരത്തിന്റെ അരങ്ങേറ്റം. 2021 ൽ ബംഗ്ലാദേശിനെതിരെയാണ് ഹസരങ്ക അവസാനം കളിച്ചത്.
48 ഏകദിനങ്ങളിലും 58 ട്വന്റി 20 യിലും ഹസരങ്ക ശ്രീലങ്കയ്ക്കായി കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ 67 വിക്കറ്റും 832 റൺസും താരം സ്വന്തമാക്കി. നാല് അർദ്ധ സെഞ്ചുറിയും താരം നേടിയിട്ടുണ്ട്. ട്വന്റി 20 യിൽ 91 വിക്കറ്റുകൾ സ്വന്തമാക്കിയ ഹസരങ്ക 533 റൺസും നേടി. ഒരു അർദ്ധ സെഞ്ചുറിയാണ് ഹസരങ്ക ട്വന്റി 20യിൽ നേടിയിട്ടുള്ളത്.




