
1961 സെപ്റ്റംബര്‍ അഞ്ചു മുതലാണ് ദേശീയ അധ്യാപക ദിനം ആചരിച്ചു തുടങ്ങിയത്. ഇന്ത്യയുടെ രണ്ടാമത്തെ ഉപരാഷ്ട്രപതിയും തത്വചിന്തകനും പേര് കേട്ട അധ്യാപകനും ആയിരുന്ന ഡോ സര്‍വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തിലാണ് ഇത് ആചരിക്കുന്നത്. അദ്ദേഹം ഉപരാഷ്ട്രപതി ആയി ചുമതല ഏറ്റെടുത്തതിന് ശേഷം അദ്ദേഹത്തിന്റെ ശിഷ്യരും അഭ്യുദയകാംക്ഷികളും ചേര്‍ന്ന്, തങ്ങളുടെ അധ്യാപകന് ലഭിച്ച പരമോന്നത ബഹുമതിയില്‍ സന്തോഷം പങ്കിടനായി ഓഫീസില്‍ എത്തുകയും അദ്ദേഹത്തെകണ്ട് ഒരു ആവശ്യം ഉന്നയിക്കുകയും ചെയ്തു. അതു മറ്റൊന്നുമായിരുന്നില്ല തങ്ങളുടെ എല്ലാമെല്ലാമായ അധ്യാപകന്റെ ജന്മദിനം വളരെ ആഘോഷപൂര്‍വം നടത്തണം എന്നുള്ളതായിരുന്നു. ശിഷ്യരുടെ ആവശ്യം കേട്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ ജന്മദിനം വ്യക്തിപരമായി ആഘോഷിക്കുന്നതിനോട് യോജിപ്പില്ല. എന്നാല്‍ രാജ്യത്തെ എല്ലാ അധ്യാപകര്‍ക്കും വേണ്ടിയുള്ളതാകട്ടെ ഈ ആഘോഷം. അങ്ങനെയാണ് സെപ്റ്റംബര്‍ അഞ്ച് ദേശീയ അധ്യാപക ദിനമായി ആചരിച്ചു തുടങ്ങിയത്.
ദേശീയ അധ്യാപക ദിനം ആചരിച്ചു തുടങ്ങിയിട്ട് ഇന്നേക്ക് അറുപത്തി രണ്ട് കൊല്ലം പിന്നിടുമ്പോള്‍ വിദ്യാഭ്യാസമേഖലയിലും അധ്യയന-അധ്യാപന മേഖലയിലും വന്നിട്ടുള്ള വളരെ ഗൗരവമുള്ള ചില വിഷയങ്ങളിലേക്ക് കടക്കാം.....
ഗുരു എന്ന വാക്കിന് ഭാരത സംസ്കാരത്തില്‍ മൂല്യമേറിയതും അനന്തവുമായ അര്‍ത്ഥതലങ്ങളുടെ വിശാലമായ കാഴ്ചപ്പാടുകള്‍ ഉണ്ട്. ഗുരു എന്നാല്‍ അന്ധകാരമാകുന്ന അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനമാകുന്ന പ്രകാശം പടര്ത്തുന്നവനെന്നാണ് അര്‍ത്ഥം. ഗുരു തന്റെ ശിഷ്യന് ആധ്യാത്മിക അനുഭൂതികളും ആധ്യാത്മിക ജ്ഞാനവും പകര്‍ന്നു നല്കുന്നവനുമാണ്. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ ആ ആധ്യാത്മിക ബന്ധങ്ങളുടെയും കാഴ്ചപ്പാടുകളുടെയും നിറം മങ്ങുന്ന കാഴ്ചകളാണ് കഴിഞ്ഞ കുറേ കാലങ്ങളായി നാം കണ്ടു വരുന്നത്.
ഗുരുകുല സമ്പ്രദായത്തില്‍ നിന്നും കൃത്രിമ ബുദ്ധിയുടെ പാഠശാലകളിലേക്കുള്ള മാറ്റം ലോകത്തു തന്നെ വിപ്ലവകരമായ മാറ്റം കൊണ്ട് വന്നിരിക്കുകയാണ്. കൃത്രിമബുദ്ധിയുടെ കാലത്ത് ലോക രാജ്യങ്ങളെല്ലാം ഒരേ കാഴ്ചപ്പാടോടും ലക്ഷ്യത്തോടും മുന്നേറുന്ന രംഗങ്ങളും നാടാടെയാണ്. അധ്യാപകര്‍ക്ക് പകരം റോബോര്‍ട്ടുകള്‍ ക്ലാസ് എടുത്തു തുടങ്ങി എന്നതും ഇതിന് മുന്നോടിയായി ചേര്‍ത്ത് വായിക്കണം.
സര്‍വരംഗങ്ങളിലും മൂല്യങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും മൂല്യച്യുതി വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കോവിഡിന്റെ വരവ് അതിന് പതിന്മടങ്ങ് ശക്തി കൂട്ടി എന്ന് വേണം കരുതാന്‍. വിദ്യാഭ്യാസ മേഖലയുടെ കാര്യമെടുത്താല്‍ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ അധ്യയയനവും അധ്യാപനവും തമ്മിലുള്ള അകലം വര്‍ധിപ്പിച്ചു എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.
കോവിഡിനുശേഷം പ്രത്യേകിച്ച് മൊബൈല്‍ യുഗത്തില്‍ കുട്ടികള്‍ക്കു വന്ന മാറ്റം അത്യപൂര്‍വമായ സംഭവമാണ്. പുതിയ തലമുറയ്ക്ക് അറിവിനപ്പുറമുള്ള തിരിച്ചറിവ് പകരാന്‍ പറ്റിയ അകക്കണ്ണും ഉള്ക്കാഴ്ചയുമുള്ളവരായി അധ്യാപക സമൂഹവും രക്ഷിതാക്കളും മാറേണ്ടതുണ്ട്. സൈബര്‍ യുഗത്തിലെ കുട്ടികളുടെ മനോഭാവവും അഭിരുചിയും കഴിഞ്ഞ നൂറ്റാണ്ടില്‍ ജനിച്ചവരില്‍ നിന്ന് ഏറെ വിഭിന്നമാണ്. അത് മനസ്സിലാക്കി മാത്രമേ ന്യു ജനറേഷനുമായി സംവദിക്കാനാകൂ. അധ്യാപകര്‍ നിരന്തരം സ്വയം നവീകരിച്ചാല്‍മാത്രമേ പുതിയ തലമുറയെ ശരിയായ വിധം വിദ്യ അഭ്യാസിപ്പിക്കാനാകൂ. അവരുടെ മാറ്റം മനസിലാക്കാതെ ചില അധ്യാപകരും രക്ഷിതാക്കളും നടത്തുന്ന അതിരു കടന്ന ഇടപെടലുകള്‍ മറ്റ് പല വിഷയങ്ങള്‍ക്കും കാരണമാകാറുണ്ട്.
കുട്ടികള്‍ക്ക് വേണ്ടിയുള്ള നിയമങ്ങളുടെ നൂലാമാലകള്‍ പേടിച്ച് നിസംഗതയോടെ മാറിനില്‍ക്കുന്ന അധ്യാപകരുടെ എണ്ണം ഓരോ ദിവസം കഴിയുംതോറും കൂടി വരുന്നു. സ്വന്തം കുട്ടികളുടെ പ്രശ്ന പരിഹാരം എങ്ങനെ സാധ്യമാക്കുന്നുവോ അത് പോലെ ആകണം മറ്റ് കുട്ടികളുടെ കാര്യത്തിലും. ഇവിടെയാണ് ഗുരു നിത്യചൈതന്യതിയുടെ വാക്കുകളുടെ പ്രസക്തി. തന്റെ മുന്നിലിരിക്കുന്ന കുട്ടികളെ സ്വന്തം കുട്ടികളായി കണ്ട് ചേര്‍ത്ത് നിര്‍ത്താന്‍ ഒരധ്യാപകന് കഴിയണം. അവിടെ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ എല്ലാം. പക്ഷേ എത്രപേര്‍ ആ ചുമതല കൃത്യമായി പാലിക്കുന്നുണ്ട് എന്നുള്ളത് ചോദ്യചിഹ്നംതന്നെയാണ്. കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധം അകന്നു പോകുന്ന കാഴ്ചകളാണ് ഭൂരിഭാഗവും കാണാന്‍ കഴിയുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ അടുത്ത ദിവസം എറണാകുളം മഹാരാജാസ് കോളജില്‍ നമുക്ക് കാണാന്‍ കഴിഞ്ഞത്. മുന്‍കാലങ്ങളിലും ഇത്തരം ശാരീരിക പരിമിതികള്‍ ഉള്ള അധ്യാപകര്‍ കുട്ടികളുടെ അവഹേളനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. ഇവിടെ ഒരു കുട്ടി മൊബൈലില്‍ അറിഞ്ഞോ അറിയാതയോ അത് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് അതു പുറംലോകം അറിഞ്ഞത്. ആക്ഷേപിച്ചതും അപമാനിച്ചതും കൂടാതെ പൊതുസമൂഹത്തിനു കൂടി പങ്കുവെച്ചത് എത്രയോ കിരാതമായ നടപടി ആയിപോയി. എല്ലാ കുട്ടികളും അങ്ങനെ ആണെന്ന് അഭിപ്രായമില്ല. അധ്യാപകരെ എറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നിരവധി കുട്ടികള്‍ കലാലയങ്ങളിലുണ്ട്.
ഈ സംഭവത്തിനുശേഷം കേരളത്തിലെ കാഴ്ച പരിമിതിയുള്ള അധ്യാപകര്‍ പങ്കുവച്ച അനുഭവങ്ങള്‍ വളരെ വേദനാജനകമാണ്. എല്‍.പി, യു.പി. ക്ലാസുകളിലെ കുട്ടികളുടെ ഇവരോടുള്ള പെരുമാറ്റം സഹിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി കോളജ് തലങ്ങളിലെ വിദ്യാര്‍ഥികളുടെ ഇവരോടുള്ള അവഹേളനങ്ങള്‍ അങ്ങനെ അല്ല. അവര്‍ എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോവുകയാണ്. പുതു തലമുറയില്‍ സഹാനുഭൂതിയും നന്ദിയും നഷ്ടപ്പെട്ടു പോകുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് ഇത്തരം സംഭവങ്ങള്‍ എന്ന് ഉറച്ചു വിശ്വസിക്കുന്നു.
''ഞാന്‍ ക്ലാസിലെത്തിയാല്‍ കുട്ടികള്‍ ക്ലാസില്‍ എഴുന്നേറ്റു നടക്കുന്നതും ബെഞ്ചുകളില്‍ മാറിമാറി ഇരിക്കുന്നതും പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അണിഞ്ഞൊരുങ്ങുന്നതും നിത്യ സംഭവമാണ്. ചിലര്‍ നീണ്ടു നിവര്‍ന്ന് ബെഞ്ചില്‍ കിടക്കുന്നതും ഞാന്‍ അറിഞ്ഞിട്ടുണ്ട്''- മലപ്പുറത്തെ കാഴ്ച പരിമിതയുള്ള ഒരദ്ധ്യാപകന് വേദനയോടെ പറഞ്ഞു. ഈ വിവരങ്ങള്‍ അദ്ദേഹത്തിന് കൈമാറിയത് ഒരു വിദ്യാര്‍ത്ഥി ആണെന്നതും ശ്രദ്ധേയമാണ്.
''ഞാന്‍ പഠിപ്പിക്കുന്ന വിഷയങ്ങളുടെ നോട്ട് ബുക്കോ പുസ്തകമോ കൊണ്ട് വരാത്തത്തും എന്റെ സമീപം വന്ന് നിന്ന് നൃത്തം ചെയ്യുന്നതും പ്ലാസ്റ്റിക് കുപ്പികള്‍ എറിഞ്ഞു കളിക്കുന്നതും നിത്യ സംഭവങ്ങളാണ്''- കോട്ടയത്തെ ഒരദ്ധ്യാപകന്റെ വാക്കുകളാണിത്.
എത്ര ബുദ്ധിമുട്ടുകളും പ്രതിസന്ധികളും തരണം ചെയ്തായിരിക്കും ഇത്തരം വ്യക്തികള്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചിട്ടുള്ളത്. അപ്പോള്‍ അവരെ സംരക്ഷിക്കേണ്ടതും അവര്‍ക്ക് സ്വസ്ഥമായി ജോലി ചെയ്യാനുള്ള അവസരം ഒരുക്കി കൊടുക്കേണ്ടതും ഇത്തരത്തിലുള്ള സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാനും അധികൃതരുടെ ഇടപെടലുകള്‍ ഉണ്ടായേ തീരൂ. ഈ അധ്യാപക ദിനത്തില്‍ അവര്‍ക്കുവേണ്ടി ആകട്ടെ നമ്മുടെ ശബ്ദം മുഴങ്ങുന്നത്. ഈ ദിനത്തില്‍ സര്‍ക്കാരിനോട് അഭ്യര്ഥിക്കുവാനുള്ളത് കാഴ്ചവരുമിതിയുള്ള അധ്യാപകര്‍ പഠിപ്പിക്കുന്ന ക്ലാസ് മുറികളില്‍ സി.സി. ടിവി ക്യാമറ സ്ഥാപിച്ച് അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ്. അവരും ജോലി ചെയ്തു ജീവിക്കട്ടെ.
(സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമാണ് ലേഖകന്‍. മൊബൈല്‍ ഫോണ്‍: 9496241070.)




