
ഫ്രഞ്ച് ലീഗില്‍ നിന്നും അമേരിക്കന്‍ ലീഗിലേക്ക് ചേക്കേറിയ സൂപ്പര്‍താരം ലിയോണേല്‍ മെസ്സി അരങ്ങേറ്റ ടൂര്‍ണമെന്റില്‍ തന്നെ കലാശപ്പോരിലേക്ക് ടീമിനെ നയിച്ചു. അമേരിക്കന്‍ ലീഗ്കപ്പില് സ്വന്തം ക്ലബ്ബായ ഇന്റര്‍മയാമിയെ താരം ഫൈനലില്‍ എത്തിച്ചു. സെമിഫൈനലില്‍ ഫിലാഡല്‍ഫിയ യൂണിയനെ 4-1 ന് തകര്‍ത്താണ് ഇന്റര്‍മിയാമി ഫൈനലില്‍ കടന്നത്.
കളിയിലെ രണ്ടാം ഗോള്‍ സൂപ്പര്‍താരത്തിന്റെ വകയായിരുന്നു. ബോക്സിന് പുറത്ത് നിന്നും താരം അടിച്ച നീളന്‍ ഷോട്ട് എതിര്‍ടീമിന്റെ ഗോളിയെ തൊടാന്‍ പോലും അനുവദിക്കാതെ വലയില്‍ കയറുകയായിരുന്നു. പെന്‍സില്‍വാനിയയിലെ സുബാരു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാര്‍ട്ടീനസും ജോര്‍ഡി ആല്‍ബയും റൂയിസും സ്കോര്‍ ചെയ്തു. ഫിലാഡല്‍ഫിയ യൂണിയന്റെ ഏകഗോള്‍ ഫില്ലി നേടി.
മൂന്നാം മിനിറ്റില്‍ തന്നെ മാര്‍ട്ടീനസ് ഗോള്‍ നേടി. സെര്‍ജിയില്‍ നിന്നും നീട്ടികിട്ടിയ പന്ത് ബോക്സിലേക്ക് ഓടിക്കയറി മാര്‍ട്ടീനസ് വലയിലേക്ക് അടിക്കുകയായിരുന്നു. 20 ാം മിനിറ്റിലായിരുന്നു മെസ്സിയുടെ അത്ഭുതഗോള്‍ വന്നത്. കളത്തിന്റെ മദ്ധ്യത്തില്‍ നിന്നും അല്‍പ്പം മാത്രം മുമ്പോട്ട് കയറി മെസ്സി അടിച്ച നീളന്‍ ഷോട്ട് വലയില്‍ കയറുകയായിരുന്നു.
കളിയുടെ നാല്‍പ്പത്തഞ്ചാം മിനിറ്റില്‍ ടെയ്ലര് നല്കിയ പന്ത് ജോര്‍ഡി ആല്‍ബ വലയില്‍ എത്തിച്ചു. 84 ാം മിനിറ്റില്‍ റൂയിസ് സ്കോര്‍ നാലാക്കി ഉയര്‍ത്തുകയും ചെയ്തു. നാഷ്വില്‍ എസ് സിയാണ് കലാശപ്പോരാട്ടത്തില്‍ ഇന്റര്‍മിയാമിയുടെ എതിരാളിയായി വരുന്നത്. ഈ കളിയിലും ഗോള്‍ നേടിയതോടെ കളിച്ച എല്ലാ മത്സരത്തിലും ഗോള്‍ നേടിയ താരമായിട്ടാണ് മെസ്സി മാറിയത്. ഈ സീസണില്‍ ഇതുവരെ ആറു മത്സരം മാത്രം കളിച്ച താരം ഒമ്പത് ഗോളുകളാണ് നേടിയത്. ഞായറാഴ്ചയാണ് ലീഗ്കപ്പിലെ ഫൈനല്‍ നടക്കുന്നത്.


