
ന്യൂഡല്‍ഹി: കന്നട നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യാസ്പന്ദന മരിച്ചതായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. രമ്യ എന്ന് കൂടി വിളിക്കപ്പെടുന്ന നടി മരിച്ചതായി ബുധനാഴ്ച സാമൂഹ്യമാധ്യമങ്ങളില്‍ ഉടനീളം വാര്‍ത്ത പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇത് വ്യാജവാര്ത്തായാണെന്ന് പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്ത് വരികയും നടി ജീവനോടെയുണ്ടെന്നും ജനീവയില്‍ ടൂറിലാണെന്നും വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്.
വ്യാജവാര്‍ത്തയുടെ നിജസ്ഥിതി ചോദിച്ചുകൊണ്ട് ആരാധകരും അവരുടെ അനുയായികളും എക്സില്‍ ചോദ്യം ഉന്നയിക്കാന്‍ തുടങ്ങിയതോടെ ദിവ്യാ സ്പന്ദന എന്ന ഹാഷ്ടാഗ് എക്സില്‍ ട്രെന്റിംഗായി മാറുകയും ചെയ്തു. എന്നാല്‍ നടിയുമായി ഉടന്‍ തന്നെ ബന്ധപ്പെട്ട ഒരു മാധ്യമപ്രവര്ത്തകന് അവര്‍ ജീവനോടെ ഇരിക്കുന്നതായി കൃത്യമായ വിവരം പങ്കുവെയ്ക്കുകയും ചെയ്തു. തന്റെ കോള്‍ കിട്ടുമ്പോള്‍ ദിവ്യ ജനീവയില്‍ സുഖമായ ഉറക്കത്തിലായിരുന്നെന്ന്് ഇയാള്‍ കുറിച്ചു.
അതേസമയം എവിടെ നിന്നാണ് ഈ മരണവാര്‍ത്ത പുറപ്പെട്ടതെന്ന് വ്യക്തമല്ല. അതേസമയം തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കാം എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കന്നഡത്തിലെ നടനും സംവിധായകനുമായ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന കഴിഞ്ഞമാസം ബാങ്കോക്കില്‍ മരണമടഞ്ഞിരുന്നു. പേരിലെ ഈ സാമ്യത മൂലം ഈ വാര്‍ത്ത കണ്ട് ചില എക്സ് ഉപയോക്താക്കള്‍ തെറ്റിദ്ധരിച്ച് ഇട്ട വാര്ത്തയായിരിക്കാമെന്നാണ് വിവരം. കന്നഡ നടി കൂടിയായ ദിവ്യാ സ്പന്ദന യൂത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നത് 2012 ല്‍ ആയിരുന്നു. ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമ വിഭാഗത്തിന്റെ നേതൃസ്ഥാനം കയ്യാളിയിരുന്നയാളാണ്. എന്നാല്‍ 2018 ല്‍ അവര്‍ പദവിവിടുകയും ചെയ്തിരുന്നു.
മുന്‍ ലോക്സഭാംഗമായ സ്പന്ദന അടുത്തിടെ ആത്മഹത്യാ ചിന്തകളുമായി മല്ലിടുന്നതിനെക്കുറിച്ച് തുറന്നുപറയുകയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തനിക്ക് വൈകാരിക പിന്തുണ നല്‍കിയതായും വെളിപ്പെടുത്തിയിരുന്നു. ''എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം എന്റെ അമ്മയാണ്, അടുത്തത് എന്റെ പിതാവാണ്, മൂന്നാമത്തേത് രാഹുല്‍ ഗാന്ധിയാണ്,'' അവര്‍ കൂട്ടിച്ചേര്‍ത്തു. കന്നഡ നടിയായ ഇവര്‍ വാരണം ആയിരം, ഡ്രീംസ് തുടങ്ങിയ തമിഴ് സിനിമയിലും നായികയായിരുന്നു.






