ന്യുഡല്‍ഹി: ഡല്‍ഹിയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ വിചിത്രവാദവുമായി അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയില്‍. പ്രതി 20 വര്‍ഷം മുന്‍പ് വാസക്ടമി നടത്തിയതാണെന്നും അതിനാല്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് അറിയിച്ചു. പ്രതിക്ക് ലൈംഗികശേഷി ഉണ്ടോയെന്നറിയാന്‍ ഇന്നലെ പരിശോധന നടത്തി.
ഡല്‍ഹി വനിത ശിശുക്ഷേമ വികസന വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രമോദയ് ഖാഖ, ഭാര്യ സീമ റാണി എന്നിവരെ കോടതി ഇന്നലെ ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഖാഖയ്ക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് പറഞ്ഞു.
അതേസമയം, പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കാണാന്‍ അനുമതി നല്കാന് ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കണമെന്ന് വനിത കമ്മീഷന് സ്വാതി മലിവാള്‍ അമിത് ഷായോട് ആവശ്യപ്പെട്ടു. അന്വേഷണവും പ്രതിയുടെ അറസ്റ്റും വൈകിയതില്‍ അന്വേഷണം വേണം. പെണ്‍കുട്ടിയെ മെച്ചപ്പെട്ട ചികിത്സയ്ക്ക് എയിംസിലേക്ക് മാറ്റണമെന്നും അമിത് ഷായ്ക്ക് അയച്ച കത്തില്‍ മലിവാള്‍ ആവശ്യപ്പെടുന്ന.
സുഹൃത്തിന്റെ മകളെ 2020 നവംബര്‍ മുതല്‍ 2021 ജനുവരി വരെ പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തുവെന്നാണ് കേസ്. സുഹൃത്ത് മരിച്ചപ്പോള്‍ മകളുടെ സംരക്ഷണം ഏറ്റെടുത്ത് ഖാഖ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.






