
തൃശൂര്‍: തൃശൂര്‍ മൂര്‍ക്കനിക്കരയില്‍ ഓണാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഘത്തിലെ നാല്് പേര് അറസ്റ്റില്‍. അഖിലിനെ കൊലപ്പെടുത്തിയ അനന്തകൃഷ്ണന്, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് പിടിയിലായത്. പ്രതികളായ ഇരട്ട സഹോദരങ്ങള്‍ വിശ്വജിത്തും ബ്രഹ്മജിത്തും ഒളിവിലാണ്. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കുമ്മാട്ടി ആഘോഷവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുളയം സ്വദേശി അഖിലിനെ ഇന്നലെയാണ് സംഘം കുത്തിക്കൊലപ്പെടുത്തിയത്.
ഇന്നലെ രണ്ടു മണിക്കൂറിനുള്ളില്‍ തൃശൂരില്‍ മൂന്നിടത്താണ് അക്രമമുണ്ടായത്. കണിമംഗലം ഓവര്‍ ബ്രിഡ്ജിനു സമീപം നിരവധി ക്രിമിനല്‍ കേസ് പ്രതിയായ പുത്തോള്‍ സ്വദേശി കരുണാമയനെ (25) കുത്തിക്കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയിലാണ്. കരുണാമയനെ കുത്തിയ ആളെ തിരിച്ചറിഞ്ഞു.
മുറ്റിച്ചൂരില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ നിമേഷ് ഗുരുതരാവസ്ഥയില്‍ ജൂബിലി മിഷന് ആശുപത്രിയില്‍ ചികിത്സയിലാണ്.






