
ബുഡാപെസ്റ്റില്‍ ലോകചാംപ്യന്‍ഷിപ്പിലെ മികവ് സൂറിച്ചില്‍ പുറത്തെടുക്കാന്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് കഴിഞ്ഞില്ല. സൂറിച്ച് ഡയമണ്ട് ലീഗിലെ ജാവലിന്‍ മത്സരത്തില്‍ നീരജ് രണ്ടാം സ്ഥാനത്തായിപോയി. 85.71 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര രണ്ടാമത് എത്തിയത്.
85.86 മീറ്റര്‍ എറിഞ്ഞ ചെക്ക് റിപ്പബ്ളിക്കിന്റെ യാക്കൂബ് വാദ്ലെക്കിനാണ് സ്വര്‍ണ്ണം. ഹംഗറിയില്‍ നടന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി നാലു ദിവസങ്ങള്‍ക്ക് ശേഷമാണ് നീരജ് വെള്ളിമെഡലില്‍ അവസാനിച്ചത്. ഹംഗറിയില്‍ 88.17 എറിഞ്ഞ നീരജിന് സ്വിറ്റ്സര്‍ലന്റില്‍ ആ മികവ് പുറത്തെടുക്കാനായില്ല. 85 മീറ്ററില്‍ എത്താന്‍ പോലും താരം കഷ്ടപ്പെട്ടു. 88.77 ആണ് താരത്തിന്റെ ഏറ്റവും മികച്ച ദൂരം.
സൂറിച്ചില്‍ ആദ്യ ശ്രമത്തില്‍ 80.79 ആണ് എറിഞ്ഞത്. നാലാം റൗണ്ടില്‍ എറിഞ്ഞ 85.22 മീറ്ററാണ് താരത്തിന് രണ്ടാം സ്ഥാനം ഉറപ്പാക്കിയത്. അഞ്ചാമത്തെ ശ്രമം ഫൗളായിപ്പോയ താരം ആറാമത്തെ ഏറിലാണ് മീറ്റിലെ സ്വന്തം മികച്ച സമയമായ 85.71 നേടിയത്. എന്നാല്‍ ചെക്ക് എതിരാളി ഇതിനകം മികച്ച ദൂരം കുറിച്ചു കഴിഞ്ഞിരുന്നു. ജര്‍മ്മനിയുടെ ജൂലിയന്‍ വെബറാണ് മൂന്നാം സ്ഥാനം നേടിയത്. 84.92 ആയിരുന്നു ജര്‍മ്മന്‍താരം കുറിച്ച ദൂരം. ഡയമണ്ട് ലീഗിലെ രണ്ടാം സ്ഥാനം ഓവറോള്‍ നിലയിലും നീരജിനെ മൂന്നാമതാക്കി.
ജാവലില്‍ താരങ്ങളുടെ ഓവറോള്‍ നിലയില്‍ മൂന്നാമതാണ് നീരജിപ്പോള്‍. സൂറിച്ചില്‍ നിന്നും ഏഴു പോയിന്റ് കിട്ടിയ താരത്തിന് 23 പോയിന്റായി. ടോക്യോ ഒളിമ്പിക്സില്‍ നീരജിന് പിന്നില്‍ രണ്ടാമതായിരുന്നു വാദ്ലെക്ക് ഡയമണ്ട് ലീഗില്‍ തിരിച്ചടിച്ചപ്പോള്‍ ഓവറോള്‍ നിലയിലും ഒന്നാമതായി. 29 പോയിന്റാണ് ചെക്ക് താരത്തിന്റെ ഓവറോള്‍ നില. യൂറോപ്യന്‍ ഗെയിംസില്‍ അടുത്തിടെ സ്വര്‍ണ്ണമടിച്ച ജര്‍മ്മനിയുടെ ജൂലിയന്‍ വെബെറാണ് രണ്ടാം സ്ഥാനത്ത് നീരജിന് മുന്നിലുള്ള വെബറിന് 25 പോയിന്റുണ്ട്.






