
അദ്ധ്യാപിക സഹപാഠികളെ കൊണ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിപ്പിച്ച സംഭവത്തില്‍ അടികൊണ്ട കുട്ടിയുടെ വിവരം പുറത്തുവിട്ട വെബ്സൈറ്റിനെതിരേ കേസ്. ഏഴു വയസ്സുകാരന് മുസ്ളീം പയ്യന്റെ വ്യക്തിവിവരം പുറത്തുവിട്ട ഫാക്ട് ചെക്കിംഗ് വെബ്സൈറ്റായ ആള്‍ട് ന്യൂസിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. സ്കൂള്‍ ടീച്ചര്‍ ക്ലാസ്സിലെ ഹിന്ദു കുട്ടികളെ കൊണ്ടു മുസ്ളീം കുട്ടിയെ പറഞ്ഞു തല്ലിച്ച സംഭവത്തിന്റെ വീഡിയോ വൈറലായി പടരുകയും ടീച്ചര്‍ക്കും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും നേരെ പഴിയുയരുകയും ചെയ്തു.
സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ മുസാഫര്‍നഗര്‍ ജില്ലാ അധികൃതര്‍ക്ക് വിഷ്ണുദത്ത് എന്നയാള്‍ നല്കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഇരകളുടെ വിവരം പുറത്തുവിടരുതെന്നാണ് നിയമം. ഈ നിയമം ലംഘിക്കുച്ചത് ആറു മാസം തടവുശിക്ഷയും രണ്ടുലക്ഷം രൂപ വരെ പിഴ കിട്ടാവുന്നതുമായ കുറ്റമാണ്. വീഡിയോ പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായ സുബൈറിന് എതിരേയാണ് കേസ് വന്നിരിക്കുന്നത്. അതേസമയം തനിക്ക് കേസ് സംബന്ധമായ എന്തെങ്കിലും നോട്ടീസ് വന്നിട്ടില്ലെന്നും താനും വിവരമറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെ ആണെന്നും സുബൈര്‍ പറഞ്ഞു. സംഭവത്തില്‍ തനിക്ക് മുമ്പും പിമ്പുമായി അനേകര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. അവര്‍ക്ക് ആര്‍ക്കുമെതിരേ കേസ് എടുത്തിട്ടില്ലെന്നും പിന്നെന്തിനാണ് തന്റെ പേരില്‍ കേസെടുക്കുന്നതെന്നും ചോദിച്ചു.
ആഗസ്റ്റ് 25 നാണ് അദ്ധ്യാപിക തൃപ്തി ത്യാഗി ക്ലാസ്സിലെ ഹിന്ദു വിദ്യാര്‍ത്ഥികളെ കൊണ്ടു മുസ്ളീം വിദ്യാര്‍ത്ഥിയുടെ ചെകിട്ടത്ത് അടിപ്പിച്ചത്. ഇതിന്റെ വീഡിയോ പിന്നീട് വൈറലായി മാറുകയും ചെയ്തിരുന്നു. സംഭവത്തില്‍ ടീച്ചര്‍ക്കെതിരേയും സ്കൂളിനെതിരേയും പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ തൃപ്തി ത്യാഗിയെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവം വലിയ രീതിയില്‍ ശ്രദ്ധ കവരുകയും ടീച്ചറെ പുറത്താക്കണമെന്നും ശിക്ഷിക്കണമെന്നും ആവശ്യം ഉയരുകയും ചെയ്തിട്ടുണ്ട്. താന്‍ ഭിന്നശേഷിക്കാരിയായതിനാല്‍ തനിക്ക് ചെയ്യാന്‍ പറ്റാത്തത് കുട്ടികളെ കൊണ്ടു ചെയ്യിച്ചെന്നേയുള്ളെന്ന് ഇവര്‍ ന്യായീകരിക്കുകയും ചെയ്തിരുന്നു.





